നഗരം കറങ്ങുന്ന കെ.എസ്.ആർ.ടി.സി വിനോദവണ്ടി ഇന്നുമുതൽ
text_fieldsകോഴിക്കോട്: നഗരത്തിലെ പൈതൃകവഴികളിലൂടെ കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്ര വണ്ടി ഇന്നുമുതൽ. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് പ്ലാനറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറപ്പള്ളി, കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് വഴി, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്ക്വയർ ചുറ്റിക്കറങ്ങുന്ന ബസ് പ്രധാനകേന്ദ്രങ്ങളിൽ നിർത്തി കോഴിക്കോടിനെ യാത്രക്കാർക്ക് പരിചയപ്പെടുത്തും.
200 രൂപയാണ് ചാർജ്. ടൂറിസം പദ്ധതിയുടെ ഭാഗമാണ് വിനോദവണ്ടി. കോഴിക്കോടിന് പുറത്തുനിന്ന് വരുന്നവർക്ക് നഗരത്തെ അടുത്തറിയാൻ ഉപകരിക്കുന്നതാണ് പദ്ധതി. ദിവസവും ഉച്ചക്ക് ഒരു മണിക്ക് പുറപ്പെട്ട് വൈകീട്ട് അഞ്ചരയോടെ തിരിച്ചെത്തും.
50 പേർക്ക് സഞ്ചരിക്കാവുന്ന ചുവന്ന കെ.എസ്.ആർ.ടി.സി ബസാണ് ഇതിനായി ഉപയോഗിക്കുക. ഡബ്ൾ ഡക്കർ ബസ് ഇതിനായി ഉപയോഗിക്കാൻ പദ്ധതിയുണ്ടെങ്കിലും വൈദ്യുതി ലൈനുകളും മരക്കൊമ്പുകളും തടസ്സമായതിനാൽ തൽക്കാലം പ്രായോഗികമല്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ബീച്ച് വഴി ഡബ്ൾ ഡക്കർ ബസുകൾ സർവിസ് നടത്താൻ പദ്ധതിയുണ്ട്. കെ.എസ്.ആർ.ടി.സി ടിക്കറ്റേതര വരുമാനം കണ്ടെത്തുന്ന പദ്ധതികളുടെ ഭാഗമാണ് ടൂറിസം ബസ് സർവിസുകൾ. കോഴിക്കോട്ട് 180ലേറെ ടൂറിസം യാത്രകൾ ഇതിനകം സംഘടിപ്പിച്ചതായി ബജറ്റ് ടൂറിസം ജില്ല കോഓഡിനേറ്റർ പി.കെ. ബിന്ദു പറഞ്ഞു.
നഗരം പരിചയപ്പെടുത്തുന്ന ബസ് സർവിസ് പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച ഉച്ചക്ക് 12.30ന് ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിക്കും. ബുക്കിങ് സൗകര്യമുണ്ട്. ആദ്യദിനം കുട്ടികൾക്കുവേണ്ടിയാണ് സർവിസ്. രണ്ടാം ദിനത്തിൽ പെൻഷനേഴ്സിന് വേണ്ടിയാണ്. കൂട്ടായ്മകൾക്കും വ്യക്തികൾക്കും ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.