കുന്ദമംഗലം ബി.ആർ.സിക്ക് പുതിയ കെട്ടിടം: ആവശ്യം ശക്തമാവുന്നു
text_fieldsമുക്കം: മണാശ്ശേരി ജി.യു.പി സ്കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന കുന്ദമംഗലം ബി.ആർ.സിക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാവുന്നു. 2004ൽ സ്ഥാപിച്ച കെട്ടിടത്തിന്റെ സൗകര്യങ്ങൾ അപര്യാപ്തമായ ഘട്ടത്തിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം വേണമെന്ന മുറവിളി ഉയരുന്നത്. സംസ്ഥാന സർക്കാറിന്റെ സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ലഭ്യമായതിനാൽ കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെന്റർ പരിധിയിൽ സൗകര്യപ്രദമായ സ്ഥലത്ത് കെട്ടിടം പണിയണമെന്ന് അധ്യാപകർ പറയുന്നു.
കുരുവട്ടൂർ, കുന്ദമംഗലം, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത സ്കൂളുകളുടെ സുപ്രധാന വിദ്യാഭ്യാസ കേന്ദ്രമായ കുന്ദമംഗലം ബി.ആർ.സിയുടെ നിർമാണത്തിന് ആവശ്യമായ ഭൂമി പലയിടത്തും ലഭ്യമാണ്. മുക്കം നഗരസഭ പരിധിയിലെ ആറാം വാർഡ് നെല്ലിക്കാപ്പൊയിലിലുള്ള 30 സെന്റ്, കാരശ്ശേരി പഞ്ചായത്ത് ഓഫിസിന് മുൻവശത്ത് 16ാം വാർഡിലെ 72 സെന്റ് സ്ഥലം തുടങ്ങി ബി.ആർ.സി പരിധിയിലുള്ള ഏതെങ്കിലും അനുയോജ്യമായ ഒരിടത്ത് സെന്റർ പണിയാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അധ്യാപകർ പറയുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങൾക്കും ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാനാവശ്യമായ നടപടികളാണ് അധികൃതർ കൈക്കൊള്ളേണ്ടത്.
മലയോര മേഖലയിലെ കുറഞ്ഞ സൗകര്യങ്ങളുള്ള മുത്തേരിയിലെ ഗവ. യു.പി സ്കൂളിൽ സെന്റർ സ്ഥാപിക്കുന്നത് ശിശുസൗഹൃദ പഠനാന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് മേഖലയിലെ വിദ്യാഭ്യാസ പ്രവർത്തകരും അടിവരയിടുന്നു.
20 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടം പുതുക്കിപ്പണിയുന്നതിനെ കുറിച്ചും ഗൗരവതരമായി ആലോചിക്കണമെന്നുള്ള നിർദേശവും ചില കോണുകളിൽ നിന്നുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.