കെ.എസ്.ആർ.ടി.സി ബസ് ഓൺ ഡിമാൻഡ്; ജില്ലയിൽ ആദ്യ സർവിസ് ഇന്നു മുതൽ
text_fieldsകോഴിക്കോട്: ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ ആദ്യ ബസ് ഒാൺ ഡിമാൻഡ് (ബോണ്ട്) സർവിസിന് ഇന്ന് തുടക്കം. തൊട്ടിൽപാലത്തുനിന്ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്കാണ് ആദ്യ സർവിസ്. 50ഒാളം യാത്രക്കാരെയുമായി ബസ് രാവിലെ 9.45 ഒാടെ സിവിൽസ്റ്റേഷന് മുന്നിലെത്തും. ജില്ല കലക്ടർ ബസിനെ സ്വീകരിക്കും.
ഒക്ടോബർ അഞ്ചിന് തലശ്ശേരി-കാലിക്കറ്റ് യൂനിവേഴ്സിറ്റി, തിരുവമ്പാടി-കോഴിക്കോട് സിവിൽ സ്റ്റേഷൻ, താമരശ്ശേരി-നരിക്കുനിവഴി സിവിൽ സ്റ്റേഷൻ സർവിസുകൾ തുടങ്ങും. ഏഴാം തീയതി വടകര-കൽപറ്റ സിവിൽ സ്റ്റേഷൻ, കുന്ദമംഗലം- കാലിക്കറ്റ് യൂനിവേഴ്സിറ്റി സർവിസുകൾക്ക് തുടക്കമാവും.
വടകര-കോഴിക്കോട് സിവിൽ, ബാലുേശ്ശരി സിവിൽ, താമരശ്ശേരി-കൊടുവള്ളി -കോഴിക്കാട് സിവിൽ സ്റ്റേഷൻ സർവിസുകൾ ഉടൻ ആരംഭിക്കുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഒാഫിസർ ജോഷി ജോൺ 'മാധ്യമ'ത്തോടുപറഞ്ഞു. സ്ഥിരം യാത്രക്കാർക്കു വേണ്ടിയുള്ള നോൺസ്റ്റോപ് സർവിസാണിത്. മറ്റ് യാത്രക്കാരെ ഇൗ ബസിൽ കയറ്റില്ല.
കോവിഡ് സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചാവും സർവിസ്. യാത്രക്കാർക്ക് പ്രത്യേക സുരക്ഷ ഇൻഷുറൻസ്, വൈ ഫൈ സേവനം, സ്ഥിരം സീറ്റ്, വീട്ടിനടുത്തോ, ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തോ നിന്ന് യാത്രക്കാർക്ക് ബസിൽ കയറാനുള്ള സൗകര്യം, വാട്സ് ആപ് വഴി ലൊക്കേഷൻ അറിയിക്കാനുള്ള സൗകര്യം എന്നിവ ബസ് ഒാൺ ഡിമാൻഡ് യാത്രക്കാർക്കുള്ള ആനുകൂല്യങ്ങളാണെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കിയിരുന്നു.
രാവിലെ ഒാഫിസിലെത്തിച്ച് വൈകുന്നേരം തിരിച്ച് വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് ബോണ്ട് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സർവിസ് നടത്തുന്ന ജില്ലയായി കോഴിക്കോട് മാറും. ജില്ലയിലെ അഞ്ച് ഡിപ്പോകളിൽനിന്ന് രണ്ടു പേരെ വീതം നിയോഗിച്ച് പത്തംഗ ടീം രൂപവത്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ല ട്രാൻസ്പോർട്ട് ഒാഫിസറുടെ നേതൃത്വത്തിൽ കെ. ശശി, എം. സുധീഷ് (താമരശ്ശേരി ഡിപ്പോ), എൻ.കെ. ഗിരീഷ്കുമാർ, പി.പി. സജീവ് (തൊട്ടിൽപാലം ഡിപ്പോ), കെ.എം. ശിഹാബുദ്ദീൻ, കെ. അയ്യൂബ് (തിരുവമ്പാടി ഡിപ്പോ), ടി.വി. ദിനേഷ് ബാബു, കെ. സുധീഷ്കുമാർ (വടകര ഡിപ്പോ), കെ. കൃഷ്ണൻ, താജുദ്ദീൻ (കോഴിക്കോട് ഡിപ്പോ) എന്നിവരാണ് ടീമംഗങ്ങൾ. കോഴിക്കോട് ഡിപ്പോയിലെ കെ. ഉണ്ണിയാണ് കൺവീനർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.