കാമ്പസ് തുടങ്ങുന്നിടത്ത് കമാനവും ഗേറ്റും സ്ഥാപിക്കാൻ എൻ.ഐ.ടിക്ക് പദ്ധതി
text_fieldsകുന്ദമംഗലം: കുന്ദമംഗലം-അഗസ്ത്യൻമൂഴി സംസ്ഥാന പാതയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എൻ.ഐ.ടി) കാമ്പസ് ആരംഭിക്കുന്ന 12ാം മൈലിലും മറുഭാഗം കട്ടാങ്ങൽ അങ്ങാടിക്കു സമീപവും കമാനവും ഗേറ്റും സ്ഥാപിക്കുന്നതിന് എൻ.ഐ.ടിക്കു പദ്ധതിയുള്ളതായി റിപ്പോർട്ട്.
നവീകരണം നടക്കുന്ന വലിയപൊയിൽ-കമ്പനി മുക്ക് റോഡ് പണി പൂർത്തിയാകുന്നതോടെ വാഹനങ്ങൾ അതുവഴി തിരിച്ചു വിടുന്നതിന് പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ച് നിലവിലെ സംസ്ഥാന പാത എൻ.ഐ.ടിക്ക് വിട്ടു തരാൻ ആവശ്യപ്പെടാനാണ് അധികൃതരുടെ നീക്കം. വൻ തുക ചെലവഴിച്ച് പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ കമാനം പണിയുന്നതിനാണ് പദ്ധതി.
ഇതിന് ആവശ്യമായ എസ്റ്റിമേറ്റ് ഉടൻ തയാറാക്കുമെന്നാണ് അനൗദ്യോഗികമായി അധികൃതർ നൽകുന്ന വിവരം. എൻ.ഐ.ടി കാമ്പസിൽ വിവിധ ഭാഗങ്ങളിലെ ഗേറ്റുകൾ പൂർണമായി അടച്ച് മതിൽ കെട്ടിയത് കഴിഞ്ഞ മാസമാണ്. ശേഷം വിവിധ ഗേറ്റുകൾക്ക് നമ്പർ നൽകുകയും ചെയ്തിട്ടുണ്ട്.
ഒരു പ്രധാന ഗേറ്റിലൂടെ മാത്രം അകത്തേക്ക് വിദ്യാർഥികളെയും ജീവനക്കാരെയും കടത്തി വിടുകയും മറ്റു ഗേറ്റുകൾ അടച്ച് സുരക്ഷ വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്.
ഇതിന്റെ ഭാഗമായി ഭരണ വിഭാഗം ഉന്നതരുടെ നിർദേശം അനുസരിച്ചാണ് കഴിഞ്ഞ ദിവസം കട്ടാങ്ങലിലും 12ാം മൈലിലും എൻ.ഐ.ടി എസ്റ്റേറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിച്ചത്.
ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും തുടർന്ന് ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം വിളിക്കുകയും ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകരായ നൗഷാദ് തെക്കയിലിന്റെയും, ശരീഫ് മലയമ്മയുടെയും നേതൃത്വത്തിൽ ബോർഡിൽ കറുത്ത പെയിന്റ് അടിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
ജനകീയ പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അധികൃതർ ബോർഡ് നീക്കം ചെയ്യുകയും ചെയ്തു. റോഡിനിരുവശവുമുള്ള എൻ.ഐ.ടി കാമ്പസിനെ ബന്ധിപ്പിക്കാൻ നിലവിൽ അണ്ടർപാസ് നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം എൻ.ഐ.ടിയിലേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന സർവകക്ഷി ബഹുജന മാർച്ച് മാറ്റിവെച്ചതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. എൻ.ഐ.ടി അധികൃതർ സ്ഥാപിച്ച ബോർഡ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അധികൃതർ എടുത്തു മാറ്റിയതിനാലാണ് ഈ മാസം 15ന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ച് മാറ്റിവെച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഈ മാസം 22ന് കട്ടാങ്ങൽ അങ്ങാടിയിൽ സർവകക്ഷി പൊതുയോഗം നടത്താൻ തീരുമാനിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷതവഹിച്ചു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.കെ. ഹഖീം, ബ്ലോക്ക് പഞ്ചായത്ത് അംഗം മുംതാസ് ഹമീദ്, സ്ഥിരം സമിതി അധ്യക്ഷ റീന മാണ്ടിക്കാവിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ടി. അബ്ദുറഹിമാൻ, മൊയ്തു പീടികക്കണ്ടി, ശിവദാസൻ ബംഗ്ലാവിൽ, ഇ.പി. വൽസല, ഷീസ, വിദ്യുലത, സബിത, കമ്മിറ്റി ഭാരവാഹികളായ വി. സുന്ദരൻ, ചൂലൂർ നാരായണൻ, എൻ.പി. ഹമീദ്, സിബി, നാരായണൻ നമ്പൂതിരി, പ്രസന്നകുമാർ, മുനീർ മാക്കിൽ, അബൂബക്കർ ഹാജി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.