കെ.ടി.ഡി.എഫ്.സി കനിഞ്ഞാൽ ജയിൽ ഭക്ഷണ കൗണ്ടർ
text_fieldsകോഴിക്കോട്: വിലക്കുറവും മികച്ച ഗുണനിലവാരവുമുള്ള ജയിൽ ഭക്ഷണ കൗണ്ടർ മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനലിൽ സ്ഥാപിക്കുന്നതിനുള്ള 'അള്ള്' നീങ്ങുന്നു. ചിലർ എതിർപ്പറിയിച്ചതോടെ മുടങ്ങിയ ജയിൽ ഭക്ഷണ കൗണ്ടർ തുറക്കുന്നതിന് സാധ്യത തെളിഞ്ഞു.
ജില്ല ട്രാൻസ്പോർട്ട് ഓഫിസർ തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഭക്ഷണകൗണ്ടറിന് സമ്മതമറിയിച്ചത്. കെ.ടി.ഡി.എഫ്.സിയുടെ അനുമതി ലഭിച്ചാൽ കൗണ്ടർ തുടങ്ങും. ബി.ഒ.ടി വ്യവസ്ഥകൾ പ്രകാരം കെ.ടി.ഡി.എഫ്.സിക്കാണ് കച്ചവടത്തിനുള്ള അധികാരമുള്ളത്. കെ.എസ്.ആർ.ടി.സിക്ക് ബസുകൾ ഓപറേറ്റ് ചെയ്യാനുള്ള അനുമതിയേ ഉള്ളൂ.
വി.ഐ.പി ലോഞ്ചിന് സമീപം ഭക്ഷണ കൗണ്ടർ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ചില തൊഴിലാളി യൂനിയനുകളുടെ ആശീർവാദത്തോടെ ഇവിടെ അനധികൃത കച്ചവടം നടന്നിരുന്നു. കുപ്പിവെള്ളത്തിനടക്കം െകാള്ളവില ഈടാക്കുന്നത് പരാതിക്കും ഇടയാക്കിയിരുന്നു. വൃത്തിയില്ലാതെ അനധികൃത കച്ചവടം നടത്തിയത് തടയാൻ കെ.എസ്.ആർ.ടി.സി അധികൃതർക്കും സാധിച്ചില്ല.
മാസങ്ങൾക്കു മുമ്പ് ജയിൽഭക്ഷണ കൗണ്ടറിനുള്ള ഒരുക്കം തുടങ്ങിയപ്പോൾ എതിർപ്പുയർന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതൽ തുടങ്ങാൻ തീരുമാനിച്ചതും 'കുത്തിത്തിരിപ്പ്' കാരണം മുടങ്ങി. ജയിൽ അധികൃതർ ഭക്ഷണം വിതരണം െചയ്യാനായി പ്രേത്യക കൗണ്ടർ എത്തിക്കുകയും ചെയ്തു.
ജയിലിൽനിന്നും തയാറാക്കുന്ന ചിക്കൻ ബിരിയാണി (65 രൂപ), ചില്ലി ചിക്കൻ (60), ചപ്പാത്തി (പത്തെണ്ണത്തിന് 20 രൂപ), ചിക്കൻ കറി (25) ഉൾപ്പെടെ വിഭവങ്ങളുടെ വിൽപനക്കുള്ള കൗണ്ടർ ബുധനാഴ്ച രാവിലെ 11ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഒാൺലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ചൊവ്വാഴ്ച രാത്രിയോടെയാണ് കൗണ്ടർ തുടങ്ങേണ്ടതില്ലെന്ന് ഗതാഗതമന്ത്രിയുടെ ഒാഫിസിൽനിന്ന് അറിയിപ്പ് വന്നത്. ഈ കൗണ്ടർ പിന്നീട് പുതിയറയിലേക്ക് മാറ്റി.
മാവൂർ റോഡിലെ ചില ഹോട്ടലുകാരും ജയിൽഭക്ഷണ കൗണ്ടറിനെതിരെ രഹസ്യമായി രംഗത്തുണ്ട്. കെ.ടി.ഡി.എഫ്.സി ജയിൽ ഭക്ഷണ കൗണ്ടറിന് അനുമതി നൽകുമോയെന്ന കാര്യത്തിലും ഉറപ്പില്ല. ആദ്യം കെ.ടി.ഡി.എഫ്.സി തന്നെയാണ് കൗണ്ടർ സ്ഥാപിക്കുന്നതിനെ എതിർത്തത്. അനുമതി ലഭിച്ചാൽ ഉടൻ ജയിൽ വകുപ്പ് കൗണ്ടർ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.