സെക്രട്ടറി ഇല്ലാതായിട്ട് നാല് മാസം; ഫയലുകൾ കുന്നുകൂടി കുന്ദമംഗലം പഞ്ചായത്ത്
text_fieldsകുന്ദമംഗലം പഞ്ചായത്ത് ഓഫീസ്
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ നാലുമാസത്തിലേറെയായി സെക്രട്ടറി ഇല്ലാതായിട്ട്. നിലവിലുണ്ടായിരുന്ന സെക്രട്ടറി അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ജില്ലയിലെ തന്നെ ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിൽ ഒന്നാണ് കുന്ദമംഗലം. സെക്രട്ടറിക്ക് പുറമെ യു.ഡി ക്ലർക്ക്, ഓഫിസ് അസിസ്റ്റന്റ്, എൽ.ഡി ക്ലാർക്ക് എന്നീ തസ്തികകളിലും ഉദ്യോഗസ്ഥർ ഇല്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നേരത്തെ ഈ തസ്തികയിൽ ഉണ്ടായിരുന്നവർ ട്രാൻസ്ഫർ ആയതാണ് ഒഴിവുവരാൻ കാരണം. എന്നാൽ, പകരം ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. കുന്ദമംഗലം പോലുള്ള പഞ്ചായത്തിൽ സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാൽ ഫയലുകൾ കുന്നുകൂടുകയാണ്. പഞ്ചായത്തിന്റെ പല പ്രവർത്തനങ്ങളും താറുമാറായി.
ബിൽഡിങ് പെർമിറ്റുകൾ പോലുള്ളവയാണ് കൂടുതലും പെൻഡിങ് ആയിക്കിടക്കുന്നത്. സമയത്ത് പെർമിറ്റ് അനുവദിച്ചു കിട്ടാത്തതിനാൽ നിരവധി പേരുടെ വീട് പണിയും മറ്റും നടക്കുന്നില്ലെന്ന പരാതിയുണ്ട്. ഇങ്ങനെയുള്ള നൂറുകണക്കിന് ഫയലുകളിൽ നടപടി സ്വീകരിക്കാൻ കഴിയുന്നില്ല എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ സോഫ്റ്റ് വെയറിന്റെ സാങ്കേതിക തകരാർമൂലം പലതവണയായി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുന്ന അവസ്ഥയും ഉണ്ട്. പൊതുജനത്തിന്റെ ദൈനംദിന ആവശ്യങ്ങൾ കഴിവതും ഉദ്യോഗസ്ഥർ തീർപ്പാക്കാൻ ശ്രമിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ കുറവുമൂലം പൊതുജനം വളരെ പ്രയാസപ്പെടുന്നതോടൊപ്പം നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം ഇരട്ടിയായതിനാൽ അവരും ബുദ്ധിമുട്ടുകയാണ്. സെക്രട്ടറി എന്ന് വരും എന്നതിൽ അധികൃതർക്ക് യാതൊരു അറിവും ഇല്ല. സെക്രട്ടറിയുടെ ചാർജുള്ള അസി. സെക്രട്ടറി ഫയലുകൾക്ക് നടുവിൽ പെടാപ്പാട് പെടുകയാണ്.
ഫയലുകൾ പെൻഡിങ് ആകുന്നതിനാൽ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പഴി കേൾക്കേണ്ട അവസ്ഥയാണ് ശേഷിക്കുന്നു ഉദ്യോഗസ്ഥർക്ക്. സെക്രട്ടറി ഉൾപ്പെടെയുള്ള മുഴുവൻ ഒഴിവുകളും എത്രയും വേഗം നികത്തി പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ ഒഴിവാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.