സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് കോഴിക്കോടും
text_fieldsകോഴിക്കോട്: പതിനാല് മുതൽ 65 വയസ്സു വരെ പ്രായമുള്ള എല്ലാവരും ഡിജിറ്റൽ സാക്ഷരതയുടെ അടിസ്ഥാന അറിവുള്ളവരായി മാറുന്ന ഡിജി കേരള പദ്ധതി നടപ്പാക്കാൻ കോർപറേഷനിൽ നടപടിയായി. ഇതിന്റെ ഭാഗമായി നടൻ ആസിഫലി ഡിജി കേരള പദ്ധതിയുടെ കോഴിക്കോട് കോർപറേഷൻ ബ്രാൻഡ് അംബാസഡറായി തീരുമാനിച്ചതായി സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. ഡിജി കേരള കോർപറേഷൻതല ഔദ്യോഗിക ഉദ്ഘാടനം 24ന് രാവിലെ 11ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എരഞ്ഞിപ്പാലം സി.ഡി.എ കോളനി പരിസരത്തു നിർവഹിക്കും.
30 വീതം വീടുകളെ ക്ലസ്റ്ററുകാളായി തിരിച്ച്, വളന്റിയർമാർ മൊബൈൽ ഫോൺ ഉപയോഗിക്കാനും മറ്റുമറിയാത്തവർക്ക് വീടുകളിലെത്തി സാക്ഷരത പകരും. വാർഡ്തലം മുതൽ കോർപറേഷൻ തലംവരെ എല്ലാവരും ഡിജി കേരളം പദ്ധതിയിലൂടെ സ്മാർട്ടാവും. വളന്റിയർ മുഖേന സർവേ നടത്തി ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്തി, അവർക്കു ഡിജിറ്റൽ സാക്ഷരതയുടെ അറിവുകൾ പകർന്നു നൽകുകയാണ് ലക്ഷ്യം. പദ്ധതിയിലൂടെ ഡിജിറ്റൽ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. സന്നദ്ധരായ മുഴുവനാളുകൾക്കും ഡിജി കേരളം പദ്ധതിയുടെ ഭാഗമാകാം.
കേരളപ്പിറവി ദിനത്തിൽ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായുള്ള ഡിജി കേരള പദ്ധതിയുടെ കോർപറേഷൻതല പോസ്റ്റർ പ്രകാശനം ഡിജി കേരള കോഴിക്കോട് കോർപറേഷൻ ബ്രാൻഡ് അംബാസഡർ നടൻ ആസിഫ് അലി നിർവഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.