ട്രെയിനിൽ അടിസ്ഥാന സൗകര്യം ലഭിച്ചില്ല; യാത്രക്കാരന് 20,000 രൂപ നഷ്ടപരിഹാരം
text_fieldsകുന്ദമംഗലം: ട്രെയിൻ യാത്രയിൽ അടിസ്ഥാന സൗകര്യം ലഭിച്ചില്ലെന്ന പരാതിയിൽ യാത്രക്കാരന് റെയിൽവേ 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി.
ചാത്തമംഗലം സ്വദേശി കുറുവചാലിൽ ശശിധരന്റെ പരാതിയിലാണ് ജില്ല ഉപഭോക്തൃ കോടതിയുടെ വിധി. 2013ൽ രാജസ്ഥാനിലെ ബിക്കാനീറിൽനിന്ന് കൊച്ചുവേളി എക്സ്പ്രസിന്റെ എ.സി കമ്പാർട്മെന്റിൽ കോഴിക്കോട്ടേക്ക് കുടുംബസമേതം നടത്തിയ യാത്രയിലുണ്ടായ ദുരനുഭവമാണ് ഉപഭോക്തൃ കോടതിയെ സമീപിക്കാൻ ഇടയാക്കിയത്.
ടോയ് ലെറ്റിൽ കയറാൻ കഴിയാത്ത വിധം വിസർജ്യ വസ്തുക്കൾ നിറഞ്ഞുകിടക്കുകയായിരുന്നു. വെള്ളവും ഇല്ലായിരുന്നു. തൊട്ടടുത്ത കമ്പാർട്മെന്റിൽ നോക്കിയപ്പോഴും ഇതേ അവസ്ഥയായിരുന്നു. തുടർന്ന് റെയിൽവേക്ക് പരാതി നൽകി. ആദ്യം പരാതി രേഖാമൂലം സ്വീകരിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ തയാറായില്ല. ഇദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് പിന്നീട് പരാതി സ്വീകരിച്ചതിന് രേഖ നൽകിയത്.
ഇതിൽ ഫലം കാണാത്തതുകൊണ്ടാണ് ജില്ല ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. കോടതി നിരവധി തവണ നോട്ടീസ് അയച്ചിട്ടും കേസ് പരിഗണിക്കുന്ന സമയത്ത് റെയിൽവേയുടെ ഭാഗത്തുനിന്ന് ആരും വന്നില്ല. കോടതിയുടെ കർശന ഇടപെടലിനെ തുടർന്നാണ് അവർ അഭിഭാഷകനെ പറഞ്ഞയച്ചത്. നീണ്ട ഒമ്പത് വർഷത്തിനുശേഷമാണ് ഇവർക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതിയുടെ വിധി വന്നത്.
വിൽപന നികുതി ജീവനക്കാരനായിരുന്ന ശശിധരൻ മീഡിയവൺ സംപ്രേഷണം ചെയ്ത എം 80 മൂസ, അങ്ങാടിപ്പാട്ട് തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. റെയിൽവേക്കെതിരെ സ്വന്തമായി വാദിച്ചാണ് അനുകൂലവിധി സമ്പാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.