കോഴിക്കോടിനെ ടൂറിസം ഹബായി വികസിപ്പിക്കും -സ്നേഹിൽ കുമാർ
text_fieldsകോഴിക്കോട്: കേരളത്തിലെ പ്രധാന ടൂറിസം ഹബായി കോഴിക്കോടിനെ മാറ്റുമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് കോഴിക്കോടിന് മാത്രമായി ടൂറിസം പദ്ധതി വികസിപ്പിക്കും. ഹെറിറ്റേജ് ടൂറിസം, കൾചറൽ ടൂറിസം, ഭക്ഷ്യ ടൂറിസം, പ്രകൃതി ടൂറിസം മേഖലകളിൽ കോഴിക്കോട്ട് വലിയ സാധ്യതകളാണ് നിലനിൽക്കുന്നത്. ഈ സാധ്യതകളെ പൂർണമായും പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് നടപ്പാക്കുക.
ഇവിടങ്ങളിൽ വൃത്തിയുള്ള ശൗചാലയങ്ങൾ സ്ഥാപിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും നല്ലരീതിയിൽ പരിപാലിക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്. അങ്ങനെ മാസങ്ങൾക്കുള്ളിൽ തന്നെ ഒരു കോഴിക്കോട് ബ്രാൻഡ് വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ചതിനാൽ അതുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തും. കടൽതീരത്ത് ഒരു പഞ്ചനക്ഷത്ര ഹോട്ടൽ വരേണ്ടതുണ്ട്. വിദേശ സഞ്ചാരികളെ ആകർഷിക്കാൻ അത്തരം സൗകര്യങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ് സംഘടിപ്പിച്ച ‘കലക്ടറോടൊപ്പം പ്രതീക്ഷയോടെ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗര സൗന്ദര്യവത്കരണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികൾ സംബന്ധിച്ച ആശയങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കലക്ടർ പറഞ്ഞു. എൻജിനീയർമാരും ആർക്കിടെക്ടുകളും പദ്ധതി പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. കോഴിക്കോട് നഗരത്തെ സംബന്ധിച്ചിടത്തോളം മാനാഞ്ചിറ സ്ക്വയർ ഒരു ലാൻഡ് മാർക്കാണ്. ഇത്തരം ഐക്കൺ സ്മാരകങ്ങൾ, കെട്ടിടങ്ങൾ ഇതെല്ലാം സൗന്ദര്യവത്കരണത്തിന്റെ ഭാഗമാകണം.
ദേശീയപാത വികസനത്തോടെ കോഴിക്കോട്ടേക്കുള്ള ഗതാഗതം സുഗമമാകും എന്നാണ് പ്രതീക്ഷ. അതുപോലെ നഗരത്തിനുള്ളിലെ ഗതാഗതവും സുഗമമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണം. കൂടാതെ ആക്സിഡന്റ് ഹോട്സ്പോട്ടുകൾ കണ്ടെത്താനുള്ള പദ്ധതി നടപ്പാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വിശദീകരിച്ചു.
മാലിന്യ സംസ്കരണത്തിന് മുൻകൈയെടുക്കേണ്ടത് ജനങ്ങളാണ്. ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ സഹകരണമുണ്ടായാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ. 2017ൽ താൻ അസിസ്റ്റന്റ് കലക്ടർ ആയിരിക്കുമ്പോൾ നിലനിന്നിരുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് കോഴിക്കോട് ഇപ്പോഴും നേരിടുന്നത്.
മാലിന്യം ഇടാൻ സ്ഥലമില്ല, മാലിന്യ സംസ്കരണ പദ്ധതികൾ വരുമ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകുന്നുണ്ട്. കോർപറേഷനായാലും പഞ്ചായത്തുകളായാലും നഗരസഭകളായാലും അവരവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അവർ തന്നെയാണ്. ഇതിനോട് സഹകരിക്കാൻ ജില്ല ഭരണകൂടത്തിന് കഴിയും.
ബീച്ചിലെത്തുന്നവർ മാലിന്യം അവിടവിടെ നിക്ഷേപിക്കുമ്പോൾ അങ്ങനെ ചെയ്യരുതെന്നു പറയേണ്ടത് ജനങ്ങളാണ്. ബിന്നുകൾ സ്ഥാപിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, അത് ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത് പൗരന്മാരുടെ കർത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചുരം സംരക്ഷണ സമിതി, മാർഷ്യൽ ആർട്സ് അക്കാദമി, നിറവ്, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് തുടങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ സംഘടനകൾ പങ്കെടുത്തു. ഗ്രേറ്റർ മലബാർ ഇനിഷ്യേറ്റിവ് ഭാരവാഹികളായ പി.സി. റഷീദ്, സി.എസ്. ആഷിഖ്, റോഷൻ കൈനടി, എ.കെ. നിഷാദ്, സനാഫ് പാലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.