ടൂറിസ്റ്റ് ബസ് അപകടം: അതിവേഗത്തിലായിരുന്ന ബസുകൾ കൂട്ടിയിടിച്ചത് ലൈറ്റില്ലാത്ത ട്രാഫിക് ജങ്ഷനിൽ
text_fieldsകോഴിക്കോട്: ചേവരമ്പലത്ത് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചത് ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്ത ബൈപാസ് ജങ്ഷനിൽ. അപകടത്തിൽ 40 പേർക്കാണ് പരിക്കേറ്റത്. പെരുമ്പാവൂരിൽനിന്ന് തിരുനെല്ലി, കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് തീർഥാടനത്തിന് പോവുകയായിരുന്ന എക്സ്േപ്ലാഡ് ബസും എറണാകുളത്തുനിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് കുറ്റിക്കാട്ടൂർ ഭാഗത്തേക്കു പോകുകയായിരുന്ന ചുങ്കം ട്രാവൽസിന്റെ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ പുലർച്ച 3.45ഓടെയാണ് അപകടം. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെ പരിക്കും ഗുരുതരമല്ല.
ചേവരമ്പലം ജങ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് പ്രവർത്തിച്ചിരുന്നില്ല. മലാപ്പറമ്പ് ഭാഗത്തുനിന്ന് വരുകയായിരുന്നു ചുങ്കം ട്രാവൽസിന്റെ ബസ്. തൊണ്ടയാട് ഭാഗത്തുനിന്നെത്തിയ എക്സ്േപ്ലാഡ് ബസ് ബൈപാസിൽനിന്ന് ചേവരമ്പലം ഭാഗത്തേക്കും വരുകയായിരുന്നു. അതിവേഗത്തിലായിരുന്ന ബസുകൾ ലൈറ്റില്ലാത്ത ട്രാഫിക് ജങ്ഷനിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എക്സ്േപ്ലാഡ് ബസ് മറിഞ്ഞു. ചുങ്കം ബസിന്റെ മുൻഭാഗം പൂർണമായി തകരുകയും ചെയ്തു. ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.
തിരുനെല്ലിക്കു പോകുകയായിരുന്ന ബസിലെ യാത്രക്കാരായ 30 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും കുറ്റിക്കാട്ടൂർ ബസിലെ യാത്രക്കാരിൽ 10 പേരെ ഇഖ്റ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിലുള്ളവർ: ശരത്ത് ദേവദാസ് (40), അശ്വതി (21), ശ്രീകുമാർ (33), മായ (43), സിനി (48), കൃഷ്ണൻകുട്ടി (57), സിന്ധു (47), അഭിനവ് (13), അനൂപ് (32), രത്നമ്മ (60), അജിത്കുമാർ (42), ഷൈല (50), ജിഷാദ് (36), രാജു (54), സിന (48), ഗീത (45), ഓമന (67), സജീവ് (33), രാജൻ (66), ഉഷാരാജ് (58), ഷീല (59), കൗസല്യ (57), നളിനി (67), സരസു (64), വിശാൽ (35), തങ്കമണി (66), സലോമി (56), അജു (30) എല്ലാവരും പെരുമ്പാവൂർ, സുരേഷ് (45) രാമനാട്ടുകര, കെ.പി. അബ്ദുൽ കരീം (60) മുണ്ടിക്കൽതാഴം.
ഇഖ്റ ആശുപത്രിയിലുള്ളവർ: ഹംദൻ, ഹാരിസ്, ഷബീർ (കോവൂർ), റിഷാൽ പാലാഴി, ഷാദ് (30), റൗഫ് (33), ഫാസിൽ (34), യൂനുസ് (33), മുഫീദ് (25), ഇനാം (34) (കുറ്റിക്കാട്ടൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.