കുന്ദമംഗലം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് പരിസ്ഥിതി മിത്രം അവാർഡ്
text_fieldsകുന്ദമംഗലം: സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ 2022 വർഷത്തെ ‘പരിസ്ഥിതി മിത്ര’ പുരസ്കാരത്തിന് കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. ദർശനം സാംസ്കാരിക വേദിയുമായി അവാർഡ് പങ്കിടും. 1978ൽ സർക്കാറിന് കീഴിൽ സ്വയംഭരണ സ്ഥാപനമായി ആരംഭിച്ച സ്ഥാപനം പിന്നീട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നിയന്ത്രണത്തിലേക്ക് മാറി.
കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ജലശാസ്ത്ര പഠനങ്ങളും ജല പരിപാലന രീതികളും ആവിഷ്കരിക്കുന്നതിൽ സി.ഡബ്ല്യു.ആർ.ഡി.എം ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.
വ്യത്യസ്ത മേഖലകളിലെ 36 ശാസ്ത്രജ്ഞർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. യു.എൻ.ഡി.പി യൂനിസെഫ്, യു.എൻ.ഇ.പി, ഐ.എ.ഇ.എ, വേൾഡ് ബാങ്ക്, വെറ്റ്ലാന്റ് ഇന്റർനാഷനൽ ബ്രിട്ടീഷ് ജിയോളിക്കൽ സർവേ, യൂറോപ്യൻ യൂനിയൻ തുടങ്ങി നിരവധി അന്തർദേശീയ ഏജൻസികളുമായി യോജിച്ച് ഗവേഷണ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
ഐ.എസ്.ഒ അംഗീകാരവും കഴിഞ്ഞ വർഷം സ്ഥാപനത്തിന് ലഭിച്ചു. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.