ഗാന്ധിപ്രതിമയും ഛായാചിത്രവും ഒരുക്കി ദേവസ്യ ദേവഗിരി
text_fieldsകുന്ദമംഗലം: ഗാന്ധിജിയുടെ പ്രതിമയും ഛായാചിത്രവും നിർമിക്കുന്ന ഒരാളുണ്ട് ഇവിടെ. ചിത്രകാരൻ പെരിങ്ങൊളം മാറാപ്പിള്ളിൽ വീട്ടിൽ ദേവസ്യ ദേവഗിരി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിപ്രതിമ നിർമിച്ചിരിക്കുകയാണ് ദേവസ്യ. സിമന്റിൽ നിർമിച്ച പ്രതിമക്ക് മൂന്നടി ഉയരമുണ്ട്. പ്രതിമയിലുള്ള കണ്ണട ചെറിയ കമ്പി ഉപയോഗിച്ച് സ്വന്തമായി നിർമിച്ചതാണ്.
ഗാന്ധിജിയെ വേറിട്ട രീതിയിൽ ദേവസ്യയുടെ വരകളിലും നിർമാണങ്ങളിലും തെളിയുന്നത് ഇതാദ്യമല്ല. ഒരു സ്വാതന്ത്ര്യദിനത്തിൽ 250ഓളം ഗാന്ധിജിയുടെ ചിത്രങ്ങളിൽ വിവിധ മുഖഭാവങ്ങൾ അക്രിലിക് പെയിന്റിങ്ങിൽ വരച്ചിരുന്നു. ഈ ഛായാചിത്രത്തിന് ഗാന്ധിദർശന്റെ 2021ലെ ഗാന്ധിസ്മൃതി അവാർഡ് ലഭിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗാന്ധി ചെയറിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിപഥം പരിപാടിയിൽ 200 മീറ്റർ ഒറ്റ കാൻവാസിൽ ഗാന്ധിജിയുടെ ജീവചരിത്രം വരച്ചു. രണ്ടു വർഷം മുമ്പ് സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിയുടെ ഛായാചിത്രം നിർമിച്ചു. അഞ്ചടി ഉയരവും മൂന്നടി വീതിയിലുമായി ഒറ്റ കാൻവാസിലെ ഛായാചിത്രത്തിൽ 1857 മുതൽ 1947 വരെയുള്ള വിവിധ സംഭവങ്ങൾ സൂക്ഷ്മതയിൽ തെളിഞ്ഞു കാണുന്ന രീതിയിലായിരുന്നു വരച്ചത്. ഗാന്ധിയുടെ യൗവനകാലം മുതൽ നെഹ്റു, ശ്രീനാരായണ ഗുരു എന്നിവരുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ ആയിരത്തിലേറെ ചിത്രങ്ങൾ കൂട്ടിയിണക്കിയായിരുന്നു വര.
ഗാന്ധിജിയുടെ സന്ദേശം ലോകത്തിന് മുഴുവൻ ഉള്ളതാണെന്ന ആശയത്തിൽ നിരവധി ഗാന്ധിത്തലകൾ വരച്ചതിന്റെ മുകൾ ഭാഗത്ത് ചന്ദ്രക്കല തെളിയുന്നതായിട്ടാണ് ഒരു ചിത്രം. കടലാസുകൊണ്ട് ഗാന്ധിജിയുടെ കൊളാഷ് നിർമിച്ചു. 1007ഓളം പ്രശസ്തരുടെ മുഖം 27 മീറ്റർ പേപ്പറിൽ വരച്ച് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡിലും ഇടം നേടി.
ഗാന്ധിജിയുടെ രൂപഭംഗിയല്ല, ആദർശമാണ് നിരന്തരം ഗാന്ധിപ്രതിമകളും ഛായാചിത്രങ്ങളും മറ്റും നിർമിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ദേവസ്യ പറഞ്ഞു. ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. 2500ലേറെ അക്രിലിക്-പെയിന്റിങ് ശേഖരമുണ്ട്. വീടിന് മുകളിൽ ആർട്ട് ഗാലറി പണിത് ചിത്രരചനയിലും ശിൽപനിർമാണത്തിലും ഗവേഷണം നടത്തുകയാണ്. ഭാര്യ: ഗ്ലാഡിസ് ദേവസ്യ. മക്കൾ: റോണി ദേവസ്യ, റെന്നി ദേവസ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.