ഇതര സംസ്ഥാന തൊഴിലാളിയെ കെട്ടിയിട്ട് മർദിച്ചതായി പരാതി
text_fieldsകുന്ദമംഗലം: ഇതര സംസ്ഥാന തൊഴിലാളിയെ കെട്ടിയിട്ട് മർദിച്ചതായി പരാതി. വിസിറ്റിങ് കാർഡിൽ ഉള്ള നമ്പറിൽ വിളിച്ച് ജോലി അന്വേഷിച്ചു പോയ വെസ്റ്റ് ബംഗാൾ സ്വദേശിയായ ഉദ്ധം ചോട്ടാ ഉബാധ്യയ് എന്നയാൾക്കാണ് മർദനമേറ്റത്. ഈ മാസം മൂന്നിന് തമിഴ്നാട്ടിലെ സേലത്ത് വെച്ചാണ് സംഭവം. യുവാവിന്റെ സഹോദരൻ കുന്ദമംഗലത്ത് ജോലിചെയ്തു താമസിക്കുന്ന ആളാണ്. അങ്ങനെയാണ് ഇയാൾ കുന്ദമംഗലത്ത് എത്തുന്നത്. ഇയാൾക്ക് സഹായവുമായി കുന്ദമംഗലത്തുള്ള സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിലും സുഹൃത്തുക്കളും രംഗത്തെത്തി. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കിട്ടിയ വിസിറ്റിങ് കാർഡ് കൊണ്ടാണ് ഇയാൾ സേലത്തേക്ക് പോയത്. കാർഡിൽ രേഖപ്പെടുത്തിയ നമ്പറിലും മറ്റു പല നമ്പറിലും ബന്ധപ്പെട്ട ശേഷം ആണ് ഇയാൾ പോയത്. ഇയാൾക്കൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു.
സേലം എത്തിയ ശേഷം ഇവരെ കമ്പനി വണ്ടി എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരു സംഘം വണ്ടിയിൽ കയറ്റുകയും വനപ്രദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ, അവിടെ ഉള്ള ഒരു ബിൽഡിങ്ങിൽ ഇവരെ കയറ്റി ഇവരുടെ വാച്ച്, പഴ്സ്, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എല്ലാം തട്ടിക്കൊണ്ടുപോയവർ കവർന്നു. തുടർന്ന് മണിക്കൂറുകളോളം മർദിക്കുകയും ചെയ്തു. ഇഷ്ടികകൊണ്ടും മരക്കഷണംകൊണ്ടും വളരെ ക്രൂരമായാണ് തട്ടിപ്പുസംഘം ഉപദ്രവിച്ചതെന്ന് യുവാവ് പറയുന്നു. തുടർന്ന് ഇയാളുടെ വീട്ടിലേക്ക് വിളിച്ച ശേഷം 35,000 രൂപ തട്ടിപ്പുസംഘം നിർദേശിച്ച അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറഞ്ഞു എന്നും പരാതിയിൽ പറയുന്നു. ഇതിനു ശേഷമാണ് തട്ടിപ്പുസംഘം ഇവരെ വിടുന്നത്. ഇയാൾ കേരളത്തിലേക്കും സുഹൃത്തുക്കൾ സ്വന്തം നാട്ടിലേക്കുമാണ് പോയത്. കുന്ദമംഗലത്തുള്ള ഒരു കട ഉടമയോട് ഇയാൾ കാര്യങ്ങൾ ബോധിപ്പിച്ചു. തുടർന്ന് ഉടമ മനുഷ്യാവകാശ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ നൗഷാദ് തെക്കെയിലിനെ സമീപിച്ചു. നൗഷാദ് ഇടപെട്ട് കുന്ദമംഗലം സി.ഐ എസ്. ശ്രീകുമാറിനോട് സംസാരിക്കുകയും തുടർന്ന് പരാതി കൊടുക്കുകയും ചെയ്തു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. തട്ടിപ്പുസംഘത്തിന് പിന്നിൽ വലിയ മാഫിയതന്നെ ഉണ്ടാകാം എന്ന് നൗഷാദ് തെക്കയിൽ പറഞ്ഞു. പരാതി കിട്ടിയിട്ടുണ്ടെന്നും അത് തമിഴ്നാട് പൊലീസിന് കൈമാറുമെന്നും കുന്ദമംഗലം സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.