വിഷരഹിത പച്ചക്കറിയും പഴങ്ങളുമായി കുടുംബശ്രീയുടെ ‘നേച്ചേഴ്സ് ഫ്രഷ്’
text_fieldsകോഴിക്കോട്: വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെയും വിപണനത്തിനായി കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്ലെറ്റുകള് ‘നേച്ചേഴ്സ് ഫ്രഷ്’ ജില്ലയിലും പ്രവർത്തനം തുടങ്ങി. ചാത്തമംഗലം, കായണ്ണ എന്നിവിടങ്ങളിലാണ് സ്റ്റാളുകൾ പ്രവർത്തനം തുടങ്ങിയത്. തൂണേരി, കൂരാച്ചുണ്ട്, നരിക്കുനി, മേപ്പയൂർ, മൂടാടി, കാവിലുംപാറ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകൾ ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിക്കുമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ ആർ. സിന്ധു പറഞ്ഞു. തദ്ദേശീയമായി കുടുംബശ്രീ നിർമിക്കുന്ന ഉൽപന്നങ്ങളാണ് ഇവിടങ്ങളിൽ വിൽപന നടത്തുക.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്ലെറ്റുകൾക്കും തുടക്കംകുറിച്ചത്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും ഔട്ട്ലെറ്റുകള് ആരംഭിക്കുകയാണ് ലക്ഷ്യമെങ്കിലും ആദ്യഘട്ടമായി നൂറ് ‘നേച്ചേഴ്സ് ഫ്രഷ്’ കിയോസ്കുകളാണ് ആരംഭിക്കുക. പദ്ധതി വിജയമാകുന്ന പക്ഷം മുഴുവൻ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
കുടുംബശ്രീയുടെ കാര്‍ഷിക സംരംഭകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്താനും പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ 81,034 കര്‍ഷക സംഘങ്ങളിലായി 3,78,138 വനിത കര്‍ഷകര്‍ വിവിധയിനം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തുവരുന്നുണ്ട്. 12,819.71 ഹെക്ടറിലെ കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനത്തിന് ഇതുവരെ നാട്ടുചന്തകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഏകീകൃത സ്വഭാവത്തോടെ നേച്ചേഴ്സ് ഫ്രഷ് കിയോസ്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കടക്കം കൂടുതല്‍ പ്രചാരണവും മൂല്യവും ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
നേരത്തെ ജില്ലയിൽ കുടുംബശ്രീ യൂനിറ്റുകൾ കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെ വ്യാപകമായി കൃഷി ചെയ്തിരുന്നുവെങ്കിലും മതിയായ വിപണി ലഭിക്കാത്തത് വലിയ പ്രതിസന്ധിയായിരുന്നു. ഇതിനെയടക്കം പുതിയ പദ്ധതിയിലൂടെ മറികടക്കാനാവും.
പ്രവർത്തനം സി.ഡി.എസുകളുടെ നേതൃത്വത്തിൽ
കോഴിക്കോട്: അതത് പ്രദേശത്തെ സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് ‘നേച്ചേഴ്സ് ഫ്രഷ്’ കിയോസ്കുകളുടെ പ്രവര്‍ത്തനം വിഭാവനം. കുടുംബശ്രീ മിഷന് ഓരോ കിയോസ്കിനും രണ്ട് ലക്ഷം രൂപ വീതമാണ് സി.ഡി.എസുകള്‍ക്ക് അനുവദിച്ചത്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്കിലും വിപണന ചുമതലയുമുണ്ട്.
ഇവര്‍ക്ക് പ്രതിമാസം 3,600 രൂപ ഓണറേറിയവും വിറ്റുവരവിന്റെ ലാഭത്തിന്റെ മൂന്നു ശതമാനവും വേതനമായി ആദ്യ ഒരു വര്‍ഷത്തേക്ക് ലഭിക്കും. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കമ്യൂണിറ്റി റിസോഴ്സ് പേഴ്സന്മാര് വഴിയാണ് ഉല്പന്ന സംഭരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.