ഭിന്നശേഷിക്കാരനായ വ്യക്തിയുടെ ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കി എൻ.എസ്.എസ് വളന്റിയർമാർ
text_fieldsകുന്ദമംഗലം: ഭിന്നശേഷിക്കാരനായ വ്യക്തിയുടെ ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കി പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് വളന്റിയർമാർ. കാലുകൾക്ക് ചലനശേഷി ഇല്ലാതെ വീൽചെയറിൽ കഴിയുന്ന പൂവാട്ടുപറമ്പ് സ്വദേശിയായ മാലിക്ക് എന്ന വ്യക്തി നിർമിച്ച കുടകളും പേനകളുമാണ് വിപണിയൊരുക്കി വിറ്റഴിച്ചത്.
അധ്യാപകരുടെ അവധിക്കാല പരിശീലനം നടക്കുന്ന സ്കൂളുകളിലും തുല്യത പരീക്ഷയുടെ മൂല്യനിർണയം നടന്ന സ്കൂളിലും പെരിങ്ങൊളം സ്കൂളിലും ഒരുക്കിയ സ്റ്റാളുകളിലായി 33,840 രൂപയുടെ കുടകളും പേനകളും വിറ്റഴിച്ചു. മാലിക് 2007ൽ ഉംറക്ക് പോയി തിരിച്ചുവരുമ്പോൾ കാറപകടത്തിൽ നട്ടെല്ലിന് ക്ഷതമേൽക്കുകയായിരുന്നു. വീൽചെയറിൽ കഴിയുന്ന മാലിക് മാതാവിന്റെയും ഭാര്യയുടെയും കൂടെയാണ്. കുടകൾ നിർമിച്ച് വിൽക്കുക മാത്രമാണ് ഇദ്ദേഹത്തിന്റെ ഉപജീവനം.
സ്കൂൾ പ്രിൻസിപ്പൽ എൻ. ഇന്ദു അദ്ദേഹത്തിന്റെ വീട്ടിലെത്തി തുക കൈമാറി. ഭിന്നശേഷിക്കാരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ പ്രയാസപ്പെടുന്ന സമയത്ത് എൻ.എസ്.എസ് വളന്റിയർമാരുടെ ഈ ഉദ്യമത്തിന് അധ്യാപകരിൽനിന്നും പൊതുജനങ്ങളിൽനിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്.
പ്രോഗ്രാം ഓഫിസർ രതീഷ് ആർ. നായർ, വളന്റിയർ ലീഡേഴ്സായ പി.കെ. അമാൻ അഹമ്മദ്, പി. ശ്രേയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുന്നു. കുടകൾക്കും പേനകൾക്കുമായി മാലിക്കിനെ പൊതുജനങ്ങൾക്കും ബന്ധപ്പെടാം. ഫോൺ നമ്പർ: 8907236410.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.