തീപിടിത്തം: ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക നിഗമനം
text_fieldsഫറോക്ക്: ചെറുവണ്ണൂർ ശാരദാമന്ദിരത്തിനു സമീപം സ്വകാര്യ പ്ലാസ്റ്റിക് ശേഖരണ ഗോഡൗണിലെ വൻ തീപിടിത്തത്തിെൻറ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർ സംയുക്ത അന്വേഷണം നടത്തി.
ഡെപ്യൂട്ടി കലക്ടർ, മീഞ്ചന്ത ഫയർ ഓഫിസർ, കോർപറേഷൻ ഹെൽത്ത് സെക്രട്ടറി, ടൗൺ പ്ലാനർ എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച സംഭവസ്ഥലത്ത് അന്വേഷണം നടത്തിയത്. ഡെപ്യൂട്ടി കലക്ടർ ഷാമി സെബാസ്റ്റ്യൻ, മീഞ്ചന്ത ഫയർ ഓഫിസർ വിശ്വാസ്, കോർപറേഷൻ ഹെൽത്ത് സെക്രട്ടറി, ടൗൺ പ്ലാനർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടല്ല കാരണമെന്നാണ് പ്രാഥമിക നിഗമനം. വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ച അഞ്ചിനാണ് തീപിടിത്തം. സ്വകാര്യ വാഹന ഷോറൂമിന് തൊട്ടുസമീപത്തെ ഗോഡൗണും പ്ലാസ്റ്റിക് ശേഖരവും പൂർണമായും കത്തി നശിച്ചിരുന്നു. അപകടസമയം കെട്ടിടത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 20ഓളം ഇതരസംസ്ഥാന തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഫയർഫോഴ്സിന് തീ നിയന്ത്രണവിധേയമാക്കാനായത്.
കോർപറേഷൻ പരിധിയിൽ പ്ലാസ്റ്റിക് നിർമാർജനത്തിനുള്ള 'നിറവ്' പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ചു വരുന്ന മാലിന്യങ്ങൾ സ്വകാര്യ കമ്പനി ഏറ്റെടുത്ത് സൂക്ഷിക്കുന്ന കെട്ടിടമാണ് ഇത്. 20 അടിയോളം ഉയരത്തിൽ ഗോഡൗണിനുള്ളിൽ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ട പ്ലാസ്റ്റിക്കുകളാണ് കത്തിനശിച്ചത്.
മാലിന്യം 48 മണിക്കൂറിനകം നീക്കാൻ ഉത്തരവ്
കോഴിക്കോട്: ദേശീയപാതയിൽ ചെറുവണ്ണൂർ ശാരദാ മന്ദിരത്തിനു സമീപം ചൊവ്വാഴ്ച തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് മുഴുവൻ മാലിന്യവും ഗോഡൗൺ ഉടമ 48 മണിക്കൂറിനകം മാറ്റണമെന്ന് ജില്ല കലകട്ർ എസ്. സാംബശിവ റാവു ഉത്തരവിട്ടു. ഇക്കാര്യം കോർപറേഷൻ സെക്രട്ടറി ഉറപ്പുവരുത്തണം.
നഗരത്തിൽ അശാസ്ത്രീയമായി മാലിന്യം സംഭരിക്കുന്നില്ലെന്നും ശാസ്ത്രീയവും ഉചിതവുമായ മാലിന്യസംസ്കരണ സംവിധാനം പ്രവർത്തിക്കുന്നുവെന്നും ഉറപ്പുവരുത്തണം. തഹസിൽദാറുടെ മേൽേനാട്ടത്തിൽ നിർദേശം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടറുടെ ഉത്തരവിലുണ്ട്.
സംഭവം അന്വേഷിക്കാൻ ജില്ല കലക്ടർ അഞ്ചംഗ സമിതിയെ നിയമിച്ചിരുന്നു. ബുധനാഴ്ച സമിതി യോഗത്തിനുേശഷമാണ് കലകട്റുടെ പുതിയ നിർദേശം.
ദുരൂഹത നീക്കണം –യു.ഡി.എഫ്
കോഴിക്കോട്: ചെറുവണ്ണൂർ തീപിടിത്തത്തിന് സാഹചര്യം സൃഷ്ടിച്ചത് കോർപറേഷൻ അധികൃതരുടെ നിരുത്തരവാദിത്തവും സ്വജനപക്ഷപാതവുമാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി യോഗം കുറ്റപ്പെടുത്തി.
ഗോഡൗണിൽ അപകടകരമായ അവസ്ഥയിൽ 250 ലോഡിലേറെ അജൈവ പാഴ്വസ്തുക്കൾ സൂക്ഷിക്കാൻ മൗനാനുവാദം നൽകിയത് കഴിഞ്ഞ കൗൺസിൽ ഭരണാധികാരികളാണ്. കോർപറേഷനിൽനിന്ന് ലക്ഷങ്ങൾ വാങ്ങി ഇത്തരം കരാറുകാർക്ക് കൈമാറുന്ന രീതിയിലാണ് നിറവിെൻറ പ്രവർത്തനം. നിറവ് ശേഖരിച്ച അജൈവ പാഴ് വസ്തുക്കൾ എവിടെയാണ് സൂക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം.
കോർപറേഷൻ ഓഫിസിെൻറ കിഴക്ക് ഭാഗത്തുണ്ടായിരുന്ന കെട്ടിടത്തിൽ വർഷങ്ങൾക്കുമുമ്പ് ഫയലുകൾ നശിപ്പിച്ചതിന് പിന്നിലെ ദുരൂഹത ഇപ്പോഴും പുറത്തുവന്നിട്ടില്ല. രണ്ടുതവണ നോട്ടീസ് നൽകിയിട്ടും ഗോഡൗൺ പൊളിച്ചുനീക്കാതെ കാലതാമസം വരുത്തിയ കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.
ബാക്കിവരുന്ന പാഴ് വസ്തുക്കൾ കോർപറേഷെൻറ ഞെളിയൻപറമ്പിലേക്ക് മാറ്റിയത് നിറവിെൻറ ചെലവിൽ കൊണ്ടുപോകാൻ നടപടി സ്വീകരിക്കണം. ജില്ല കലക്ടറുടെ അന്വേഷണം മൂന്ന് ദിവസത്തിനകം പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. കെ.സി.ശോഭിത അധ്യക്ഷത വഹിച്ചു.
കെ.മൊയ്തീൻകോയ,എസ്.കെ.അബൂബക്കർ, ഉഷാദേവി, ഡോ.പി.എൻ. അജിത, എം.മനോഹരൻ, എം.സി. സുധാമണി, കെ. നിർമല, ആയിശാബി പാണ്ടികശാല, സോഫിയ അനീഷ്, കെ. റംലത്ത്, കവിത അരുൺ, സാഹിദ സുലൈമാൻ, ഓമന മധു, അൽഫോൺസ, അജീബ ബീവി, കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.