ദേശീയപാത സ്മാർട്ടാവുന്നു; താഴെ പടനിലത്തെ വെള്ളക്കെട്ടിന് പരിഹാരം
text_fieldsകുന്ദമംഗലം: താഴെ പടനിലത്തെ വെള്ളക്കെട്ടിന് പരിഹാരമായി ദേശീയപാതയിൽ പുതിയ പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി. കാലവർഷത്തിൽ വെള്ളം പൊങ്ങുന്നതുമൂലം ഗതാഗതസ്തംഭനം പതിവായിരുന്ന താഴെ പടനിലത്ത് റോഡിന്റെ ഉയരം കൂട്ടിയും പുതിയ കലുങ്ക് നിർമിച്ചുമാണ് നവീകരണം നടത്തുന്നത്.
റോഡ് പ്രവൃത്തിയുടെ ഭാഗമായി ഗതാഗതം നിയന്ത്രിക്കുന്നതിനും തിരിച്ചുവിടുന്നതിനുമുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ചചെയ്ത് തീരുമാനമെടുക്കുന്നതിന് പി.ടി.എ. റഹീം എം.എൽ.എ വിളിച്ച യോഗത്തിലാണ് പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയത്.
ദേശീയപാതയിൽ കുന്ദമംഗലം മുതൽ മണ്ണിൽകടവ് വരെയുള്ള 10 കിലോമീറ്റർ ദൂരത്തിലാണ് പരിഷ്കരണ പ്രവൃത്തി നടത്തുന്നത്. ഇതിനായി 15.56 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. മേൽമുറി ആസ്ഥാനമായ പി.എം.ആർ കൺസ്ട്രക്ഷൻസാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന റോഡ് പ്രവൃത്തിയുടെ ഭാഗമായി താഴെ പടനിലം ഭാഗത്ത് വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചും ഗതാഗതം തിരിച്ചുവിടുന്നതിന്റെ സാധ്യതകളെക്കുറിച്ചും എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ച് അന്തിമ രൂപം നൽകി.
വയനാട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ താമരശ്ശേരി വരിയട്ട്യാക്കിൽ റോഡ് വഴിയും കോഴിക്കോടുനിന്നു വരുന്ന വാഹനങ്ങൾ സി.ഡബ്ല്യു.ആർ.ഡി.എം പെരിങ്ങൊളം മിൽമ വഴിയും തിരിച്ചുവിടുന്നതിന് നടപടി സ്വീകരിക്കും. ഏറെക്കാലം ഗതാഗതസ്തംഭനമുണ്ടാക്കാതെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, സ്ഥിരം സമിതി ചെയർമാൻമാരായ ചന്ദ്രൻ തിരുവലത്ത്, യു.സി. പ്രീതി, മെംബർമാരായ കെ. ഫാത്തിമ ജസ്ലിൻ, നജീബ് പാലക്കൽ, യു.സി. ബുഷ്റ, പി. കൗലത്ത്, ദേശീയപാത കോഴിക്കോട് ഡിവിഷൻ എക്സി. എൻജിനീയർ കെ. വിനയരാജ്, അസി. എക്സി. എൻജിനീയർ റെനി പി. മാത്യു, പൊലീസ് ഇൻസ്പെക്ടർമാരായ യൂസഫ് നടുത്തറമ്മൽ, എൽ. സുരേഷ് ബാബു, വ്യാപാരി പ്രതിനിധികളായ എം. ബാബുമോൻ, ഒ. വേലായുധൻ, അസി. എൻജിനീയർമാരായ സി.ടി. പ്രസാദ്, എം. സുനോജ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.