ഓണക്കാലത്ത് റെക്കോഡ് കലക്ഷനുമായി കെ.എസ്.ആർ.ടി.സി
text_fieldsകോഴിക്കോട്: ജീവനക്കാരുടെ ശമ്പളമുടക്കം അടക്കം ഒട്ടേറെ പ്രതിസന്ധികൾക്കിടെ ഓണക്കാലത്ത് റെക്കോഡ് കലക്ഷനുമായി കെ.എസ്.ആർ.ടി.സി നോർത്ത് സോൺ. 25 മുതൽ 28 വരെ നാലു ദിവസങ്ങളിലായി കോഴിക്കോട് മേഖയിലിൽനിന്ന് 8.21 കോടിയാണ് കലക്ഷൻ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. 26, 27 ദിവസങ്ങളിൽ രണ്ടു കോടിക്ക് മുകളിലാണ് കോഴിക്കോട് മേഖലയിൽനിന്നു മാത്രം ലഭിച്ച വരുമാനം.
28ന് 1,93,79,762 രൂപ, 27ന് 2,20,09831, 26ന് 2,13,35,225, 25ന് 1,94,25,182 എന്നിങ്ങനെ കലക്ഷൻ ഇനത്തിൽ ലഭിച്ചതായി കോഴിക്കോട് മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ ഇൻചാർജ് വി. മനോജ്കുമാർ അറിയിച്ചു. ഇക്കാലയളവിൽ നാലു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനുമിടെ യാത്രക്കാരാണ് ഓരോ ദിവസവും കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്തത്.
ഓണാവധിക്ക് നാട്ടിലെത്തുന്ന വിദ്യാർഥികളെയും ജീവനക്കാരെയും ലക്ഷ്യമിട്ട് അധിക സർവിസുകളും മേഖലയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ മേഖലയിൽനിന്ന് ഒരു കിലോമീറ്ററിൽ നിന്നുള്ള ശരാശരി വരുമാനം 57 രൂപ വരെ ഉയർന്നു. ബസ് ഒന്നിന്റെ ശരാശരി വരുമാനം 21,200ന് മുകളിലും രേഖപ്പെടുത്തി.
ഓണത്തിരക്ക് കണക്കിലെടുത്ത് മേഖലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബംഗളൂരുവിലേക്ക് 21അധിക സർവിസുകൾ നടത്തി. കോയമ്പത്തൂർ, ചെന്നൈ ഭാഗങ്ങളിൽനിന്ന് കേരളത്തിലേക്ക് ഓണം ആഘോഷിക്കാനെത്തുന്നവരുടെ സൗകര്യാർഥം നാലുദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി രാത്രികാല സർവിസുകളും ഏർപ്പെടുത്തിയിരുന്നു.
കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിൽനിന്ന് പാലായിലെ സ്വകാര്യ കോച്ചിങ് സെന്ററിൽ പഠിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ട് എട്ട് അധിക പാലാ സർവിസുകളും കോഴിക്കോട് മേഖലക്കു കീഴിൽനിന്ന് ഓണക്കാലത്ത് നടത്തി.
ജീവനക്കാരുടെ ദൗർലഭ്യം അനുഭവപ്പെടുന്ന ഡിപ്പോകൾ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും അവധികൾ റദ്ദാക്കി, അധിക സമയം ജോലിയെടുത്താണ് ഉത്സവസീസണിൽ ഇത്രയും റെക്കോഡ് വരുമാനം നേടിയത്. സ്വിഫ്റ്റ് ബസുകൾ ഇറങ്ങിയതോടെ സർവിസ് നിർത്തിവെച്ച ബസുകളാണ് അധിക സർവിസുകൾക്ക് വിനിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.