നഗരത്തിൽ ഉടൻ സഹായത്തിനെത്തും കുടുംബശ്രീ സംഘം
text_fieldsകോഴിക്കോട്: വീട്ടിൽ പെട്ടെന്നുള്ള സഹായത്തിന് ഓടിയെത്താനായി കുടുംബശ്രീ സംഘം ഒരുങ്ങുന്നു. തിരക്കിനിടയിൽ വീട്ടിൽ പെട്ടെന്ന് സഹായം ആവശ്യമെങ്കിൽ ഫോൺ ചെയ്താൽ ഓടിയെത്തുന്ന സംഘമാണ് ഒരുങ്ങുന്നത്. വീട്ടുപണിക്ക് ആളില്ലാതാവുക, പ്രായമുള്ളവരെ പരിചരിക്കുക, പാചകം തുടങ്ങി എല്ലാ കാര്യങ്ങൾക്കുമായി കുടുംബശ്രീ ‘ക്വിക്ക് സെർവ് സംഘത്തെ ഒരു മാസത്തിനകം സജ്ജമാക്കാനാണ് ശ്രമം. തിരക്കിട്ട നഗരജീവിതത്തിൽ അടിയന്തര സഹായത്തിനാണ് സ്ത്രീകൾക്കുവേണ്ടി പദ്ധതി തുടങ്ങുന്നത്.
പദ്ധതി കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. നേരത്തേ കോർപറേഷൻ കുടുംബശ്രീ ആരംഭിച്ച തൊഴിൽദാന പദ്ധതിയായ ’വി ലീഫ്റ്റി’ ലുൾപ്പെടുത്തിയാണ് പുതിയ സംവിധാനമൊരുങ്ങുന്നത്. വീട്ടുജോലികൾ, ശുചീകരണം, പാചകം, കിടപ്പുരോഗികളെയും വയോജനങ്ങളെയും കുട്ടികളെയും പരിചരിക്കൽ എന്നിവയാണ് ആദ്യഘട്ടം ചെയ്യുക. മൂന്ന് മുതൽ എട്ട് വരെ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി സംരംഭക ഗ്രൂപ്പുകൾക്ക് കീഴിൽ സംഘം പ്രവർത്തിക്കാനാണ് തീരുമാനം. പ്രത്യേക ഓഫിസ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ടാവും.
നിരക്ക് വിവിധ ജോലികൾക്ക് വിവിധ രീതിയിലാവും. സംഘത്തിനുവേണ്ടി ജോലിക്കു പോകുന്നവർ അതിന്റെ നിശ്ചിത വിഹിതം സംരംഭക ഗ്രൂപ്പിന് നൽകണം. നൂറ് പേർക്കെങ്കിലും പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. വിജയപ്രദമെന്ന് കണ്ടാൽ സംവിധാനം വിപുലീകരിക്കും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങിൽ കുടുംബശ്രീ ക്വിക് സെർവ് പ്രവർത്തിക്കുന്നുണ്ട്. ക്വിക് സർവിസ് ടീമിൽ അംഗളാവുന്നവർക്ക് പരിശീലനം നൽകും. ഇവർക്ക് യൂനിഫോമും തിരിച്ചറിയൽ കാർഡുമുണ്ടാവും.
കോർപറേഷൻ ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര തൊഴിൽദാന പദ്ധതിയാണ് വി ലിഫ്റ്റ്. കേരളം സർക്കാറിന്റെ തദ്ദേശസ്ഥാപനങ്ങൾ വഴി 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയുടെ ചുവടുപിടിച്ച് വർഷം 5000 പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് കോർപറേഷൻ പദ്ധതി വിഭാവനം ചെയ്തത്. കുടുംബശ്രീ, ദേശീയ നഗര ഉപജീവന മിഷൻ, വ്യവസായ വകുപ്പ് തുടങ്ങി സർക്കാർ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.