ദുരന്തഭൂമിയിൽ സേവനവുമായി കുന്ദമംഗലത്തെ ആംബുലൻസ് ഡ്രൈവർമാർ
text_fieldsകുന്ദമംഗലം: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരിൽ കുന്ദമംഗലത്തെ ആംബുലൻസ് ഡ്രൈവർമാരും. ബിജു പൂതക്കണ്ടി, എൻ.കെ. ഫിറോസ്, ടി.കെ. റിയാസ്, ജിതിൻ പടനിലം തുടങ്ങിയവരാണ് ദുരന്തമുണ്ടായ ദിവസം രാവിലെ തന്നെ മേപ്പാടിയിൽ എത്തിയത്. ശിഹാബ് തങ്ങൾ റിലീഫ് സെന്റർ, സേവാഭാരതി, മെഡിമാൾ തുടങ്ങിയവരുടെ ആംബുലൻസാണ് രക്ഷ ദൗത്യവുമായി പോയത്. പുഴയിൽ വെള്ളം കയറുന്നുണ്ട് എന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോൾ വീട്ടിലെ സാധനങ്ങളെല്ലാം വെള്ളം കയറാത്ത സ്ഥലത്തേക്ക് മാറ്റുകയും വീടിന്റെ അടുത്തുള്ള പ്രായമായവരെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്യുമ്പോഴാണ് ബിജുവിന് ഫോൺ വരുന്നത്, എത്രയും വേഗം മേപ്പാടിയിലേക്ക് എത്തണമെന്ന്. അങ്ങനെയാണ് ഇദ്ദേഹം ആംബുലൻസുമായി മേപ്പാടിയിലേക്ക് പുറപ്പെടുന്നത്. കൂടെ ജിതിൻ പടനിലവും ഉണ്ടായിരുന്നു.
പുലർച്ചെ 2.30ന് ആംബുലൻസ് വർക്കേഴ്സ് യൂനിയന്റെ വാട്സ്ആപ് ഗ്രൂപ്പിൽ മേപ്പാടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസിൽ ഡ്രൈവർ ആയി പോകുന്ന സനൂബിന്റെ മെസേജ് കണ്ടാണ് ടി.കെ. റിയാസ് സംഭവം അറിയുന്നത്. തുടർന്ന് അതിരാവിലെ മേപ്പാടിയിലേക്ക് പോകുകയാണ് ചെയ്തത്. പ്രദേശത്തുനിന്നും മറ്റ് ഭാഗത്തുനിന്നും പോയ ആംബുലൻസുകളിൽ ഭക്ഷണ സാമഗ്രികളും വെള്ളവും മറ്റുമായാണ് അങ്ങോട്ടേക്ക് പുറപ്പെട്ടത്. തൊട്ടടുത്ത ദിവസമാണ് ഫിറോസ് സംഭവ സ്ഥലത്ത് എത്തിയത്.
തന്റെ ആംബുലൻസിൽ ബിജു എട്ടോളം മൃതദേഹങ്ങൾ മേപ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചു. റിയാസ് തന്റെ ആംബുലൻസിൽ പരിക്കേറ്റവരെയും മൃതദേഹവും ആശുപത്രിയിൽ എത്തിച്ചു. നിലമ്പൂരിൽനിന്ന് ലഭിച്ച മൃതദേഹങ്ങൾ ഫ്രീസർ ഉപയോഗിച്ച് മേപ്പാടിയിലേക്ക് എത്തിക്കുവാൻ ഫിറോസും ബിജുവുമാണ് പോയത്. നിലമ്പൂരിലുള്ള ഉൾക്കാടുകളിൽ പോയി ആദിവാസി മേഖലയിൽനിന്ന് മൃതദേഹം ഇവർ കൊണ്ടുവന്നു. പലതരം അപകടങ്ങളും മറ്റും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ ഒരു ദുരന്തം നേരിട്ട് കണ്ടപ്പോൾ രാത്രിയിൽ ഒന്ന് ഉറങ്ങാൻ കഴിയുന്നില്ല എന്നാണ് റിയാസ് പറയുന്നത്. റിയാസും സംഘവും പോകുമ്പോൾ രക്ഷപ്രവർത്തകർക്ക് ഉപയോഗിക്കാൻ 100 മഴക്കോട്ടുകൾ വാങ്ങിയിരുന്നു. പരിക്കേറ്റവർക്ക് ഫസ്റ്റ് എയ്ഡ് കൊടുത്തു. ചളിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് എലിപ്പനി വരാതിരിക്കാനുള്ള ഗുളികകൾ വിതരണം ചെയ്തു.
പല ഡ്രൈവർമാർക്കും രക്ഷാപ്രവർത്തനത്തിനിടെ ചെറിയ പരിക്കേറ്റു. പശുക്കൾക്ക് ഭക്ഷണവും ചളിയിലാണ്ടുപോയ പൂച്ചയെ എടുത്ത് കുളിപ്പിച്ചു ഭക്ഷണം കൊടുത്തതും റിയാസിന്റെ നേതൃത്വത്തിലുള്ള ആംബുലൻസിലെ ഡ്രൈവർ പ്രമോദ് ആയിരുന്നു. ഉരുൾപൊട്ടൽ ഉണ്ടായ ദിവസം രാവിലെ എത്തിയെങ്കിലും വാഹനം നിറയെ ഭക്ഷണങ്ങൾ കൊണ്ടുപോയെങ്കിലും ഇവർ എല്ലാവരും ഭക്ഷണം കഴിച്ചത് അടുത്ത ദിവസം പുലർച്ചെയും രാവിലെയുമൊക്കെയാണ്. ആർക്കും ഭക്ഷണം കഴിക്കാനുള്ള വിശപ്പില്ല. മൊത്തം ഒരു മരവിപ്പായിരുന്നു എന്ന് ഇവർ പറയുന്നു.
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ അന്ത്യ കർമങ്ങൾക്കായി പള്ളിയിലേക്കും പൊതു ശ്മശാനത്തിലേക്കും എത്തിച്ചു നൽകി. രണ്ടും മൂന്നും ദിവസവും അവിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ഇപ്പോഴും അവിടെ തുടരുന്നവരും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.