ബലക്ഷയം: സമരഭൂമിയായി കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ
text_fieldsകോഴിക്കോട്: ബലക്ഷയഭീതിക്കിടെ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ സമരഭൂമിയായി മാറി. വിവിധ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇടതുവലത് തൊഴിലാളി സംഘടനകൾ ഒരേ ആരോപണമാണ് ഉന്നയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കെ.എസ്.ആർ.ടി.സിയെ ഇവിടെ നിന്ന് കുടിയിറക്കി പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സിനെ സഹായിക്കുകയാണ് സർക്കാറെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടുത്ത ശനിയാഴ്ച കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ സമരം ഉദ്ഘാടനം ചെയ്യാനെത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണം കൂടി, കെ.എസ്.ആർ.ടി.സി പഴയ പ്രതാപത്തിലേക്ക് ഉയരുന്നതിനിടെയാണ് സ്റ്റാൻഡിന് കുടിയിറക്കൽ ഭീഷണി.
ജുഡീഷ്യൽ അന്വേഷണം വേണം; പ്രത്യക്ഷസമരം തുടങ്ങും –കോൺഗ്രസ്
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിനെ ഇല്ലാതാക്കി കെട്ടിടസമുച്ചയത്തെ ഷോപ്പിങ് മാൾ മാത്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഷോപ്പിങ് സമുച്ചയത്തിെൻറ സൗകര്യത്തിനായി ബസ്സ്റ്റാൻഡിനെ നിലവിലെ സ്ഥലത്തുനിന്ന് മാറ്റാന്‍ ഗൂഢനീക്കം നടക്കുന്നുണ്ട്. കെട്ടിടസമുച്ചയത്തിെൻറ നടത്തിപ്പവകാശമുള്ള അലിഫ് കമ്പനിയെ സഹായിക്കാന്‍ സി.പി.എം നേതൃത്വത്തിലാണ് കരാർ ഉണ്ടാക്കിയത്. കരാറിൽ ഇടനിലക്കാരായി നിന്നത് ചില പ്രമുഖ സി.പി.എം നേതാക്കളാണ്. ഇതിലൂടെ കോടികളുടെ ലാഭം പാർട്ടിക്ക് കിട്ടി. കഴിഞ്ഞ സർക്കാറിെൻറ കാലത്തെ ഒരു മന്ത്രിക്ക് കരാറിൽ വ്യക്തമായ പങ്കുണ്ട്. ഇപ്പോൾ മന്ത്രിസഭയിലുള്ള ഒരു പ്രമുഖൻ കരാറിൽ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പലതും മൂടിവെക്കുകയാണ്. മദ്രാസ് െഎ.െഎ.ടിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം.
നിർമാണത്തിൽ അപാകത നടന്നിട്ടുണ്ടെങ്കിൽ പാലാരിവട്ടം പാലത്തിന് സമാനമായ നടപടി ഇവിടെയും സ്വീകരിക്കണം. കെട്ടിടനിർമാണത്തിലെ പാളിച്ചയും കരാറിലെ അഴിമതിയും പുറത്തുകൊണ്ടുവരണം. സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണമാണ് കോൺഗ്രസിെൻറ ആവശ്യം. ശക്തമായ സമരപരിപാടികൾക്കാണ് ജില്ല കോൺഗ്രസ് കമ്മിറ്റി രൂപംകൊടുത്തിരിക്കുന്നത്. പ്രക്ഷോഭത്തിെൻറ ആദ്യഘട്ടമായി ശനിയാഴ്ച െെവകീട്ട് മൂന്നിന് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് മുന്നിൽ പ്രതിഷേധ സംഗമം നടക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി നേതൃത്വത്തിൽ ജനാധിപത്യ– മതേതര, സാംസ്കാരിക സംഘമെന്ന പേരിൽ സ്വതന്ത്ര സാംസ്കാരിക സംഘടനക്ക് രൂപം കൊടുത്തതായും പ്രവീൺകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബസ് ടെർമിനലിനെ ബിസിനസ് സെൻററാക്കി മാറ്റാൻ നീക്കം –സി.ഐ.ടി.യു
കോഴിക്കോട്: മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടിെൻറ മറവിൽ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനെ വെറും ബിസിനസ് സെൻററാക്കി മാറ്റാൻ നീക്കംനടക്കുകയാണെന്ന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ജില്ല െസക്രട്ടറി സി.എ. പ്രമോദ് പറഞ്ഞു. വലിയ ഗൂഢാലോചന കെ.എസ്.ആർ.ടി.സിക്കെതിരെ നടക്കുന്നതായി സംശയിക്കുന്നു. കെ.ടി.ഡി.എഫ്.സി കൊള്ളപ്പലിശ വാങ്ങി കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാവൂർ റോഡ് ബസ് ടെർമിനലിൽ നടന്ന കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമാണ വൈകല്യത്തിെൻറ ബാധ്യത കെ.എസ്.ആർ.ടി.സിയുടെ തലയിൽ കെട്ടിവെക്കാൻ തൊഴിലാളികൾ സമ്മതിക്കില്ല. കെ.എസ്.ആർ.ടി.സി, കെ.ടി.ഡി.എഫ്.സി എം.ഡിമാർ ഇൗ വിഷയത്തിൽ ഒത്തുകളിക്കുകയാണെന്നും സി.എ. പ്രമോദ് കുറ്റപ്പെടുത്തി. സർക്കാർ ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച പി. അജിത് കുമാർ പറഞ്ഞു.
