ഇനി ഞാൻ ഒഴുകട്ടെ; ചാത്തൻകാവ് തോടിന് പുതുജീവൻ
text_fieldsകുന്ദമംഗലം: ചാത്തൻകാവ് തോടിന് പുതുജീവൻ നൽകി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കുന്ന ‘നീരുറവ്’ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചാണ് ചാത്തൻകാവ് തോട് വീണ്ടെടുത്തത്. തോട് നവീകരണവുമായി ബന്ധപ്പെട്ട് രണ്ട് എസ്റ്റിമേറ്റുകളാണ് അധികൃതർ തയാറാക്കിയിരുന്നത്. 4,99,000 രൂപയുടെ ആദ്യ എസ്റ്റിമേറ്റിൽ മണ്ണെടുത്ത് മാറ്റലും അരികുഭിത്തി ഉറപ്പുവരുത്തുകയും ബോളർ വെച്ച് കെട്ടുന്ന പ്രവൃത്തിയുമാണ് ഉൾപ്പെട്ടത്. അരിക് ഭാഗം ബോളർ വെച്ച് കെട്ടുന്ന പ്രവൃത്തി മാത്രമാണ് ഇതിൽ ബാക്കിയുള്ളത്. മഴ മാറിയാൽ അതും ഉടൻ പൂർത്തിയാക്കും.
100 മീറ്റർ നീളത്തിലും 1.20 മീറ്റർ ഉയരത്തിലുമാണ് ബോളർ ഉപയോഗിച്ച് കെട്ടുന്നത്. രണ്ടാമത്തെ എസ്റ്റിമേറ്റ് മൂന്നു ലക്ഷം രൂപയുടേതാണ്. കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തിയും മണ്ണെടുത്ത് മാറ്റുന്നതുമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് പതിമൂന്നിൽനിന്ന് ഉത്ഭവിച്ച് വാർഡ് 12, പിന്നീട് 10, 11 വാർഡുകളിലെ അതിരുകളിലൂടെയുമാണ് തോട് ഒഴുകുന്നത്.
സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജലബജറ്റിന്റെയും ഗ്രാമപഞ്ചായത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടത്തിയ ജല സാങ്കേതിക സമിതി യോഗത്തിന്റെയും തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് ചാത്തൻകാവ് തോട് വീണ്ടെടുക്കൽ നടപ്പാക്കുന്നത്. 2023 മേയ് 10ന് നീരുറവ് പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മൂന്നു വർഷത്തോളമായി മണ്ണടിഞ്ഞും മാലിന്യം നിറഞ്ഞും നശിച്ചുകൊണ്ടിരുന്ന തോടിന്റെ പുനരുജ്ജീവനത്തിന് തുടക്കം കുറിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കാട് വെട്ടി, അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്തു.
405 തൊഴിൽ ദിനങ്ങളിലായി 750 മീറ്റർ നീളത്തിൽ 1.50 മീറ്റർ വീതിയിൽ 40 സെന്റിമീറ്റർ ആഴത്തിൽ മണ്ണെടുത്ത് ഒഴുക്ക് വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളാണ് ആദ്യ എസ്റ്റിമേറ്റിന്റെ ഭാഗമായി പൂർത്തീകരിച്ചത്. 4,99,000 രൂപ വകയിരുത്തിയ പദ്ധതിയിൽ ഇതുവരെ 135198 രൂപ ചെലവഴിച്ചു. രണ്ട് എസ്റ്റിമേറ്റിലുമായി ആകെ 834 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്ന് അധികൃതർ പറഞ്ഞു.
വേനൽക്കാലത്ത് തോട് വറ്റി കൃഷി നടത്താനാകാത്ത സാഹചര്യവും തോടിന്റെ ചില സ്ഥലങ്ങളിൽ വശങ്ങൾ ഇടിഞ്ഞ് മഴ പെയ്യുമ്പോൾ വയലിന് സമാന്തരമായി വെള്ളം നിൽക്കുന്ന സാഹചര്യമുണ്ട്. മഴക്കാലം കഴിയുമ്പോൾ തോടിന്റെ ഇരു വശവുമുള്ള സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവർത്തനം നടത്തും. തോട് വീണ്ടെടുക്കുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കാനും കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കാനും സാധിക്കും. ഈ വർഷം കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ 16950 എം. സ്ക്വയർ കയർ ഇതുവരെ ഭൂവസ്ത്രമിടുന്നതിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
19 തോടിന്റെയും രണ്ടു പുഴയുടെയും പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്ത് പൂർത്തിയാക്കിയിട്ടുണ്ടെന്നും പുഴ ആഴവും വീതിയും കൂട്ടുന്നതിന്റെയും ഭാഗമായി എടുത്തുമാറ്റുന്ന മണ്ണ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പുഴയുടെ അരിക് സംരക്ഷിക്കുന്ന രീതിയിൽ പൂനൂർ പുഴയിലും ചെറുപുഴയിലും ഭൂവസ്ത്രം വിരിച്ചിട്ടുണ്ടെന്നും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസി. എൻജിനീയർ എൻ.പി. ദാനിഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.