വ്യാപാരികളെ കബളിപ്പിച്ച് പണംതട്ടുന്ന സംഘങ്ങൾ വർധിക്കുന്നു
text_fieldsകുന്ദമംഗലം: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങളെയും കടകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന കള്ളന്മാരെയും പിടികൂടാൻ പൊലീസ് നടപടി ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുന്ദമംഗലം യൂനിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിലെത്തി വ്യാപാരികളെ തന്ത്രപൂർവം കബളിപ്പിച്ച് പണംതട്ടുന്നവർ ദിനംപ്രതി വർധിക്കുകയാണ്.
ബുധനാഴ്ച രാവിലെ ഐ.ഐ.എം കവാടത്തിന് സമീപത്തെ ശ്രീ മൂകാംബിക മെറ്റൽസിൽ കടയുടമ കമലയെ കബളിപ്പിച്ച് 2000 രൂപ കവർന്നതാണ് അവസാനത്തെ സംഭവം. കടയിൽനിന്ന് സാധനങ്ങൾ ഓർഡർ ചെയ്ത് പണം ഒരുമിച്ച് ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞ് പണം വാങ്ങിമുങ്ങുകയായിരുന്നു. ഇതുസംബന്ധിച്ച് കടയുടമ കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ മുമ്പുണ്ടായിട്ടും ആരെയും ഇതുവരെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം. ബാബുമോൻ അധ്യക്ഷത വഹിച്ചു. പി. ജയശങ്കർ, എൻ. വിനോദ് കുമാർ, സുനിൽ കണ്ണോറ, എം.പി. മൂസ, ടി. സജീവ്, ടി.വി. ഹാരിസ്, ടി.സി. സുമോദ്, യു.പി. ഹസ്സൻ കോയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.