പി. റഷീദ്, എ. സനൂപ്, വി. ബാബുരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
കോർപറേഷൻ അനുമതി നൽകിയില്ല; ഉമ്മൻ ചാണ്ടി സർക്കാർ അനുമതിക്ക് ഉത്തരവിട്ടു
കോഴിക്കോട്: ചട്ടം ലംഘിച്ച് നിർമിച്ച കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ സമുച്ചയത്തിന് കോഴിക്കോട് കോർപറേഷൻ അനുമതി നിഷേധിച്ചപ്പോൾ ക്രമവത്കരിച്ചുകൊടുത്തത് ഉമ്മൻ ചാണ്ടി സർക്കാർ.
കെ.എസ്.ആർ.ടി.സി കെട്ടിടസമുച്ചയത്തിന് 2015ൽ സംസ്ഥാന സർക്കാർ നിർദേശപ്രകാരം കോർപറേഷൻ അനുമതി നല്‍കുകയായിരുന്നു. പിഴവുകളുള്ളതിനാൽ കെട്ടിടത്തിന് അനുമതി നല്കാനാവില്ലെന്നായിരുന്നു കോർപറേഷന് നിലപാട്. പിഴവുകള്‍ക്ക് പരിഹാരമായി 12.82 കോടി രൂപ പിഴയടക്കണമെന്നും കോർപറേഷൻ നിർദേശിച്ചിരുന്നു. എന്നാൽ, പിഴ ഒഴിവാക്കി അനുമതിനൽകാൻ തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന എ.പി. മുഹമ്മദ് ഹനീഷാണ് ഉത്തരവിട്ടത്. റോഡില്‍നിന്നുള്ള ദൂരപരിധി, പാർക്കിങ് എന്നിവയില്‍ ചട്ടം പാലിച്ചില്ലെന്നായിരുന്നു കോർപറേഷെൻറ കണ്ടെത്തല്‍.
അടിത്തൂൺ പൊളിച്ച് തട്ടിക്കൂട്ട് എസ്കലേറ്റർ
കോഴിക്കോട്: ചട്ടം ലംഘിച്ച് നിർമിച്ച കെ.എസ്.ആർ.ടി.സി ടെർമിനലിെൻറ അടിത്തൂൺ ചെത്തിയിളക്കി എസ്കലേറ്റർ നിർമിച്ചു. 10 നില കെട്ടിടത്തിെൻറ ഗ്രൗണ്ട് േഫ്ലാറിലാണ് കമ്പിയടക്കം കുത്തിയിളക്കി എസ്കലേറ്റർ നിർമിച്ചത്.
എസ്കലേറ്ററിന് സ്ഥലം നഷ്ടപ്പെടാതിരിക്കാനാണ് ഈ അശാസ്ത്രീയ നിർമിതിയെന്ന് തൊളിലാളികൾ ചൂട്ടിക്കാട്ടി.
തൂണുകൾക്ക് വിള്ളൽ വീഴാനിടയായത് ഇതുെകാണ്ടാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
ഇത്രയും വലിയ കെട്ടിടത്തിന് ആവശ്യമാല എസ്കലേറ്റർ സംവിധാനിച്ചില്ല. പ്ലാൻ അനുവദിച്ചുകിട്ടുന്നതിെൻറ ഭാഗമായി തൽക്കാലം തട്ടിക്കൂട്ട് എസ്കലേറ്റർ സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. കെ.ടി.ഡി.എഫ്.സിയുടെ കുതന്ത്രമാണ് ഇതെല്ലാം കാണിക്കുന്നതെന്ന് സി.ഐ.ടി.യു നേതാവ് പി. റഷീദ് പറഞ്ഞു.
യുവമോർച്ച മാർച്ചിനുനേരെ ജലപീരങ്കി
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലേക്ക് യുവമോർച്ച ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ശ്രീകണ്ഠേശ്വര ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കെ.എസ്.ആർ.ടി.സിക്ക് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് നീക്കി സമുച്ചയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെട്ടിടസമുച്ചയം പൂർണമായും സ്വകാര്യ വാണിജ്യ കേന്ദ്രമാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. അലിഫ് ബിൽഡേഴ്സിന് പിന്നിൽ ഭരണ-പ്രതിപക്ഷ ബിനാമികളാണുള്ളത്. രാഷ്ട്രീയ- നിയമ പോരാട്ടത്തിന് ബി.ജെ.പി തയാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ച ജില്ല പ്രസിഡൻറ് ടി. രനീഷ്, ജനറൽ സെക്രട്ടറിമാരായ ഹരിപ്രസാദ് രാജ, ജുബിൻ ബാലകൃഷ്ണൻ, ബി.ജെ.പി നോർത്ത് മണ്ഡലം പ്രസിഡൻറ് കെ. ഷൈബു എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് ജനകീയ വിചാരണ
കോഴിക്കോട്: ബലക്ഷയത്തിെൻറ പേരിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഒഴിവാക്കി ഷോപ്പിങ് സെൻറാക്കി മാറ്റാനുള്ള ഗൂഢാലോചന നടക്കുന്നതായി കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നോർത്ത് നിയോജകമണ്ഡലം കമ്മിറ്റി ബസ് ടെർമിനലിൽ നടത്തിയ 'ജനകീയ വിചാരണ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.എം നിമേഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി പി.വി. വിനീഷ് കുമാർ, ഷിബു നടക്കാവ്, അഷ്റഫ് എടക്കാട്, മുഹമ്മദ് ഹസീബ്, ജാസിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.