അത്ര സ്മാർട്ടല്ല കെ.എസ്.ഇ.ബിയുടെ സ്മാർട്ട് മീറ്റർ പദ്ധതി
text_fieldsകോഴിക്കോട്: സ്മാർട്ട് മീറ്റർ പദ്ധതി കെ.എസ്.ഇ.ബി വഴി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. 2025നുള്ളിൽ രാജ്യത്തെ മുഴുവൻ മീറ്ററുകളും സ്മാർട്ട് മീറ്ററാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിനനുസരിച്ചാണ് ടോട്ടക്സ് രീതിയിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും മീറ്റർ ഘടിപ്പിക്കാനൊരുങ്ങുന്നത്.
കരാറെടുക്കുന്ന കമ്പനി മുൻകൂറായി മുഴുവൻ ചെലവും വഹിക്കുകയും ഈ തുക ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതി ബില്ലിനൊപ്പം പിന്നീട് ഈടാക്കുന്നതുമാണ് ടോട്ടക്സ് രീതി. അതനുസരിച്ച് ഒരു മീറ്ററിന് ചെലവാകുന്ന 9400 രൂപ മാസബില്ലിനൊപ്പം ഉപഭോക്താക്കളിൽനിന്ന് തിരിച്ചുപിടിക്കാനാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ ഉപഭോക്താവിന്റെ ഓരോ ബില്ലിലും 200 രൂപയുടെ വർധനയെങ്കിലും ഉണ്ടാകുമെന്ന് നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻഡ് എൻജിനിയേഴ്സ് ആരോപിക്കുന്നു. കരാറെടുക്കുന്ന കമ്പനി മുഴുവൻ തുകയും ആദ്യം വഹിക്കുമെന്നതാണ് ഇതിന്റെ ഗുണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കരാറുകാർ പദ്ധതി ചെലവും ലാഭവും അടക്കമുള്ള തുക തിരിച്ചുപിടിക്കുമെന്നതിനാൽ ഉപഭോക്താവായിരിക്കും ഈ ഭാരം മുഴുവൻ വഹിക്കേണ്ടി വരുക.
കെ.എസ്.ഇ.ബിയുടെ 95 ലക്ഷത്തോളം വരുന്ന ഗാർഹിക ഉപഭോക്താക്കളിൽ 58 ലക്ഷത്തോളം പ്രതിമാസം 100 യൂനിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. ഇതിൽ 27 ലക്ഷം പേർ 50 യൂനിറ്റിൽ താഴെ ഉപയോഗിക്കുന്നവരാണ്.
ഇവരുടെ പ്രതിമാസ വൈദ്യുതി നിരക്ക് 150 രൂപയിൽ താഴെയാണ്. സ്മാർട്ട് മീറ്ററിന്റെ പണംകൂടി അടക്കേണ്ടി വരുന്നതോടെ ഇവരുടെ വൈദ്യുതി നിരക്ക് ഇരട്ടിയായി ഉയരും. മീറ്ററും അനുബന്ധ സജ്ജീകരണങ്ങളും കണക്ടിവിറ്റിയും ബിൽ തയാറാക്കുന്നതിനുള്ള സോഫ്റ്റ് വെയറുമടക്കം എല്ലാം കരാറെടുക്കുന്ന കമ്പനിയുടെ ചുമതലയായിരിക്കും. ഇതോടെ വൈദ്യുതി ബോർഡിന്റെ റവന്യൂ വിഭാഗം ചെയ്യുന്ന ജോലികളെല്ലാം പുറംകരാർ കൊടുക്കുന്നതിലൂടെ റവന്യൂ വിഭാഗത്തിന്റെ സ്വകാര്യവത്കരണം തന്നെയായിരിക്കും ഫലത്തിൽ സംഭവിക്കുക.
മാത്രമല്ല, കെ.എസ്.ഇ.ബി ഈ വർഷം കേന്ദ്രാനുമതിക്കായി 11,500 കോടിയുടെ പദ്ധതികളാണ് സമർപ്പിച്ചിട്ടുള്ളത്. ഇതിൽ 8000 കോടി രൂപയുടെ പദ്ധതി സ്മാർട്ട് മീറ്ററിനുവേണ്ടിയും 3500 കോടിയുടെ പദ്ധതി നെറ്റ് വർക്ക് വികസനത്തിനുമായാണ് സമർപ്പിച്ചിട്ടുള്ളത്. സ്മാർട്ട് മീറ്റർ പദ്ധതിക്ക് ചെലവഴിക്കുന്ന തുകയുടെ 15 ശതമാനം മാത്രം ഗ്രാന്റായി ലഭിക്കുമ്പോൾ നെറ്റ് വർക്ക് വികസനത്തിന് 60 ശതമാനത്തോളം തുക ഗ്രാന്റായി ലഭിക്കും. എന്നിട്ടും വൈദ്യുതി ബോർഡ് മാനേജ്മെന്റ് സ്മാർട്ട് മീറ്റർ പദ്ധതിക്ക് മുൻഗണന നൽകുന്നതെന്തിനാണെന്നാണ് ഉയരുന്ന ചോദ്യം. ഈ പ്രശ്നത്തിനുള്ള പരിഹാരവും കോഓഡിനേഷൻ കമ്മിറ്റിതന്നെ മുന്നോട്ടുവെക്കുന്നുണ്ട്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ സിഡാക് കെ.എസ്.ഇ.ബിയുമായി ചേർന്ന് കുറഞ്ഞ ചെലവിൽ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് സ്മാർട്ട് മീറ്റർ നിർമിച്ച് ഉപഭോക്താക്കൾക്ക് നൽകണമെന്നാണ് ആവശ്യം. ഏകദേശം 1500 രൂപയോളം മാത്രമായിരിക്കും ഇതിന് ചെലവ് വരുക.
സംസ്ഥാനത്തിന് ഇത്തരത്തിലൊരു ബദൽ നയം ചൂണ്ടിക്കാണിക്കാവുന്നതാണെന്ന് കോഓഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇ. മനോജ് പറഞ്ഞു. വൈദ്യുതി രംഗത്തെ സമ്പൂർണ സ്വകാര്യവത്കരണമാണ് കേന്ദ്രസർക്കാർ ലക്ഷ്യംവെക്കുന്നത്. ഈ വഴിയിലേക്കുതന്നെ വൈദ്യുതി ബോർഡും നീങ്ങുന്നത് സങ്കടകരമാണെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുടെയും നിലപാട്. ഇതിനെതിരെ സംസ്ഥാനത്തുടനീളം പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ യൂനിയനുകളുടെ കോഓഡിനേഷൻ കമ്മിറ്റി. ജില്ലയിൽ ജൂലൈ മൂന്നു മുതൽ അഞ്ചുവരെ സമരസന്ദേശ ജാഥ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.