കുടുംബശ്രീ വായ്പ തട്ടിപ്പ്; ഓഡിറ്റ് വിഭാഗം കോർപറേഷനിൽ പരിശോധന നടത്തി
text_fieldsകോഴിക്കോട്: സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽനിന്ന് വ്യാജരേഖ ചമച്ച് പണം തട്ടിപ്പ് നടത്തിയ കേസിൽ റീജനൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗം കോഴിക്കോട് കോർപറേഷൻ ഓഫിസിൽ പരിശോധന നടത്തി. സംസ്ഥാന ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയും ഉപനേതാവ് കെ. മൊയ്തീൻ കോയയും ഓഡിറ്റർ പി. ബിജു മുമ്പാകെ തെളിവുകൾ ഹാജരാക്കി.
രേഖകളിൽ കൃത്രിമം കാണിച്ച് അയൽക്കൂട്ട സംഘങ്ങൾ സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽനിന്ന് ന്യൂനപക്ഷങ്ങൾക്കുള്ള 2.42 കോടി വായ്പ തട്ടിയെടുത്തെന്നാണ് പരാതി. നോർത്ത് സി.ഡി.എസിലെ നന്മ, പൂഞ്ചോല അയൽക്കൂട്ടങ്ങളിലെ 29 അംഗങ്ങൾ സംയുക്തമായാണ് പിന്നാക്ക വികസന കോർപറേഷനിൽനിന്ന് അനധികൃതമായി പണം തട്ടിയെടുത്തത്.
ഇതിനെതിരെ കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയും പ്രതിപക്ഷ ഉപനേതാവ് മൊയ്തീൻ കോയയും സമർപ്പിച്ച പരാതിയിലാണ് ഓംബുഡ്സ്മാൻ അന്വേഷണം. സംഭവം വിവാദമായതോടെ വായ്പ തുക തിരിച്ചടച്ചു മുഖം രക്ഷിക്കുകയായിരുന്നു കോർപറേഷൻ. തട്ടിപ്പിനെതിരെ ടൗൺ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. കുടുംബശ്രീ മിഷന് നൽകിയ പരാതിയുടെ അവസ്ഥയും സമാനമാണ്.
പണം തിരിച്ചടച്ചാലും കുറ്റകൃത്യം ഇല്ലാതാവുന്നില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. കുടുംബശ്രീ സ്റ്റേറ്റ് മിഷൻ അന്വേഷണ റിപ്പോർട്ടിലെ ശിപാർശകൾ അടിയന്തരമായി നടപ്പാക്കണമെന്നും യു.ഡി.എഫ് നേതാക്കൾ നിർദേശിച്ചു. ഭാവിയിൽ ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനും കുടുംബശ്രീയുടെ വിശ്വാസ്യത വീണ്ടെടുക്കാനും ഇതിനെതിരെ നടപടി ആവശ്യമാണെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.