ടാങ്കർ ലോറിയിൽനിന്ന് നൈട്രജൻ ചോർന്നത് ആശങ്കയുയർത്തി
text_fieldsകുന്ദമംഗലം: അങ്ങാടിയിൽ വെയ്ബ്രിഡ്ജിന് സമീപം പാർക്ക് ചെയ്ത ടാങ്കർ ലോറിയിൽനിന്ന് നൈട്രജൻ വാതകം ചോർന്നത് ആശങ്ക പരത്തി. തുടർന്നെത്തിയ അഗ്നിരക്ഷാസേന അപകടമില്ലെന്ന് ഉറപ്പുവരുത്തി. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് ഐ.ഐ.എം ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ടാങ്കറിൽനിന്ന് വെള്ളപ്പുക പുറത്തുവരുന്നത് യാത്രക്കാരുടെയും പട്രോളിങ് നടത്തുന്ന പൊലീസിന്റെയും ശ്രദ്ധയിൽപെട്ടത്.
വാഹനത്തിലെ ജീവനക്കാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വെള്ളിമാടുകുന്ന് അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഫൈസിയുടെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് സംഘവും ലോറി ജീവനക്കാരും ചേർന്ന് വാൽവ് അടച്ച് ചോർച്ച തടഞ്ഞു. ബംഗളൂരുവിൽനിന്ന് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ റീഫിൽ ചെയ്യുന്ന ടാങ്കർ ലോറിയിലെ വാൽവിനാണ് ചോർച്ചയുണ്ടായത്. ടാങ്കറിനകത്തെ മർദം കൂടിയപ്പോൾ ഓട്ടോമാറ്റിക് സംവിധാനം വഴി ചെറിയ അളവിൽ വാതകം പുറത്തുവന്നതാണെന്നാണു ജീവനക്കാർ പറയുന്നത്. ഈർപ്പവും മാറിയ കാലാവസ്ഥയുംമൂലം അന്തരീക്ഷത്തിൽ വാതകം തങ്ങിനിൽക്കുന്നതിനാലാണ് വലിയ ചോർച്ചയുണ്ടായ തോന്നൽ ഉണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.