പി.ഡബ്ല്യൂ.ഡി അധികൃതർ സ്വകാര്യ സ്ഥലം കൈയേറിയതായി പരാതി
text_fieldsകുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലം- വയനാട് റോഡിൽ പന്തീർപാടത്ത് ദേശീയപാതയുടെ വളവ് നിവർത്തുന്നതിനുവേണ്ടി ഉടമസ്ഥന്റെ അറിവോ സമ്മതമോ കൂടാതെ പി.ഡബ്ല്യൂ.ഡി അധികൃതർ സ്വകാര്യസ്ഥലം കൈയേറി യതായി ഉടമസ്ഥൻ യൂസുഫ് കുന്ദമംഗലം പൊലീസിൽ പരാതി നൽകി.
സർക്കാർ നിയമമനുസരിച്ച് റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അടുത്തുകിടക്കുന്ന സ്വകാര്യഭൂമിയിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്താൻ മുൻകൂട്ടി നോട്ടീസ് കൊടുത്ത് നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതാണ്.
എന്നാൽ, ഒരു ഫോൺവിളിപോലും നടത്താതെ തന്റെയും സഹോദരന്റെയും പേരിലുള്ള ഭൂമിയിലേക്ക് ബുൾഡോസറും ഹിറ്റാച്ചിയും അടക്കമുള്ള യന്ത്രങ്ങളുമായി കടന്നുകയറുകയായിരുന്നു എന്ന് യൂസുഫ് പറഞ്ഞു. തന്റെ ഭൂമിയിലെ അതിർകെട്ട് പൊളിച്ച് കടന്നുകയറിയത് 367/24 നമ്പർ സർവേയിൽപെട്ട സ്ഥലത്താണ്. ഇത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും സ്ഥലം എം.എൽ.എ പി.ടി.എ. റഹീമിനും പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർക്കും പരാതി നൽകിയിട്ടുണ്ടെന്നും യൂസുഫ് പറഞ്ഞു. പി.ഡബ്ല്യൂ.ഡി അധികൃതർക്ക് നൽകിയ പരാതിയിൽ ദേശീയപാതയുടെയും തന്റെയും സ്ഥലം നിർണയിക്കുന്നതുവരെ മറ്റ് പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് യൂസുഫ് ആവശ്യപ്പെട്ടു.
അതേസമയം, റോഡിന്റെ വളവ് നിവർത്തുന്നതിന്റെ ഭാഗമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു എന്നും ഏറ്റെടുക്കുന്നത് യഥാർഥ ഉടമസ്ഥനെ അറിയിക്കുന്നതിൽ ചില പിശകുകൾ പറ്റിയെന്നും പി.ഡബ്ല്യൂ.ഡി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.