കെ.എസ്.ആർ.ടി.സി കെട്ടിടം: ബലക്ഷയ വിവാദത്തിന് ഒരു വയസ്സ്; പരിഹാരം അനിശ്ചിതത്വത്തിൽ
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി കെട്ടിടത്തിന്റെ ബലക്ഷയം കണ്ടുപിടിച്ച് ഒരു വർഷം പൂർത്തിയാവുമ്പോഴും പ്രശ്നപരിഹാരം അകലെ. കൂറ്റൻ വ്യാപാര സമുച്ചയം ഉപയോഗിക്കാതെ കിടക്കുമ്പോൾ സർക്കാറിന് പ്രതിമാസം 43 ലക്ഷം വരുമാന നഷ്ടം.
ചെന്നൈ ഐ.ഐ.ടി റിപ്പോർട്ട് പ്രകാരം കെട്ടിടം ബലപ്പെടുത്തൽ നടപടികൾ ആരംഭിക്കാൻ സർക്കാർ ആദ്യം തീരുമാനമെടുത്തെങ്കിലും വിഷയം പഠിക്കാൻ വീണ്ടും ഉപസമിതിയുണ്ടാക്കി അവരുടെ റിപ്പോർട്ടിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലും പ്രശ്നപരിഹാരത്തിന് തീരുമാനമെടുക്കാനാവാതെ കുഴങ്ങിയ സർക്കാർ വീണ്ടും ഐ.ഐ.ടിയുടെ റിപ്പോർട്ടിനായി കാത്തിരിക്കയാണ്. ഐ.ഐ.ടി സംഘം തൂണുകളുടെ ബലപരിശോധന നടത്തിയെങ്കിലും അതിന്റെ റിപ്പോർട്ട് ഇതുവരെ സർക്കാറിന് സമർപ്പിച്ചിട്ടില്ല.
ഏറ്റവുമൊടുവിൽ ഒക്ടോബർ രണ്ടാം വാരം റിപ്പോർട്ട് ലഭിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞിരുന്നെങ്കിലും പിന്നീടൊരനക്കവുമുണ്ടായില്ല. ഐ.ഐ.ടിയുടെ ഫൈനൽ റിപ്പോർട്ട് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നാണ് കെ.ടി.ഡി.എഫ്.സി അധികൃതർ നൽകുന്ന സൂചന.
ബലക്ഷയം സംബന്ധിച്ച വിവാദം കൊടുമ്പിരിക്കൊണ്ട് സ്വയം അവസാനിച്ചതല്ലാതെ പ്രശ്നപരിഹാരത്തിലേക്കടുക്കാൻ സർക്കാറിന് ആയില്ല എന്നതാണ് വസ്തുത. 2015ൽ ഉദ്ഘാടനം കഴിഞ്ഞ് ലീസ് നടപടികൾ പൂർത്തിയാക്കാനാവാതെ ആറു വർഷം വെറുതെ കിടന്ന കെട്ടിടം 2021 ആഗസ്റ്റിലാണ് സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നൽകി കെട്ടിടം കൈമാറിയത്.
ഇതു കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴേക്കും ബലക്ഷയ റിപ്പോർട്ട് പുറത്തുവന്നു. പിന്നെ വിവാദങ്ങളും സമരങ്ങളുമായി. ബലക്ഷയ പ്രശ്നം പരിഹരിക്കാൻ കെട്ടിടവും ബസ് സ്റ്റാൻഡും ഉടൻ ഒഴിപ്പിക്കാൻ സർക്കാർ തീരുമാനം വന്നു.
ഇതിനെതിരെ ഇടതു തൊഴിലാളിസംഘടനകളടക്കം പ്രക്ഷോഭം ആരംഭിച്ചു. നിർമാണത്തിലെ വീഴ്ചക്ക് കാരണക്കാരായവർക്കെതിരെ നടപടിക്ക് സർക്കാർ ശിപാർശ വന്നു. പക്ഷേ, ഒരു നടപടിയും ആർക്കെതിരെയുമുണ്ടായില്ല.
കെട്ടിടം പാട്ടത്തിനെടുത്തവരിൽനിന്ന് വാടക പിരിക്കാൻ നിലവിൽ സർക്കാറിനാവില്ല. അറ്റകുറ്റപ്പണി തീർത്ത് കെട്ടിടം വീണ്ടും കൈമാറി ഒന്നരവർഷം കഴിയുമ്പോഴേ വാടക നൽകേണ്ടതുള്ളൂ എന്നാണ് കരാർ. അതേസമയം പാർക്കിങ്, ടോയ്‍ലറ്റ്, ഹോട്ടൽ എന്നിവയിൽനിന്നുള്ള വരുമാനം നിലവിൽ പാട്ടക്കരാർ കമ്പനിക്കാണ് ലഭിക്കുന്നത്. 43 ലക്ഷം രൂപയാണ് പ്രതിമാസം പാട്ടക്കരാർ കമ്പനി സർക്കാറിന് നൽകേണ്ട വാടക.
പ്രശ്നപരിഹാരം നീളുന്നതിനനുസരിച്ച് വാടകയിനത്തിൽ ലഭിക്കേണ്ട വരുമാനം സർക്കാറിന് നഷ്ടപ്പെടുകയാണ്. പൊതുമുതൽ നശിച്ചുകൊണ്ടിരിക്കുകയുമാണ്. മൂന്ന് മന്ത്രിമാരുള്ള നഗരത്തിലാണ് കോടികളുടെ സർക്കാർ മുതൽ ഭാർഗവീനിലയമായി മാറുന്നത്. പ്രശ്നപരിഹാരത്തിന് മന്ത്രിമാർക്കൊന്നും ഒരു ഇടപെടലും നടത്താനാവുന്നില്ല.
കെ.എസ്.ആർ.ടി.സി ബസ് ടെര്‍മിനല്‍ അഴിമതി: രണ്ടാംഘട്ട സമരം നടത്തുമെന്ന് കോൺഗ്രസ്
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ടെര്‍മിനല്‍ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് രണ്ടാംഘട്ട സമരം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അഴിമതി അന്വേഷണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ നവംബര്‍ ഒമ്പതിന് രാവിലെ പത്തിന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ടെര്‍മിനലിനു മുന്നില്‍ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കെ.എസ്.ആർ.ടി.സി ടെര്‍മിനലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വന്‍ അഴിമതി ആരോപണങ്ങള്‍ തെളിവുകള്‍ സഹിതം പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചതാണ്.
വിവാദ കരാര്‍ പുനഃപരിശോധിക്കുമെന്നും ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും മന്ത്രി ഉള്‍പ്പെടെയുള്ള അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.