കെ.എസ്.ആർ.ടി.സി ടെർമിനൽ ബലപ്പെടുത്തൽ: ചെലവ് സർക്കാർ വഹിക്കില്ല
text_fieldsകോഴിക്കോട്: ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി സംഘം കണ്ടെത്തിയ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് ടെർമിനൽ ബലപ്പെടുത്തുന്നതിനുള്ള ചെലവ് സർക്കാർ ഏറ്റെടുക്കില്ല. കെട്ടിടം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രി, ഗതാഗതമന്ത്രി, കെ.ടി.ഡി.എഫ്.സി എം.ഡി, ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗത്തിൽ ഇത്തരത്തിൽ തീരുമാനമെടുത്തതായാണ് വിവരം. കെട്ടിടം നിർമിച്ചവരിൽനിന്ന് ബലപ്പെടുത്തുന്നതിനുള്ള പണവും ഈടാക്കണം. അത് നിയമ നടപടികളിലേക്ക് നീങ്ങും. കെട്ടിടം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സിന് വേണമെങ്കിൽ കെട്ടിടം ബലപ്പെടുത്താം. അതിന് കഴിയില്ലെങ്കിൽ അലിഫിന് കരാരിൽനിന്ന് പിന്മാറാമെന്നും യോഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു. സർക്കാർ ഇതിലേക്ക് 30 കോടി നൽകില്ല. കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന് (കെ.ടി.ഡി.എഫ്.സി) കെട്ടിടം ലാഭകരമാക്കി മുന്നോട്ടുകൊണ്ടുപോകുന്നതിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നുമാണ് യോഗത്തിലെ ധാരണ. ഇക്കാര്യം അലിഫ് പ്രതിനിധികളെ ബോധ്യപ്പെടുത്താൻ യോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നാൽ, യോഗ തീരുമാനങ്ങൾക്ക് കാബിനറ്റിന്റെ കൂടി അംഗീകാരം ലഭിക്കേണ്ടതുണ്ട്.
കെട്ടിടം നിലവിലെ അവസ്ഥയിലാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയതെന്നും തുടർന്നുള്ള ബാധ്യതകളെല്ലാം അവർ ഏറ്റെടുക്കണമെന്നുമായിരുന്നു കെ.ടി.ഡി.എഫ്.സി നിലപാട്. അലിഫിനോട് മൃദുസമീപനം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് മന്ത്രി ഗണേഷ് കുമാറും യോഗത്തിൽ എടുത്തതെന്നാണ് വിവരം. കരാർ പ്രകാരമുള്ള നിയമ വ്യവസ്ഥകൾ കമ്പനി അധികൃതർ പാലിച്ചില്ലെന്ന് മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. പാട്ടക്കരാർ പ്രകാരമുള്ള മൊറട്ടോറിയം കാലയളവ് കഴിഞ്ഞിട്ടും കമ്പനി കെ.ടി.ഡി.എഫ്.സിക്ക് വാടക നൽകിത്തുടങ്ങിയിട്ടില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കണിശ നിലപാട് സ്വീകരിച്ചതായാണ് വിവരം.
കെട്ടിടം നിലവിലെ അവസ്ഥയിൽ തന്നെ എറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം അലിഫ് ബിൽഡേഴ്സിന് കെ.ടി.ഡി.എഫ്.സി കത്തയച്ചിരുന്നു. ഇതിനെതിരെ പരാതിയുമായി അലിഫ് മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്നാണ് യോഗം വിളിച്ചത്.
2021 ആഗസ്റ്റ് 26നാണ് കെട്ടിടം 30 വർഷത്തേക്ക് ആലിഫിന് പാട്ടത്തിന് നൽകി കെ.ടി.ഡി.എഫ്.സി കരാറിൽ ഒപ്പിട്ടത്. ഇതിനുപിന്നാലെ, ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടും പുറത്തുവന്നു. ഇതോടെ, കെട്ടിടം ബലപ്പെടുത്തിയശേഷം കൈമാറാമെന്ന് കെ.ടി.ഡി.എഫ്.സി അറിയിക്കുകയായിരുന്നു. ടെര്മിനലിലെ 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നാണ് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട്. ബലപ്പെടുത്താൻ 30 കോടി രൂപ ചെലവാകുമെന്നും വിലയിരുത്തി. 75 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം ബലപ്പെടുത്താൻ 30 കോടി വേണമെന്നത് സംശത്തിനിടയാക്കി. വകുപ്പുമന്ത്രിയും കെ.ടി.ഡി.എഫ്.സി എം.ഡിയും മാറിയതോടെ തീരുമാനങ്ങൾ മാറിമറിയുന്നതിന്റെ ആശങ്കയിലാണ് അലിഫ് ബിൽഡേഴ്സ്. കെട്ടിടം ബലപ്പെടുത്തി കൈമാറണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി. ബലപ്പെടുത്തി കൈമാറിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു നീങ്ങാനാണ് അലിഫ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.