കെ.എസ്.ഇ.ബി കട്ടാങ്ങൽ സെക്ഷൻ ഓഫിസിന് പുതിയ കെട്ടിടം നിർമിക്കും
text_fieldsകുന്ദമംഗലം: അസൗകര്യത്താൽ വീർപ്പുമുട്ടുന്ന കെ.എസ്.ഇ.ബി കട്ടാങ്ങൽ സെക്ഷൻ ഓഫിസിന് പുതിയ കെട്ടിടം നിർമിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിയമസഭയിൽ പറഞ്ഞു. കുന്ദമംഗലം സെക്ഷൻ ഓഫിസിനും സ്വന്തം കെട്ടിടം നിർമിക്കും. പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇരു സെക്ഷൻ ഓഫിസുകളും സ്വന്തമായ കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബി ഓഫിസ് കുന്ദമംഗലം സബ്സ്റ്റേഷന് കോമ്പൗണ്ടില്‍ 9.5 സെന്റ് സ്ഥലം സെക്ഷന്‍ ഓഫിസ് കെട്ടിട നിര്‍മാണത്തിന് ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. എന്‍.ഐ.ടി കാമ്പസില്‍ സബ് സ്റ്റേഷന് വേണ്ടി ലഭിച്ച സ്ഥലത്താണ് കട്ടാങ്ങല്‍ സെക്ഷന്‍ ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്നും ഇതിനായി ആവശ്യമായ സ്ഥലം ട്രാന്സ്മിഷന് വിങ്ങില്‍നിന്ന് ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തിന് കൈമാറാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. അസൗകര്യത്താൽ വീർപ്പുമുട്ടുന്ന കട്ടാങ്ങൽ കെ.എസ്.ഇ.ബി ഓഫിസിനെ കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. കട്ടാങ്ങലിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലാണ് നിലവിൽ സെക്ഷൻ ഓഫിസ് സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട ഓഫിസുകളായ അസി. എൻജിനീയർ ഓഫിസ്, പബ്ലിക് റിലേഷൻ ഓഫിസ്, ബില്ലിങ് ഓഫിസ് തുടങ്ങിയവയെല്ലാം രണ്ടാം നിലയിലാണുള്ളത്.
ഭിന്നശേഷിക്കാരായ ഉപഭോക്താക്കൾക്കോ ജീവനക്കാർക്കോ രണ്ടാം നിലയിലേക്ക് കയറാനുള്ള റാംപ്, ലിഫ്റ്റ് സൗകര്യം ഇവിടെയില്ല. വനിതകൾ ഉൾപ്പെടെ 25ഓളം ജീവനക്കാരുള്ള ഓഫിസിൽ ഒരു ശുചിമുറി മാത്രമേയുള്ളൂ.
വനിതകൾക്ക് പ്രത്യേകം ശുചിമുറിയുമില്ല. ശുചിമുറിയുടെ വെന്റിലേറ്റർ തുറക്കുന്ന ഭാഗത്താണ് ജീവനക്കാർ ഭക്ഷണം കഴിക്കുന്ന സ്ഥലം. ശുചിമുറിയിൽ പോകാൻ പ്രയാസപ്പെടുന്നവർ പുറത്ത് ചാത്തമംഗലം പഞ്ചായത്തിന്റെ 'ടേക് എ ബ്രേക്ക്' എന്ന ബാത്ത് റൂം പണം കൊടുത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഓഫിസിലേക്ക് വരുന്നവരുടെയും ജീവനക്കാരുടെയും വാഹനം നിർത്താൻ പരിമിതമായ സ്ഥലസൗകര്യമേ ഇവിടെ ഉളളൂ. കെ.എസ്.ഇ.ബിയുടെ വലിയ സാധനങ്ങൾ വെക്കാനുള്ള സ്ഥല സൗകര്യവും ഇവിടെയില്ല. വാടക കുടിശ്ശികയുള്ളതിനാൽ കെട്ടിടം മാറാൻ 2021ൽ അധികൃതർ നോട്ടിസ് നൽകിയിരുന്നു.
എന്നാൽ, പിന്നീട് തുടർനടപടിയുണ്ടായിട്ടില്ല. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും അസൗകര്യമുള്ള ഓഫിസ് പുതിയ സ്ഥലത്തേക്ക് മാറ്റാൻ പലതവണ ശ്രമം ഉണ്ടായെങ്കിലും നടന്നില്ല. 21000 ഓളം ഉപഭോക്താക്കളുള്ള കെ.എസ്.ഇ.ബിയുടെ വലിയ സെക്ഷൻ ഓഫിസാണ് കട്ടാങ്ങലിലുള്ളത്.
പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രിയുടെ പുതിയ പ്രഖ്യാപനം വന്നതോടെ ആശ്വാസത്തിലാണ് ഇവിടെയുള്ള ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.