കൂറുമാറ്റത്തിെൻറ കുന്ദമംഗലം ബ്ലോക്ക്
text_fieldsകുന്ദമംഗലം: ജില്ലയിൽ കൂറുമാറ്റവും ചാഞ്ചാട്ടവുംകൊണ്ട് ശ്രദ്ധേയമായ ബ്ലോക്ക് പഞ്ചായത്താണ് കുന്ദമംഗലം. 1995ലെ ആദ്യ ഭരണസമിതി മുതൽ അംഗങ്ങളുടെ കൂറുമാറ്റവും തുടർന്ന് ഭരണമാറ്റവും ഇവിടെ പതിവാണ്. അവസാനം 2015ൽ അധികാരത്തിൽ വന്നത് യു.ഡി.എഫ് ആയിരുന്നെങ്കിലും കാലാവധി കഴിയുമ്പോൾ ഭരണത്തിലുള്ളത് എൽ.ഡി.എഫ് ആണ്.
കുന്ദമംഗലം, ചാത്തമംഗലം, പെരുവയൽ, മാവൂർ, കൊടിയത്തൂർ, കാരശ്ശേരി, പെരുമണ്ണ, കുരുവട്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് നിലവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലുള്ളത്. കുന്ദമംഗലം, ചെത്തുകടവ്, ചാത്തമംഗലം, പന്നിക്കോട്, ചെറുകുളത്തൂർ, പുവ്വാട്ടുപറമ്പ്, പൈങ്ങോട്ടുപുറം, പോലൂർ എന്നീ ജനറൽ ഡിവിഷനുകളും കുരുവട്ടൂർ, കട്ടാങ്ങൽ, കൊടിയത്തൂർ, കാരശ്ശേരി, ചെറുവാടി, മാവൂർ, പെരുമണ്ണ പയ്യടിമേത്തൽ, കുമാരനല്ലൂർ എന്നീ സ്ത്രീ സംവരണ ഡിവിഷനുകളും പട്ടികജാതി ജനറൽ ഡിവിഷനായ ചെറൂപ്പയും പട്ടികജാതി സ്ത്രീ സംവരണ ഡിവിഷനായ കുറ്റിക്കാട്ടൂരുമടക്കം ആകെ 19 ഡിവിഷനുകളാണ് കുന്ദമംഗലം ബ്ലോക്കിലുള്ളത്. 1995ലാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നത്. ആകെ 15 ഡിവിഷനുകളുണ്ടായിരുന്ന അന്ന് എട്ടു സീറ്റ്
യു.ഡി.എഫിനും ഏഴു സീറ്റ് എൽ.ഡി.എഫിനുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ലീഗിലെ രണ്ട് അംഗങ്ങൾ നിഷ്പക്ഷത പാലിക്കുകയും സി.പി.എമ്മിലെ രമേശ് ബാബു ആറിനെതിരെ ഏഴു വോട്ട് നേടി ആദ്യ പ്രസിഡൻറാവുകയും ചെയ്തു. കോൺഗ്രസും ലീഗും തമ്മിലെ പിണക്കം തീർന്ന് ആറുമാസം കഴിഞ്ഞ് അവിശ്വാസപ്രമേയം കൊണ്ടുവരുകയും രമേശ് ബാബു രാജിവെക്കുകയും ചെയ്തെങ്കിലും അപ്പോഴേക്കും കോൺഗ്രസിൽനിന്ന് ഒരംഗം എൽ.ഡി.എഫ് ക്യാമ്പിലെത്തിയിരുന്നു. കൂറുമാറിയെത്തിയ ടോമി ചെറിയാനെ പ്രസിഡൻറ് സ്ഥാനാർഥിയാക്കി ഏഴിനെതിരെ എട്ടു വോട്ട് നേടി ജയിച്ച് എൽ.ഡി.എഫ് ഭരണം തുടർന്നു.
ടോമി ചെറിയാൻ രാജിവെച്ച് രമേശ് ബാബു വീണ്ടും പ്രസിഡൻറായി. 2000ത്തിലെ ബോർഡിൽ തുടക്കത്തിൽ ഇരുമുന്നണികൾക്കും തുല്യ സീറ്റുകൾ ആയിരുന്നെങ്കിലും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ സി.പി.ഐ അംഗത്തിെൻറ വോട്ട് അസാധുവായതിനെ തുടർന്ന് യു.ഡി.എഫിലെ വേണു കല്ലുരുട്ടി പ്രസിഡൻറായി. ഉപതെരഞ്ഞെടുപ്പിലൂടെ നില ഭദ്രമാക്കിയ യു.ഡി.എഫിൽ കോൺഗ്രസിലെ ഗ്രൂപ് വീതംവെപ്പിൽ വി.ഡി. ജോസഫ്, വി. ഗോവിന്ദൻ നായർ എന്നിവർ പ്രസിഡൻറുമാരായി. തുടർന്ന് മുസ്ലിം ലീഗിലെ ഇ.എം. അയിഷയുടെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരുകയും സി.പി.എമ്മിലെ പി.കെ. രാധാകൃഷ്ണൻ പ്രസിഡൻറാവുകയും ചെയ്തു. 2005ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടി സി.പി.എമ്മിലെ വിശാലാക്ഷി ടീച്ചർ പ്രസിഡൻറും എൻ.വി. ബാലൻ നായർ വൈസ് പ്രസിഡൻറുമായി അഞ്ചുവർഷം ഭരിച്ചു.
2010ലെ തെരഞ്ഞെടുപ്പിൽ ഇരുമുന്നണിക്കും തുല്യസീറ്റ് ലഭിക്കുകയും നറുക്കെടുപ്പിൽ സി.പി.എമ്മിലെ വി. ബാലകൃഷ്ണൻ നായർ പ്രസിഡൻറാവുകയും ചെയ്തു. വൈസ് പ്രസിഡൻറായി നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് മുസ്ലിം ലീഗിലെ സി. മുനീറത്തിനെയാണ്. 2015ൽ ആകെയുള്ള 19 ഡിവിഷനുകളിൽ യു.ഡി.എഫിന് 10ഉം എൽ.ഡി.എഫിന് ഒമ്പതും സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസിലെ രമ്യ ഹരിദാസ് പ്രസിഡൻറായി. രമ്യ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. തുടർന്ന് കോൺഗ്രസിലെ തന്നെ വിജി മുപ്രമ്മൽ പ്രസിഡൻറായെങ്കിലും വൈസ് പ്രസിഡൻറ് ശിവദാസൻ നായരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഒന്നിച്ചുപോവാൻ കഴിയാതായി. തുടർന്ന് ശിവദാസൻ നായർ എൽ.ഡി.എഫ് പക്ഷത്തേക്ക് മാറുകയും വീണ്ടും ഭരണമാറ്റം ഉണ്ടാവുകയും ചെയ്തു. സി.പി.എമ്മിലെ സുനിത പൂതക്കുഴിയിൽ പ്രസിഡൻറും ശിവദാസൻ നായർ വൈസ് പ്രസിഡൻറുമായി.
ഇത്രയധികം തവണ അവിശ്വാസപ്രമേയങ്ങളും അംഗങ്ങളുടെ കൂറുമാറ്റവും ഭരണമാറ്റവുമുണ്ടായ വേറൊരു തദ്ദേശ സ്ഥാപനം ഉണ്ടോ എന്ന കാര്യം സംശയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.