സ്വാതന്ത്ര്യദിനാഘോഷം; കുന്ദമംഗലത്ത് സ്മാരകങ്ങളില്ല, ഉള്ളതിന്റെ പേരും മാറ്റി
text_fieldsകുന്ദമംഗലം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം കഴിഞ്ഞ വേളയിൽ കുന്ദമംഗലത്തിന് പറയാനുള്ളത് ഒരു നന്ദികേടിന്റെ കഥയാണ്. പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരകത്തിന്റെ പേര് മാറ്റിയ പൊതുമരാമത്ത് വകുപ്പ് അവഗണനയുടെ കഥയാണത്. 1961 ഒക്ടോബർ രണ്ടിനാണ് കുന്ദമംഗലം-ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ചെറുപുഴയിൽ പാലം ഉദ്ഘാടനം ചെയ്തത്.
അന്ന് ഈ പാലത്തിന് നാമകരണം ചെയ്തത് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക പാലം എന്നായിരുന്നു. കുന്ദമംഗലം മുക്കം സംസ്ഥാനപാതയുടെ നവീകരണത്തോടനുബന്ധിച്ച് പാലത്തിന്റെ നാമഫലകം മാറ്റിയപ്പോഴാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പേരിന് പകരം ചെത്തുകടവ് പാലം എന്നാക്കിയത്. വിവിധ സംഘടനകളിൽ നിന്നും നാട്ടുകാരിൽ നിന്നും പ്രതിഷേധം ഏറെയുണ്ടായെങ്കിലും തെറ്റ് തിരുത്താൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇവിടെ പാലം പണിയുന്നതിന് മുമ്പ് ചങ്ങാടത്തിലായിരുന്നു വാഹനങ്ങളും മറ്റും പുഴ കടന്നിരുന്നത്.
1945 നവംബർ 23 നാണ് മുക്കത്തിനടുത്തുള്ള പൊറ്റശ്ശേരിയിൽ വെച്ച് മുഹമ്മദ് അബ്ദുറഹിമാൻ അന്തരിച്ചത്. അന്ന് കൊടിയത്തൂരിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയത് ഈ കടവിലെ ചങ്ങാടം കടന്നാണ്. മലബാറിലെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയും കെ.പി.സി.സി അധ്യക്ഷനുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്റെ അവസാനയാത്രയുടെ സ്മരണയിലാണ് പാലത്തിന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്തത്.
അന്ന് ഗവർണറായിരുന്ന വി.വി. ഗിരി ഉദ്ഘാടനം ചെയ്ത പാലത്തിന്റെ ശിലാഫലകത്തിലും പാലത്തിന് ഇരു വശത്തും പൊതുമരാമത്ത് സ്ഥാപിച്ച നാമ സൂചികകളിൽ ഇപ്പോഴും മുഹമ്മദ് അബ്ദുറഹ്മാൻ പാലം എന്ന് വലിയ അക്ഷരങ്ങളിലുണ്ട്. പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് അംഗം എം. ധനീഷ് ലാൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നൽകിയിരുന്നു. ഇതുവരെ അദ്ദേഹത്തിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒട്ടേറെ സേനാനികൾ കുന്ദമംഗലത്തുണ്ടായിരുന്നു. കാരാട്ട് ചന്തുക്കുട്ടി നായർ, അബ്ദുറഹിമാൻ കുട്ടി വൈദ്യർ, പുതിയോട്ടിൽ ശങ്കരൻ, കല്ലിൽ കറുപ്പുട്ടി, എം.ടി. വാസു, പറച്ചിത്തോട്ടിൽ കുഞ്ഞിക്കണ്ടൻ, ചാപ്പുണ്ണി നായർ തുടങ്ങിയവർ അവരിൽ ചിലരാണ്. ഇവരിൽ പലരും ജയിൽവാസം അനുഷ്ഠിച്ചവരുമാണ്.
കള്ളുഷാപ്പ് പിക്കറ്റിങ്, വ്യക്തി സത്യഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണ യോഗങ്ങൾ കുന്ദമംഗലത്ത് നടന്നിരുന്നു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, കെ. കേളപ്പൻ, കെ.എ. കേരളീയൻ, ഇ. മൊയ്തു മൗലവി, എ.വി. കുട്ടിമാളു അമ്മ തുടങ്ങിയ സമരനേതാക്കൾ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് എത്തിയിരുന്നു. ഭൂദാന സന്ദേശവുമായി ആചാര്യ വിനോബ ഭാവേ കുന്ദമംഗലം സന്ദർശിച്ചിട്ടുണ്ട്. ഗുരുവായൂർ സത്യഗ്രഹത്തോടനുബന്ധിച്ച് നടന്ന വിശദീകരണ യോഗത്തിലാണ് ഹരിജൻ സ്ത്രീയായ കീരോറ്റി മാറത്ത് അണിഞ്ഞിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞ് മേൽ വസ്ത്രം ധരിക്കാൻ ധൈര്യം കാണിച്ചത്. ഇങ്ങനെ നിരവധി സ്വാതന്ത്ര്യ സമരചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച ഈ ചെറുപട്ടണത്തിൽ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധമുള്ള ഒരു സ്മാരകമെങ്കിലും ഉയർന്നു വരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.