അണയാനൊരുങ്ങി ഏഴര പതിറ്റാണ്ടിെൻറ വെളിച്ചം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് വരുന്നതിനുമുമ്പുതന്നെ നാട്ടിൽ ജനങ്ങൾ ഒന്നിക്കുന്ന പ്രധാന കേന്ദ്രമായിരുന്ന വായനശാല അന്ത്യമൊഴിക്കൊരുങ്ങുന്നു.
84 കൊല്ലത്തോളം മായനാട് പ്രദേശത്തിന് അക്ഷരവെളിച്ചം നൽകിയ വായനശാലക്കാണ് പൊളിക്കൽ ഭീഷണി. നാടിെൻറ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ചർച്ചകളുടെ വേദിയായി 1937ൽ ആരംഭിച്ച മായനാട് ആനന്ദ ദായിനി പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമാണ് റോഡ് വികസനത്തിനായി പൊളിക്കുന്നത്.
15,000 പുസ്തകങ്ങളും എട്ടു പത്രങ്ങളും 40ലേറെ ആനുകാലികങ്ങളുമെല്ലാമുള്ള എ ഗ്രേഡ് ലൈബ്രറിക്കാണ് ഭീഷണി. മെഡിക്കൽ കോളജ് -കാരന്തൂർ റോഡ് 24 മീറ്ററാക്കി വീതികൂട്ടലിന് ഏറ്റെടുക്കുന്നതിൽ ലൈബ്രറിയും സ്ഥലവും ഉൾപ്പെടുന്നു. ആരെങ്കിലും സൗജന്യനിരക്കിൽ സ്ഥലം നൽകിയാലേ ദേശത്തിെൻറ ഈ അക്ഷരവെളിച്ചത്തിന് ആയുസ്സ് നീട്ടിക്കിട്ടൂ.
സ്ഥലം കിട്ടിയാൽ റോഡിന് വിട്ടുകൊടുത്തതിന് കിട്ടുന്ന നഷ്ടപരിഹാരത്തുകകൊണ്ട് െകട്ടിടമുണ്ടാക്കാമെന്നാണ് പ്രതീക്ഷയെന്ന് വായനശാല പ്രസിഡൻറ് വിശ്വനാഥൻ നായർ പറഞ്ഞു. ഒരു കാലത്ത് യുവാക്കളുടെ ആശയവിനിമയ കേന്ദ്രവും വിജ്ഞാനശാലയുമെല്ലാം ഇതായിരുന്നു.
കടത്തിണ്ണയിൽ തുടങ്ങി വാടക മുറിയിലെത്തിയ ലൈബ്രറിക്ക് 1949ൽ എരഞ്ഞോളി നാരായണൻ നായർ സൗജന്യമായി സ്ഥലം നൽകി. നാട്ടുകാർ മുഴുവൻ മുൻകൈയെടുത്താണ് ഒാടിട്ട കെട്ടിടമായത്. അക്കാലത്ത് സാഹിത്യസമാജം, വനിതാവേദി, ബാലസമാജം എന്നിവയെല്ലാം വായനശാലയിൽ സജീവമായിരുന്നു.
എല്ലാ കൊല്ലവും വാർഷികാഘോഷവും നാടകം, ഗാനമേള തുടങ്ങി പലവിധ കലാപ്രവർത്തനവും അരങ്ങേറിയിരുന്നു. ലൈബ്രറിയുടെ തെക്ക് 42 ഏക്കറോളം സ്ഥലം മെഡിക്കൽ കോളജിനായി ഏറ്റെടുക്കുംവരെ ഈ ഭാഗത്തെ നൂറോളം കുടുംബങ്ങൾ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
സജീവ പ്രവർത്തകർ മാറിത്താമസിച്ചതോടെ പ്രവർത്തനങ്ങൾക്ക് മന്ദിപ്പായി. 1957ൽ കേരള ഗ്രന്ഥശാല സംഘത്തിലും 95 മുതൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിലും രജിസ്റ്റർ ചെയ്തു. 1960 കളിൽ സ്ഥാപക പ്രസിഡൻറും മായനാട് യു.പി സ്കൂൾ ഹെഡ്മാസ്റ്ററുമായ ദാമോദര നമ്പീശെൻറ ധനസഹായത്തിൽ ഒരു നിലകൂടി പണിതു. 1971ൽ കൂടുതൽ സ്ഥലം വാങ്ങി വീണ്ടും വിപുലീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.