തണ്ണീർത്തടങ്ങളുടെ പുനഃസ്ഥാപനത്തിന് പദ്ധതികളുമായി സി.ഡബ്ല്യു.ആർ.ഡി.എം
text_fieldsകുന്ദമംഗലം: ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് അവ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും വ്യത്യസ്ത പദ്ധതികളുമായി സി.ഡബ്ല്യു.ആർ.ഡി.എം. ആദ്യപടിയായി വിദ്യാർഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് സർവേ നടത്തി തണ്ണീർത്തടങ്ങളുടെ സ്ഥിതി വിവര ശേഖരം നടത്തും.
‘തണ്ണീർത്തടങ്ങളുടെ പുനഃസ്ഥാപനത്തിന് സമയമായി’ എന്നതാണ് ഈ വർഷത്തെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം. തണ്ണീർത്തടങ്ങളിലെ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലും കാലാവസ്ഥ വ്യതിയാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിന് സി.ഡബ്ല്യു.ആർ.ഡി.എമ്മിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 45 ലക്ഷം രൂപയുടെ കോർ റിസർച്ച് ഗ്രാന്റ് അടുത്തിടെ ലഭിച്ചിരുന്നു. ശാസ്ത്രജ്ഞൻ ഡോ. കെ.ആർ. രഞ്ജിത്താണ് മുഖ്യഗവേഷകൻ.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ കീഴിൽ 2017ൽ നിലവിൽ വന്ന സംസ്ഥാന തണ്ണീർത്തട അതോറിറ്റിക്ക് സാങ്കേതിക സഹകരണം സി.ഡബ്ല്യു.ആർ.ഡി.എം നൽകിവരുന്നു. രാംസാർ അന്താരാഷ്ട്ര സംരക്ഷിത തണ്ണീർത്തടങ്ങളുടെ ലിസ്റ്റിൽ കേരളത്തിലെ മൂന്ന് തണ്ണീർത്തടങ്ങളാണ് ഉൾപ്പെട്ടത്.
ആലപ്പുഴ മുതൽ തൃശൂർ വരെ നാല് ജില്ലകളിലുൾപ്പെടുന്ന വേമ്പനാട് കോൾ തണ്ണീർത്തടം, അഷ്ടമുടി കായൽ, ശാസ്താംകോട്ട കായൽ എന്നിവയാണവ. ഈ മൂന്ന് തണ്ണീർത്തടങ്ങളെയും സംരക്ഷിത തണ്ണീർത്തടങ്ങളായി പ്രഖ്യാപിക്കാനുള്ള കാര്യങ്ങൾക്ക് മുൻകൈയെടുത്തത് സി.ഡബ്ല്യു.ആർ.ഡി.എമ്മാണ്. 2002 ലാണ് ഈ മൂന്ന് തണ്ണീർത്തടങ്ങളും ലോക പട്ടികയിലുൾപ്പെടുന്നത്.
അതിനുശേഷം കേരളത്തിൽനിന്ന് ഇതുവരെ മറ്റൊരു തണ്ണീർത്തടവും ഈ ലോക സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. വേമ്പനാട് കോൾ തണ്ണീർത്തട സംരക്ഷണത്തിനു വേണ്ടി സംയോജിത പരിപാലന പദ്ധതി തയാറാക്കുന്നത് സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെയും ഡൽഹി ആസ്ഥാനമായ വെറ്റ്ലാൻഡ് ഇന്റർനാഷനൽ സൗത്ത് ഏഷ്യയുടെയും നേതൃത്വത്തിലാണ്.
സംസ്ഥാന തണ്ണീർത്തട അതോറിറ്റിക്കു വേണ്ടി കേരളത്തിലെ കോട്ടൂളി, കവ്വായി, കടലുണ്ടി തുടങ്ങിയ എട്ടോളം തണ്ണീർത്തടങ്ങളുടെ സമഗ്ര പഠന രേഖ (ഡി.പി.ആർ) സി.ഡബ്ല്യു.ആർ.ഡി.എം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക തണ്ണീർത്തട ദിനാഘോഷത്തിന്റെ ഭാഗമായി സി.ഡബ്ല്യു.ആർ.ഡി.എം മറ്റു നിരവധി പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
തണ്ണീർത്തട സംരക്ഷണ ബോധവത്കരണം, എക്സിബിഷൻ, ഡോക്യുമെന്ററി, ചിത്രപ്രദർശനം തുടങ്ങി പലവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി ആസ്ഥാനമായ കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പിന്റെ കീഴിലുള്ള സി.എം.എൽ.ആർ.ഇ ഡയറക്ടർ ഡോ. ജി.വി.എം. ഗുപ്ത ആണ് മുഖ്യാതിഥി. സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പിന്റെ കീഴിലാണ് തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾ നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.