ഒഴുകാതെ ഓവുചാലുകൾ
text_fieldsകുന്ദമംഗലം: കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലുമുള്ള ഓവുചാലുകളിൽ മിക്കതും അടഞ്ഞതോടെ മഴവെള്ളവും മാലിന്യവും റോഡിലും കടകളിലും പറമ്പിലും. കനത്ത മഴയിൽ റോഡിലൂടെയാണ് വെള്ളം കുത്തിയൊലിച്ചു പോകുന്നത്. പലയിടത്തും കടകളിലുംവെള്ളം കയറുന്നു.
ഓവുചാലുകൾ ചിലയിടങ്ങളിൽ അശാസ്ത്രീയമായും ചിലയിടത്ത് പൂർണമാകാതെയുമാണുള്ളത്. ചില ഭാഗങ്ങളിൽ ഓവുചാലുകൾ അടഞ്ഞു കിടക്കുന്നുണ്ട്. കുന്ദമംഗലം മുക്കം റോഡ് ജങ്ഷനിൽ മഴ പെയ്യുമ്പോഴേക്കും റോഡിൽ വെള്ളം കെട്ടി നിൽക്കുകയും കടകളിൽ വെള്ളം കയറുകയുമാണ്.
ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ചെത്തുകടവ് ഭാഗത്ത് മഴവെള്ളവും ചളിയും എല്ലാം മഴയിൽ റോഡിലൂടെ ഒഴുകുകയാണ്. ഇവിടെ പലഭാഗത്തും ഓടകൾ അടഞ്ഞു കിടക്കുകയാണ്. മഴക്കുശേഷം ഇവിടെ മൺതിട്ടകൾ രൂപപ്പെടുകയും ഇരുചക്ര വാഹനങ്ങളും മറ്റും അപകടത്തിൽ പെടുകയും ചെയ്യുന്നത് പതിവാണ്. കാരന്തൂർ ഒവുങര ഭാഗത്തും ഓടയിലൂടെ പോകേണ്ട വെള്ളം റോഡിലൂടെയാണ് പോകുന്നത്.
ഇവിടെയും നിരവധി കടകകളിൽ വെള്ളം കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. വയനാട് റോഡ് ദേശീയപാതയിൽ സിന്ധു തിയേറ്ററിന് സമീപം ഓവുചാലിൽ വെള്ളം ബ്ലോക്ക് ആയതിനെ തുടർന്ന് തൊട്ടടുത്തുള്ള ചെടികൾ വിൽപന നടത്തുന്ന നഴ്സറിയിൽ വെള്ളം കയറി. മുക്കം റോഡിൽ ഫെഡറൽ ബാങ്കിനുസമീപം ചെറിയ മഴ പെയ്യുമ്പോഴേക്ക് റോഡ് മുഴുവൻ വെള്ളമാണ്.
ആനപ്പാറ-വിരുപ്പിൽ ഇടറോഡിൽ ചാത്തൻകാവ് ഭാഗത്ത് വെള്ളക്കെട്ട് പ്രതിസന്ധിയാകുന്നു. വരിയട്ട്യാക്ക്-ചാത്തൻകാവ് റോഡ് ഉയർത്തിയതോടെ ഇവിടെയുള്ള ചെറിയ ഓവുചാലിലൂടെ വെള്ളം കുറഞ്ഞ രീതിയിൽ പോകുന്നതിനാലാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്.
സ്കൂൾ തുറക്കുന്ന സമയമാകുന്നതിനാൽ പലയിടത്തും റോഡിലുള്ള വെള്ളക്കെട്ട് വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. സ്കൂൾ തുറക്കുന്നതിനും മഴ ശക്തി പ്രാപിക്കുന്നതിനും മുന്നോടിയായി ഓവുചാലുകൾ വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.