ഒടുവിൽ ദിയക്ക് അധികൃതരുടെ ദയ
text_fieldsകുന്ദമംഗലം: ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത് ഗുരുതര പരിക്കേറ്റ ദിയക്ക് ചികിത്സ സഹായം നൽകാൻ ഒടുവിൽ സർക്കാർ ഉത്തരവ്. കുന്ദമംഗലം കാരന്തൂർ സ്വദേശിയായ ദിയ അഷ്റഫിന് കഴിഞ്ഞ വർഷം നവംബർ 13നായിരുന്നു മത്സരത്തിനിടെ പരിക്കേറ്റത്. 18കാരിയായ ദിയ അന്ന് 39 കാരിയോടായിരുന്നു മത്സരിച്ചത്. ദിയയുടെ വലത് കൈയുടെ തോളെല്ലിന്റെയും മുട്ടിന്റെയും ഇടയിലുള്ള ഭാഗം ഒടിഞ്ഞുതൂങ്ങിയിരുന്നു. എല്ല് പൊട്ടിച്ചീന്തുകയും ഞരമ്പിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മത്സരം നടത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.
മാസങ്ങൾ നീണ്ട നിരന്തരമായ ചികിത്സയെ തുടർന്ന് കുടുംബം ചികിത്സാ സഹായത്തിന് പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഫലമുണ്ടാകാത്തതിനെ തുടർന്ന് മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ ഉണ്ടാവുകയും ചെയ്തിരുന്നു. നിരവധി സംഘടനകൾ വിഷയത്തിൽ ഇടപെടുകയും ദിയക്ക് ചികിത്സാ സഹായം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്നും സഹായമൊന്നും ലഭിക്കാതെയായപ്പോൾ മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ ദിയയും കുടുംബവും മന്ത്രി എം.ബി. രാജേഷിനെ കാണുകയും നിവേദനം നൽകുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞിട്ടും സഹായം ലഭിക്കാത്തതിനെത്തുടർന്ന് ഇക്കഴിഞ്ഞ നവംബർ 28ന് മനുഷ്യാവകാശ കമീഷനെ നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ കുടുംബം വീണ്ടും കാണുകയും കമീഷൻ തദ്ദേശ വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇപ്പോൾ ദിയക്ക് ചികിത്സ സഹായം നൽകാൻ സർക്കാർ ഉത്തരവിറക്കിയത്. ചെലവായ തുകയുടെ രേഖകളും ബില്ലും അടക്കം കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകുന്ന മുറക്ക് തുടർന്ന് നടപടിയെടുക്കും.
പഞ്ചായത്തിന് ചികിത്സാ ചെലവ് നൽകാൻ നിയമപരമായി കഴിയാത്തതിനാലാണ് സർക്കാർ ഉത്തരവിനായി ഇതുവരെ കാത്തിരുന്നതെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ പറഞ്ഞു. വടംവലി, മൗണ്ടെയ്ൻ സൈക്ലിങ്, ട്രാക് സൈക്ലിങ് ഇനങ്ങളിൽ ജില്ല-സംസ്ഥാന താരമായിരുന്ന ദിയക്ക് സൈന്യത്തിൽ ചേരാനായിരുന്നു ആഗ്രഹം. ജിം ട്രെയിനറും എൻ.സി.സി കാഡറ്റുമായിരുന്ന ദിയയുടെ അവസ്ഥയെക്കുറിച്ച് ‘മാധ്യമം’ നേരത്തെ വാർത്ത നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.