കെ.എസ്.ആർ.ടി.സി ടെർമിനൽ; ആലിഫ് ബലപ്പെടുത്തണമെന്ന് കെ.ടി.ഡി.എഫ്.സി; തീരുമാനം നാളെ
text_fieldsകോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ ബലപ്പെടുത്തേണ്ടത് പാട്ടത്തിനെടുത്ത ആലിഫ് ബിൽഡേഴ്സ് തന്നെയാണെന്ന് കെ.ടി.ഡി.എഫ്.സി. ഇതിൽ എതിർപ്പുമായി ആലിഫ് രംഗത്തെത്തിയതോടെ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും.
കെട്ടിടം നിലവിലെ അവസ്ഥയിൽതന്നെ ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) കഴിഞ്ഞയാഴ്ച ആലിഫ് ബിൽഡേഴ്സിന് കത്തയച്ചിരുന്നു.
ആലിഫ് ഇതിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചത്. ഗതാഗതമന്ത്രി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.
കെട്ടിടം 30 വർഷത്തേക്ക് ആലിഫിന് പാട്ടത്തിന് നൽകി 2021ലാണ് കെ.ടി.ഡി.എഫ്.സി കരാറിൽ ഒപ്പിട്ടത്. ഇതിന് പിന്നാലെ ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടും പുറത്തുവന്നു. ഇതോടെ കെട്ടിടം ബലപ്പെടുത്തിയശേഷം കൈമാറാമെന്ന് കെ.ടി.ഡി.എഫ്.സി അറിയിക്കുകയായിരുന്നു. ടെര്‍മിനലിലെ 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്ന് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട്. 80 ശതമാനം ബീമുകളും 20 ശതമാനം സ്ലാബുകളും ശക്തിപ്പെടുത്തണം.
നവീകരണ ജോലികൾക്ക് 30 കോടി ചെലവാകുമെന്നാണ് വിലയിരുത്തൽ. കോഴിക്കോട് മാവൂർ റോഡിൽ 11 നിലകളിലുള്ള കെട്ടിട സമുച്ചയം 75 കോടി രൂപ ചെലവിലാണ് 2015 നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നിർമാണച്ചെലവിന്റെ പകുതി തുക വേണം ബലപ്പെടുത്താൻ. ഈ പണം കണ്ടെത്താൻ കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ഭൂമി കെ.ടി.ഡി.എഫ്.സിക്ക് കൈമാറുന്നതിനുള്ള നീക്കങ്ങളും ആരംഭിച്ചു. നടപടികൾ വൈകിയതോടെ കെട്ടിടം ബലപ്പെടുത്തി ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് ആലിഫ് ഹൈകോടതിയെ സമീപിച്ചു. ഇതോടെ കെ.ടി.ഡി.എഫ്.സി നിലപാടിൽനിന്ന് മലക്കം മറിഞ്ഞു. കെട്ടിടം നിലവിലെ അവസ്ഥയിൽതന്നെ ഏറ്റെടുക്കണമെന്നാണ് ധാരണയെന്നും ബലപ്പെടുത്തൽ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നും കെ.ടി.ഡി.എഫ്.സി ഹൈകോടതിയെ അറിയിച്ചു. കെട്ടിടം ഏറ്റെടുത്തില്ലെന്നാണ് ആലിഫ് അവകാശപ്പെടുന്നതെങ്കിലും താഴെ നിലയിലെ പാർക്കിങ്, ബസ് സ്റ്റാൻഡിന് മുകൾനിലയിലെ കടകൾ എന്നിവയിൽനിന്നുള്ള വാടക പിരിക്കുന്നത് ആലിഫാണ്. കെ.ടി.ഡി.എഫ്.സിക്കോ കെ.എസ്.ആർ.ടി.സിക്കോ ഇതിൽ ഒരു പങ്കും നൽകുന്നില്ല.
കെട്ടിട സമുച്ചയത്തിന്റെ രൂപകല്പനയില്തന്നെ അപാകതയുണ്ടെന്നും സ്ട്രക്ചറല്‍ ഡിസൈന്‍ ഉള്‍പ്പെടെ മാറ്റിയിട്ടുണ്ടെന്നും വിജിലന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.