കുന്ദമംഗലം മണ്ഡലം മലിനമുക്തമാകും; കർമപദ്ധതികൾക്ക് രൂപം നൽകി
text_fieldsകുന്ദമംഗലം: നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കുന്നതിന് ആവശ്യമായ കർമ പദ്ധതികള്‍ക്ക് രൂപം നല്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണം സമയബന്ധിതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപവത്കരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിങ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള തീരുമാനമായത്.
ഖരമാലിന്യ ശേഖരണവും സംസ്കരണവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്നതിനും സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത മണ്ഡലമായി കുന്ദമംഗലം നിയോജകമണ്ഡലത്തെ പ്രഖ്യാപിക്കുന്നതിനും വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും മാലിന്യ സംസ്കരണത്തിന് സി.എസ്.ആര് ഫണ്ട് ലഭ്യമാക്കുന്നതിന് ജില്ലതലത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുന്നതിനും നടപടി സ്വീകരിക്കും. ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്കരണം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉറപ്പ് വരുത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്താനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി. മോഹന്‍ കെ.എ.എസ്, ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ എം. ഗൗതമന് കെ.എ.എസ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മാധവന്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രന് പറശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ലിജി പുല്‍ക്കുന്നുമ്മല്‍, പി. ശാരുതി, സുബിത തോട്ടാഞ്ചേരി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.