വാഹനവുമില്ല; വാടക കുടിശ്ശിക കാരണം കെട്ടിടം ഒഴിയേണ്ട അവസ്ഥയും; ഫ്യൂസ് തെറിച്ച് കട്ടാങ്ങൽ കെ.എസ്.ഇ.ബി ഓഫിസ്
text_fieldsകുന്ദമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ കട്ടാങ്ങൽ കെ.എസ്.ഇ.ബി ഓഫിസിൽ മെയ്ന്റനൻസ് വർക്കിന് പോകാൻ വാഹനമില്ലാതായിട്ട് മൂന്നുമാസത്തിലേറെയായി. ഇതോടെ ഫീൽഡ് ജീവനക്കാർ ദുരിതത്തിലായി. ജീവനക്കാരുടെ ബൈക്കിലും മറ്റുമാണ് ഇപ്പോൾ അറ്റകുറ്റപ്പണിക്ക് പോകുന്നത്.
രാത്രിയിൽ ഏറെ ദുഷ്കരമാണ് ജോലിയെന്ന് ജീവനക്കാർ പറയുന്നു. വാഹനം ഇല്ലാത്തതിനാൽ അർധ രാത്രിയിൽ എമർജൻസി വർക്ക് വന്നാൽ അത്യാവശ്യം വേണ്ട പണിയായുധങ്ങൾ ഒന്നും കൊണ്ടുപോകാൻ കഴിയില്ല. പാതിരാ നേരത്ത് അറ്റകുറ്റപ്പണി നടക്കുന്നതിന്റെ അടുത്തുള്ള ഏതെങ്കിലും വീടുകളിൽ പോയി ഏണിയും മറ്റും വാങ്ങേണ്ടി വരുന്നത് ജീവനക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിലും കാറ്റിലും വൈദ്യുതി തകരാറിലായപ്പോൾ വാഹനം ഇല്ലാത്തതിനാൽ അറ്റകുറ്റപണികൾ നടത്താൻ ജീവനക്കാർ വളരെയേറെ ദുരിതം അനുഭവിച്ചു. പൊതുവെ കോൺട്രാക്റ്റ് അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബിയിൽ വാഹനവും ഡ്രൈവറെയും നിയമിക്കാറുള്ളത്. അധികൃതർ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞു മാസങ്ങളായി മുന്നോട്ടു പോകുന്നത്തിനെതിരെ അമർഷത്തിലാണ് ജീവനക്കാർ.
നിലവിൽ ഉണ്ടായിരുന്ന കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ വാഹനം ഓടിക്കുന്നയാൾക്കെതിരെ നിരവധി പരാതികൾ വന്നതിനാൽ വാഹനവും ഡ്രൈവറെയും ടെർമിനേറ്റ് ചെയ്തതിനാലാണ് ഇപ്പോൾ വാഹനം ഇല്ലാത്തതെന്ന് അസി. എൻജിനീയർ പറഞ്ഞു. പുതിയ വാഹനവും ഡ്രൈവറെയും നിയമിക്കാൻ കഴിഞ്ഞ ദിവസം മുതൽ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പരമാവധി മൂന്ന് ആഴ്ചക്കകം പുതിയ നിയമനം ഉണ്ടാകുമെന്നും അസി. എൻജിനീയർ പറഞ്ഞു.
ടെർമിനേറ്റ് ചെയ്ത പഴയ വാഹനത്തിനെതിരെയുള്ള ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാലാണ് മാസങ്ങൾ വൈകിയത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബി ഓഫിസ് വാടക കുടിശ്ശിക ഉള്ളതിനാൽ ഒഴിഞ്ഞു കൊടുക്കാൻ 2021ൽ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. 2008 മുതൽ ഈ ബിൽഡിങ്ങിലാണ് ഓഫിസും മറ്റും പ്രവർത്തിക്കുന്നത്.
2021 സെപ്റ്റംബർ വരെയുള്ള കുടിശ്ശികയായ 4923945 രൂപയാണ് അടക്കാൻ നോട്ടീസ് കിട്ടിയത്. തുടർന്ന് ഇതുവരെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് മറ്റ് നടപടികൾ ഒന്നുമുണ്ടായിട്ടില്ല. ബിൽഡിങ്ങിലെ ഏറ്റവും മുകളിലെ നിലയിൽ നാല് മുറികളും താഴെ നിലയിൽ ക്യാഷ് കൗണ്ടറും സ്റ്റോർ റൂമും അടക്കം രണ്ട് മുറികളുമാണുള്ളത്.
ഈ കെട്ടിടം ഏത് നിമിഷവും ഒഴിഞ്ഞു കൊടുക്കേണ്ടതിനാൽ പുതിയ വാടക കെട്ടിടം നോക്കുന്നുണ്ട്. 20000ത്തിൽ അധികം ഉപയോക്താക്കളുള്ള വലിയ സെക്ഷൻ ഓഫിസ് ആയ കെ.എസ്.ഇ.ബി ഓഫിസും മറ്റും അധികൃതർ അടിയന്തര ശ്രദ്ധ നൽകി എല്ലാ സൗകര്യങ്ങളോട് കൂടിയും നിലനിർത്തണമെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.