ഓട്ടോയിലിടിച്ച് കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; 11 പേർക്ക് പരിക്ക്
text_fieldsകുന്ദമംഗലം: കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് ഗുഡ്സ് ഓട്ടോയിലും ഓട്ടോ കാബിലും ഇടിച്ച് മറിഞ്ഞു. ചൂലാംവയൽ ഇറക്കത്തിൽ തിങ്കളാഴ്ച വൈകീട്ട് 3.30നാണ് അപകടം. പരിക്കേറ്റ 11 പേരെ മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ഓട്ടോ ഡ്രൈവർ താമരശ്ശേരി അബ്ദുൽ ഗഫൂർ (45) ഓട്ടോ യാത്രക്കാരായ കോരങ്ങാട് ത്രേസ്യാമ്മ (55) , കോരങ്ങാട് ലിനിത (39), മകൾ അമയ (ഒന്ന്) , ബസ് യാത്രക്കാരായ ജുമൈലത്ത് ചാലിയം (30) , ഫാസില ചാലിയം (32), സബിൻ പശുക്കടവ് (30) , സുഹറ ചേലേമ്പ്ര (50) , ഹൈറുന്നിസ ചേലേമ്പ്ര (28) , ശിവദാസൻ അമ്പായത്തോട് (56) , റിസ്വാൻ പെരിന്തൽമണ്ണ (28), ഷംലത്ത് (28) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന ബസ് ചൂലാംവയൽ എ.എം.യു.പി സ്കൂൾ ഗേറ്റിന് സമീപം ഇറക്കത്തിൽ നിയന്ത്രണം വിടുകയായിരുന്നു.
എതിർദിശയിൽ വന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ച ശേഷം യാത്രക്കാരുമായി താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ കാബിലും ഇടിച്ചാണ് ബസ് മറിഞ്ഞത്. ഓട്ടോ കാബിനെ മീറ്ററുകളോളം റോഡിൽ നിരക്കിയ ബസ് എതിർദിശയിലേക്ക് തിരിഞ്ഞാണ് വലിയ ശബ്ദത്തോടെ മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരാണ് ഓട്ടോയിലെയും ബസിലെയും പരിക്കേറ്റവരെ പുറത്തെടുത്ത് രക്ഷാപ്രവർത്തനം നടത്തിയത്. പൂർണമായും വശത്തേക്ക് മറിയാതെ മരത്തിൽ തട്ടി നിന്ന ബസ് നിവർത്തിയതും നാട്ടുകാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.