കാത്തിരിക്കുന്നു, ചിത്രവർഷത്തിനായി...
text_fieldsകോഴിക്കോട്: നാലുപതിറ്റാണ്ടിലേറെയായി മലയാളികളുടെ കാതോരം പെയ്ത ചിത്രവർഷത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങി. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടെ സംഗീത ജീവിതത്തിന് ആദരമായി മാധ്യമം ഒരുക്കുന്ന ‘ചിത്രവർഷങ്ങളു’ടെ അഞ്ചാമത്തെ സീസണാണ് ശനിയാഴ്ച സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ അരങ്ങേറുക. 12 വർഷത്തിനു ശേഷമാണ് കെ.എസ്. ചിത്രയുടെ സമ്പൂർണമായ ഗാനാവിഷ്കാരം സംഗീതപ്രേമികളുടെ തട്ടകമായ കോഴിക്കോടിന്റെ മണ്ണിലെത്തുന്നത്.
ചലച്ചിത്ര താരങ്ങളായ മനോജ് കെ. ജയൻ, വിനോദ് കോവൂർ, ഗായകരായ കണ്ണൂർ ഷെരീഫ്, മേഘ്ന സുമേഷ്, നിഷാദ് കെ.കെ, ദാനാ റാസിഖ്, ചിത്ര അരുൺ, രാമു, വേദമിത്ര തുടങ്ങിയവരും ചിത്രവർഷത്തിൽ പങ്കെടുക്കും.
നാലു പതിറ്റാണ്ട് മലയാളികളെ മാത്രമല്ല, ദക്ഷിണേന്ത്യയെ മുഴുവൻ പാട്ടിലാക്കിയ ചിത്രയുടെ ഗാനജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പാട്ടിലൂടെ വേദിയിൽ അവതരിപ്പിക്കും. കോഴിക്കോട്ടെ ചലച്ചിത്രഗാന പ്രതിഭകളെയും ചടങ്ങിൽ ആദരിക്കുന്നുണ്ട്. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കും.
ചിത്രവർഷത്തിനു മുന്നോടിയായി നടത്തിയ ചിത്രപ്പാട്ട് മത്സരത്തിലെ വിജയികളും ചിത്രക്കൊപ്പം ഗാനങ്ങൾ ആലപിക്കും. ആയിരത്തോളം പേരിൽനിന്ന് തെരഞ്ഞെടുത്ത വിജയികളാണ് ഗാനമാലപിക്കുക. വൈകുന്നേരം 6.30നാണ് പരിപാടി ആരംഭിക്കുന്നത്. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
ഖത്തർ, സൗദി അറേബ്യ, ഷാർജ, തൃശൂർ എന്നിവിടങ്ങളിലാണ് ചിത്രവർഷത്തിന്റെ നാല് സീസണുകൾ അരങ്ങേറിയത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, മൈജി, സൈലം എന്നിവരാണ് മുഖ്യ സ്പോൺസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.