ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മർദനം; രണ്ടാം പ്രതി പിടിയിൽ
text_fieldsകുന്ദമംഗലം: ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് യുവാവിനെ സംഘംചേർന്ന് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ദേശീയപാതയിൽ മുറിയനാലിൽ കഴിഞ്ഞ 13ന് രാത്രിയിലാണ് കേസിനാസ്പദമായസംഭവം. ഓമശ്ശേരി വെളിമണ്ണ കുണ്ടത്തിൽ വീട്ടിൽ മുഹമ്മദ് റിജാസ് (24) ആണ് പൊലീസ് പിടിയിലായത്. ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്.
കുന്ദമംഗലം എസ്.ഐ പ്രദീപ്കുമാർ, എസ്.സി.പി.ഒ സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസിൽനിന്ന് കൊടുവള്ളിയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മുറിയനാലിൽവെച്ച് സ്ഥിരമായി ഒരു സംഘം ലഹരി ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഈ സംഘത്തെ നാട്ടിലെ യുവാക്കൾ ചോദ്യം ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. തൊട്ടടുത്ത ദിവസം ഇവർ സംഘടിച്ചെത്തി യുവാക്കളെ മർദിക്കുകയായിരുന്നു. മുറിയനാൽ സ്വദേശി കെ.പി. ഷാദിലിന് സാരമായി പരിക്കേൽക്കുകയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഓപറേഷൻ കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്ന ഷാദിലിന് ഇതുവരെ സംസാരശേഷി തിരിച്ചുകിട്ടിയില്ലെന്ന് പിതാവ് പറഞ്ഞു. യുവാവിന്റെ തലക്കാണ് ഗുരുതര പരിക്കേറ്റത്. തലയിലെ ഞരമ്പിന് പരിക്കേറ്റതുകൊണ്ടാണ് നിലവിൽ സംസാരിക്കാൻ കഴിയാത്തതെന്നും ഷാദിലിന്റെ പിതാവ് അസീസ് പറഞ്ഞു.
വിഷയത്തിൽ നാട്ടുകാർ ജനകീയ ലഹരി വിരുദ്ധ മുന്നണി ഉണ്ടാക്കുകയും ലഹരിക്കെതിരെ നാട്ടിൽ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. ലഹരി ഉപയോഗിച്ച സംഘത്തെ ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നും സംഘത്തിലെ മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ലഹരിവിരുദ്ധ മുന്നണി ചെയർമാൻ റിയാസ് മുറിയനാൽ പറഞ്ഞു.
രണ്ടാഴ്ചയോളമായിട്ടും മറ്റ് പ്രതികളെ പിടിക്കാൻ കഴിയാത്തതിനാൽ തിങ്കളാഴ്ച ലഹരി വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിൽ നാട്ടിലെ സർവകക്ഷി സംഘം കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടറെ കാണുമെന്നും പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയില്ലെങ്കിൽ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്നും ചെയർമാൻ റിയാസ് മുറിയനാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.