ശിശു, വയോജന, രോഗി പരിചരണം; കൂടെയുണ്ട്, കുടുംബശ്രീയുടെ ‘കെ ഫോർ കെയർ’
text_fieldsകോഴിക്കോട്: വീട്ടിലെ കിടപ്പുരോഗികളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷകളും നവജാത ശിശുക്കളെ നോക്കലും, കുട്ടികളെ സ്കൂളിലാക്കലും തിരിച്ച് വീടുകളിലെത്തിക്കലും... ഇവയെല്ലാം ഇനി കുടുംബശ്രീയുടെ ‘കെ ഫോർ കെയര്‍’ എക്സിക്യൂട്ടിവുകള്‍ ഏറ്റെടുക്കും. വിദഗ്ധ പരിശീലനം ലഭിച്ച 60 എക്സിക്യൂട്ടിവുകളെയാണ് ഇതിനായി കുടുംബശ്രീ ജില്ലയിൽ മാത്രം നിയോഗിച്ചത്.
കിടപ്പുരോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ മറ്റുള്ളവരുടെ സഹായം ആവശ്യമായിവരുന്ന വ്യക്തികളും കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങള്‍ക്കാവശ്യമായ പ്രഫഷനല്‍ സേവനങ്ങളാണ് കെയര്‍ എക്സിക്യൂട്ടിവുകള്‍ വഴി ലഭ്യമാക്കുന്നത്. ഇവര്‍ക്കാവശ്യമായ സഹായപരിചരണങ്ങള് ഒരു മണിക്കൂര്‍ മുതല്‍ ദിവസ, മാസ അടിസ്ഥാനത്തിലാണ് ലഭിക്കുക. വയോജനങ്ങളെ ആശുപത്രിയില്‍ എത്തിക്കുക, കുട്ടികളെ സ്കൂളില്‍നിന്ന് കൊണ്ടുവരുക എന്നിവക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്താം.
ഉപഭോക്താവ് ആവശ്യപ്പെടുന്ന സമയത്ത് ജില്ലയില്‍ കെയര്‍ എക്സിക്യൂട്ടിവ് ലഭ്യമല്ലെങ്കില്‍ അടുത്ത ജില്ലയില്‍നിന്നുള്ളവരുടെ സേവനം ലഭ്യമാക്കും. സംസ്ഥാനത്ത് ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മികച്ച പരിശീലനം ലഭിച്ച 600ലധികം വനിതകളില്‍ മുന്നൂറോളം പേര്‍ക്ക് ഇതിനകം ഈ രംഗത്ത് ആകര്‍ഷകമായ വരുമാനത്തോടെയുള്ള തൊഴില്‍ ലഭ്യമായി.
കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കാനായി പരിശീലനം ലഭിച്ച കെയര്‍ എക്സിക്യൂട്ടിവുകളെ ഉള്‍പ്പെടുത്തി ജില്ലതല കണ്‍സോര്‍ഷ്യവും രൂപവത്കരിച്ചിട്ടുണ്ട്.
കെയര്‍ എക്സിക്യൂട്ടിവുകളുടെ സുരക്ഷ പരിഗണിച്ച് ഇവര്‍ ജോലി ചെയ്യുന്ന വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി ശേഖരിക്കും. കൂടാതെ ഇവരെ ജോലിക്കായി നിയോഗിക്കുന്ന വിവരം സി.ഡി.എസുകളെ അറിയിക്കുകയും ചെയ്യും. സി.ഡി.എസുകൾ വഴി കുടുംബശ്രീ അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കുന്ന അംഗങ്ങൾക്ക് പൊലീസ് ക്ലിയറൻസ്, മെഡിക്കൽ ഫിറ്റ്നസ് എന്നിവ ഉറപ്പാക്കിയശേഷമാണ് പരിശീലനം നൽകി എക്സിക്യൂട്ടിവുകളാക്കി മാറ്റുന്നത്. ഇവരുടെ സേവനത്തിനനുസരിച്ച് ഏകീകരിച്ചുള്ള നിരക്കും കുടുംബശ്രീ നിശ്ചയിച്ചിട്ടുണ്ട്. എക്സിക്യൂട്ടിവുകൾക്ക് സേവനകാലയളവിൽ ബന്ധപ്പെട്ടവർ ഈ തുക നേരിട്ട് നൽകുകയാണ് ചെയ്യേണ്ടത്.
സേവനത്തിന് വിളിക്കാം...
കോഴിക്കോട്: കുടുബശ്രീയുടെ ‘കെ ഫോര്‍ കെയര്‍’ പദ്ധതിയിലെ ഏക്സിക്യൂട്ടിവുകളുടെ സേവനത്തിന് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സംസ്ഥാനതല കാള്‍സെന്ററിലേക്ക് 9188925597 എന്ന ഫോൺ നമ്പറില്‍ വിളിക്കാം. സേവനം, ജില്ല അടക്കമുള്ളവ പറഞ്ഞാൽ ബന്ധപ്പെട്ടവർ അതത് ജില്ലകളിലുള്ള എക്സിക്യൂട്ടിവുകളെ തരപ്പെടുത്തി ഫോൺ നമ്പർ കൈമാറും. നിരവധി പേരാണ് ഇതിനോടകം കുടുംബശ്രീയുടെ ഈ സേവനം പ്രയോജനപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.