ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫിസ്; സ്വന്തം കെട്ടിടമുണ്ടായിട്ടും വാടക കെട്ടിടത്തിൽ
text_fieldsകുന്ദമംഗലം: കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 1.05 കോടി രൂപ ചെലവഴിച്ച് ആധുനികസൗകര്യങ്ങളോടെ സ്വന്തം കെട്ടിടം നിർമിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത് സൗകര്യം കുറഞ്ഞ വാടക കെട്ടിടത്തിൽ.
നേരത്തെയുണ്ടായിരുന്ന നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി 2020 ഫെബ്രുവരി 18ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് ആരംഭിച്ചശേഷം പണി പൂർത്തിയായി കഴിഞ്ഞ നവംബർ 28നാണ് മന്ത്രി വി.എൻ. വാസവൻ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
മൂന്ന് നിലകളിലായി നിർമിച്ച കെട്ടിടത്തിൽ ഓഫിസ്, വിശ്രമമുറി, റെക്കോഡ് റൂം, മീറ്റിങ് ഹാൾ, ഡൈനിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. 44 സെന്റ് സ്ഥലത്ത് 416.63 സ്ക്വയർ മീറ്റർ അളവിലാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ചാത്തമംഗലം, കുന്ദമംഗലം, പൂളക്കോട്, കുറ്റിക്കാട്ടൂർ, പെരുവയൽ വില്ലേജ് പരിധിയിൽ വരുന്ന വസ്തുകൈമാറ്റങ്ങളുടെ രേഖകൾ സൂക്ഷിക്കുന്നതും അവയുമായി ബന്ധപ്പെട്ട വിവിധതരം സേവനങ്ങൾ നൽകുന്നതും ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫിസിൽനിന്നാണ്.
പുതിയ കെട്ടിടം നിർമിക്കാൻവേണ്ടി ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച കെട്ടിടം പൊളിച്ചുമാറ്റിയതോടെ സബ് രജിസ്ട്രാർ ഓഫിസ് വെസ്റ്റ് ചാത്തമംഗലത്ത് സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും മറ്റും എത്തിപ്പെടാൻ പ്രയാസമുള്ള മതിയായ സൗകര്യങ്ങളില്ലാത്ത കെട്ടിടത്തിന് വർഷങ്ങളായി അര ലക്ഷത്തോളം രൂപ വാടകയിനത്തിൽ നൽകുന്നുണ്ടെന്നാണ് വിവിധ സംഘടനകളുടെ പരാതി.
സബ് രജിസ്ട്രാർ ഓഫിസ് പരിസരത്ത് പുതിയ കെട്ടിടം നിർമിക്കാൻ ധാരാളം സ്ഥലമുണ്ടെന്നിരിക്കെ പൈതൃകപദവി നൽകി സംരക്ഷിക്കേണ്ട പഴയകെട്ടിടം പൊളിച്ചുമാറ്റുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 1908ൽ ബ്രിട്ടീഷുകാർ നിർമിച്ച കെട്ടിടമായിരുന്നു പഴയ സബ് രജിസ്ട്രാർ ഓഫിസ്.
പ്രതിഷേധം അവഗണിച്ച് പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പൂർത്തിയായിട്ടും ഓഫിസ് വാടക കെട്ടിടത്തിൽതന്നെ പ്രവർത്തിക്കുന്നത് ദുരൂഹമാണെന്നാണ് വിവിധ സംഘടനകൾ ആരോപിക്കുന്നത്. യൂത്ത് കോൺഗ്രസ് ഉൾപ്പെടെ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ റീത്ത് വെച്ച് സമരമടക്കം നടത്തിയിരുന്നു.
അതേസമയം, ഓഫിസ് ഉപകരണങ്ങൾ സ്ഥാപിക്കുന്നത് വൈകുന്നതും ഫർണിഷിങ് പൂർത്തിയാകാത്തതുംമൂലമാണ് പുതിയ കെട്ടിടത്തിലേക്ക് മാറാത്തതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. പ്രവൃത്തികൾക്ക് കരാറുകാരനെ ഏൽപിച്ചിട്ടുണ്ടെന്നും അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.