കാൽനൂറ്റാണ്ടിന്റെ നിറവിൽ കുടുംബശ്രീ
text_fieldsകോഴിക്കോട്: കേരളത്തിലെ സ്ത്രീജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജനകീയ പ്രസ്ഥാനമായി വളർന്ന കുടുംബശ്രീക്ക് 25 വയസ്സ് പൂർത്തിയാവുകയാണ്. സ്വയംതൊഴിൽ സംരംഭങ്ങളും ദാരിദ്ര്യ ലഘൂകരണത്തിനുള്ള സമ്പാദ്യ പദ്ധതികളും വായ്പ പദ്ധതികളും ഒക്കെയായി ചെറിയ രീതിയിൽ തുടക്കം കുറിച്ച കുടുംബശ്രീ ഇന്ന് ഇടപെടുന്നത് വൈവിധ്യപൂർണമായ മേഖലകളിലാണ്.
1998 മേയ് 17നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. കുടുംബത്തിന്റെ ഐശ്വര്യം എന്ന അർഥം വരുന്ന കുടുംബശ്രീ ഇന്ന് സംസ്ഥാനത്തിന്റെ ഐശ്വര്യവും സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയുമായി മാറിക്കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശൃംഖലകളിൽ ഒന്നായ കുടുംബശ്രീക്ക് ജില്ലയിൽ വിജയകരമായി പ്രവർത്തിക്കുന്ന നിരവധി പദ്ധതികളാണുള്ളത്. ആരോഗ്യപരിപാലന രംഗത്ത് മികച്ച മാതൃകയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലകളിൽ ഒരുക്കിയിട്ടുള്ള ‘സാന്ത്വനം’ പദ്ധതി. കുടുംബശ്രീയും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളും ചേര്‍ന്നാണ് 2006ൽ ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചത്. ആളുകൾക്കിടയിൽ ജീവിതശൈലീ രോഗങ്ങള്‍ വർധിക്കുന്നതും പലതരം പരിശോധനകൾക്കായി ക്ലിനിക്കുകളിലേക്ക് പോകുന്നത് സാധാരണവുമായിത്തീർന്ന കാലഘട്ടത്തിലാണ് കുടുംബശ്രീ ഈ പദ്ധതി അവതരിപ്പിച്ചത്.
വീടുകളിലെത്തി രക്തപരിശോധന, ഷുഗർ പരിശോധന, ഉയരം, ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്സ്, രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്ട്രോള്‍ എന്നിവയെല്ലാം പരിശോധിക്കുന്ന പദ്ധതി പൊതുജനങ്ങൾക്കും വലിയ ആശ്വാസമാണ്. കിടപ്പുരോഗികളെയുംകൊണ്ട് ഇടക്കിടെ ദൂരെയുള്ള ക്ലിനിക്കുകളിലേക്ക് പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് ചെറിയ തുക നൽകിയാൽത്തന്നെ സേവനം ലഭ്യമാകുന്നത് വലിയ ആശ്വാസമായിരുന്നു.
അതേസമയം, കുറെയേറെ വനിതകൾക്ക് ജോലി നൽകാനും ഈ സംരംഭത്തിന് കഴിഞ്ഞു. നഴ്സിങ്, ലാബ് ടെക്നീഷ്യൻ തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയ വനിതകൾക്ക് പരിശീലനം നൽകിയാണ് ജോലി നൽകുന്നത്.കോഴിക്കോട് ജില്ല മിഷനുകീഴിൽ 28 പേരാണ് സാന്ത്വനം വളന്റിയർമാരായി പ്രവർത്തിക്കുന്നത്.
ബ്ലഡ് പ്രഷർ, പൾസ് റേറ്റ് എന്നിവ പരിശോധിക്കുന്നതിന് 20 രൂപ, പ്രമേഹത്തിന് 30 രൂപ, കൊളസ്ട്രോളിന് 80 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. കിടപ്പുരോഗികളുമായി ദൂരെയുള്ള ക്ലിനിക്കുകളിലേക്ക് യാത്രചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വലിയ അനുഗ്രഹമാണ് ഈ സേവനം. സൗഭാഗ്യങ്ങൾ മാത്രമാണ് തന്റെ ജീവിതത്തിൽ സാന്ത്വനം പദ്ധതി കൊണ്ടുവന്നതെന്ന് മെഡിക്കൽ ചെക് അപ് ടീമിന്റെ ജില്ല ലീഡറായ റുക്സാന നരിക്കുനി പറയുന്നു.
എം.എൽ.ടി, നഴ്സിങ് എന്നീ കോഴ്സുകൾ പാസായിട്ടും ജോലി ലഭിക്കാതിരുന്ന സമയത്താണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇത്തരത്തിലൊരു പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. പിന്നീട് ജീവിതത്തിൽ താങ്ങും തണലുമായത് സാന്ത്വനത്തിന് കീഴിലുള്ള ഈ ജോലിയാണെന്നും റുക്സാന പറഞ്ഞു.
കോവിഡ് വ്യാപനത്തിന് പിന്നാലെ അംഗൻവാടികളിലും മറ്റും ഇത്തരം സേവനങ്ങൾ സൗജന്യമായി ലഭിച്ചുതുടങ്ങിയതോടെ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം യൂനിറ്റുകൾ പ്രവർത്തിക്കുന്നത്. പുതിയ സ്റ്റാൻഡ്, പാളയം സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി, വടകര, പേരാമ്പ്ര, ബാലുശ്ശേരി എന്നീ ബസ് സ്റ്റാൻഡുകളിലും ഇപ്പോൾ ഇത്തരം സേവനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.