കോഴിക്കോട്: ജലാശയ മാലിന്യം തടയാൻ മൂന്ന് പദ്ധതികൾ ഒരുങ്ങി
text_fieldsകോഴിക്കോട്: ജലാശയങ്ങളിൽ മാലിന്യം പടരുന്നത് തടയാൻ കോർപറേഷൻ നടപ്പാക്കുന്ന മൂന്ന് പദ്ധതികളിൽ ആദ്യത്തേതിന് ടെൻഡറായി. വീടുകളിൽ സെപ്റ്റിക് ടാങ്ക് യൂനിറ്റ് നൽകാനുള്ള പദ്ധതിക്കാണ് ടെൻഡർ നടപടികൾ പൂർത്തിയായത്.
കിണർ റീചാർജിങ്, അടുക്കളയിൽനിന്നുള്ള മലിനജലം സംസ്കരിക്കാനുള്ള സോക് പിറ്റ് എന്നിവ സൗജന്യമായി അനുവദിക്കുന്ന പദ്ധതികളാണ് മറ്റ് രണ്ടെണ്ണം. മഴവെള്ളം അരിച്ചെടുത്ത് കിണറിലേക്ക് വിടാനും അടുക്കളയിലെ വെള്ളം അരിച്ചെടുത്ത് വിടാനുമുള്ള പദ്ധതിയാണിത്. കോഴിക്കോട് അടക്കം വിവിധ നഗരത്തിൽ ഭൂഗർഭജലത്തിന്റെ അളവും ഗുണവും കുറഞ്ഞുവരുന്നതായാണ് ജിയോളജിക്കൽ വകുപ്പിന്റെ പഠനങ്ങളിലുള്ളത്.
ഇത്തരം സ്ഥലങ്ങളിൽ കിണർ റീചാർജിങ്, സോക് പിറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവക്ക് പ്രാമുഖ്യം കൊടുക്കണമെന്ന് നിർദേശമുണ്ട്. അതടിസ്ഥാനത്തിലാണ് മൂന്ന് പദ്ധതികൾ തെരഞ്ഞെടുത്തതെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ.എസ്. ജയശ്രീ പറഞ്ഞു.
സെപ്റ്റിക് ടാങ്ക് സ്ഥാപിക്കൽ ടെൻഡർ വഴിയും മറ്റുള്ളവ അംഗീകൃത ഏജൻസികൾ വഴി സ്ഥാപിച്ചശേഷം ഉപഭോക്താക്കൾക്ക് നഗരസഭ പണം അക്കൗണ്ടിൽ നൽകുന്ന രീതിയിലുമാണ് നടപ്പാക്കുക. ജലാശയങ്ങളുടെ സമീപത്തെ വീടുകളിൽ കുഴി കക്കൂസുകളും മറ്റും ഒഴിവാക്കി സെപ്റ്റിക് ടാങ്ക് വെക്കാനാണ് മുൻഗണന നൽകുക. കനോലി, ബി.കെ തുടങ്ങിയ കനാലുകൾ പോലെയുള്ളിടത്താണ് മുൻഗണന. ആ ഭാഗങ്ങളിൽ മതിയായ അപേക്ഷകരില്ലെങ്കിൽ മറ്റു ഭാഗങ്ങളെയും പരിഗണിക്കും.
4,000 പേർക്കെങ്കിലും സെപ്റ്റിക് ടാങ്ക് 90 ശതമാനം സബ്സിഡിയോടെ നൽകാനാണ് ആലോചന. ജലാശയത്തിൽനിന്ന് അഞ്ച് മീറ്ററിനുള്ളിൽ താമസിക്കുന്നവരെയാണ് ആദ്യം പരിഗണിക്കുക. അപേക്ഷ ക്ഷണിച്ച് അതിൽനിന്ന് അർഹരായവർക്കാണ് സെപ്റ്റിക് ടാങ്ക് യൂനിറ്റ് അനുവദിക്കുക.
ഒരു മീറ്റർ വ്യാസവും 2.3 മീറ്റർ നീളവുമുള്ളതും ദിവസം 25 ഫ്ലഷിങ് ശേഷിയുള്ളതുമായ പ്രീഫാബ്രിക്കേറ്റഡ് സിന്തറ്റിക് സെപ്റ്റിക് ടാങ്ക് യൂനിറ്റ് സ്ഥാപിക്കാനാണ് പദ്ധതി. അപേക്ഷയിൽ ജലാശയത്തിൽനിന്ന് എത്ര അകലത്തിലാണ് താമസിക്കുന്നതെന്ന് രേഖപ്പെടുത്തുന്നത് നോക്കിയാണ് ഉപഭോക്താക്കളെ കണ്ടെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.