അയ്യപ്പൻകുളത്തിന് പുതുജീവൻ
text_fieldsകുന്ദമംഗലം: വർഷങ്ങൾ പഴക്കമുള്ള കുരിക്കത്തൂരിലെ അയ്യപ്പൻ കുളം നവീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യം ചെറിയ ചളിക്കുണ്ടായിരുന്ന അയ്യപ്പൻകുളം ഒരാൾക്ക് കുളിക്കാൻമാത്രം സൗകര്യമുള്ള ചെറിയ വെള്ളക്കുണ്ട് ആയിരുന്നു. അന്ന് ഇത് അയ്യപ്പൻകുണ്ടായിരുന്നു. ഇന്ന് ഇത് ഒരു നാടുമുഴുവൻ നീന്താൻ എത്തുന്ന കുളമായി മാറി.
നീന്തൽ പഠിക്കാനും വിനോദത്തിനും ഇന്ന് ഇങ്ങോട്ട് ആളുകളുടെ ഒഴുക്കാണ്. വെള്ളത്തിൽ വീണുള്ള അപകടങ്ങൾ നിത്യേന കേൾക്കുമ്പോൾ അപകടരഹിതമായി നീന്തൽ പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുമുണ്ട്. 1998ൽ ജനകീയസൂത്രണത്തിൽ ആദ്യമായി ഫണ്ട് ലഭിച്ചതോടെയാണ് കുളത്തിന്റെ രൂപത്തിൽ ആയത്. 2017ൽ ജില്ല പഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഫണ്ട് വകയിരുത്തി. 2021ൽ ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ കൂടി അയ്യപ്പൻകുളത്തിന് വേണ്ടി പാസാക്കി. എൻ.ആർ.ഇ.ജിയുടെ അഞ്ച് ലക്ഷം രൂപയും അടക്കം 35 ലക്ഷം രൂപയാണ് മൊത്തം കുളത്തിന് വേണ്ടി വകയിരുത്തിയത്. അതിന് ശേഷമാണ് ഇന്ന് കാണുന്ന മനോഹരമായ കുളമായി അയ്യപ്പൻകുളം മാറുന്നത്.
എസ്.എസ്.എൽ.സി കുട്ടികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വന്നതോടെ പ്രദേശത്തെ കുട്ടികൾ എല്ലാവരും നീന്തൽ പരിശീലനം നേടണമെന്ന് തീരുമാനിക്കുകയും അയ്യപ്പൻ കുളത്തിൽ അതിനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കുകയും ചെയ്തു. അതിന് ശേഷമാണ് സരിലയ എന്ന ക്ലബും സംഘപാടം പ്രവർത്തകരും അയ്യപ്പൻകുളം നവീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയത്. നിലവിൽ കുളത്തിൽ ദിവസം 200ഓളം ആളുകൾ വരുന്നുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു.
ഉദ്ഘാടനത്തിനൊരുങ്ങുന്ന അയ്യപ്പൻകുളത്തിലേക്ക് ജാക്കറ്റ്, റിങ്, കയർ തുടങ്ങി നീന്തൽ പരിശീലനത്തിന് വേണ്ട എല്ലാ സാമഗ്രികളും സംഘപാടം, സരിലയ പ്രവർത്തകർ തയ്യാറാക്കിയിട്ടുണ്ട്. കുളത്തിന് ഏഴ് മീറ്റർ ആഴമുണ്ട്. കുളത്തിന് തൊട്ടടുത്ത് അല്പംകൂടി സ്ഥലം ലഭിച്ചാൽ പവലിയൻ, ബാത്ത് റൂമുകൾ, ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ കഴിയുമെന്ന് മുൻ മെംബർകൂടിയായ എം.എം. സുധീഷ് കുമാർ പറഞ്ഞു. 25 ലക്ഷ രൂപയും കൂടി അധികൃതർ പാസാക്കിയാൽ കുളത്തിലേക്ക് വാഹന സൗകര്യം ഏർപ്പെത്താൻ സ്ഥലവും അനുബന്ധ കാര്യങ്ങളും ഒരുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് നീന്തൽ പരിശീലനത്തിന് പ്രത്യേക സമയം ഏർപ്പെടുത്തിയിട്ടുണ്ട്. തൊട്ടടുത്ത് ഇതുപോലെ നാട്ടുകാരുടെ സഹായത്തോടെ വീണ്ടെടുത്ത കണ്ടംകുളവും അയ്യപ്പൻകുളത്തിന്റെ കൂടെ ഉദ്ഘാടനത്തിനൊരുങ്ങിട്ടുണ്ട്. മൂന്നിന് അയ്യപ്പൻകുളവും കണ്ടൻകുളവും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ. റഹീം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മാധവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.