പന്തീർപ്പാടം @ 43
text_fieldsകുന്ദമംഗലം: പത്താംമൈൽ പന്തീർപ്പാടം ആയിട്ട് 43 വർഷം. ദേശീയപാതയിൽ വയനാട് ഭാഗത്തേക്ക് പോകുമ്പോൾ കുന്ദമംഗലം കഴിഞ്ഞു അടുത്ത അങ്ങാടിയാണ് പന്തീർപ്പാടം. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മതപരവും രാഷ്ട്രീയവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളുമൊക്കെയാണ് ചില പേരുകളുടെ പിറവിക്ക് പിന്നിലെങ്കില്‍ ചിലതിന് ഇതൊന്നുമായിരിക്കില്ല കാരണങ്ങള്‍. അന്നൊക്കെ മൈൽ തിരിച്ചാണ് മിക്കവാറും സ്ഥലങ്ങളുടെ പേരുകൾ അറിയപ്പെടുന്നത്.
പിന്നീട് പല സ്ഥലങ്ങളുടെയും പേരുകൾ നാട്ടുകാർ മാറ്റി. അങ്ങനെയാണ് എട്ടാം മൈൽ കാരന്തൂർ എന്നും ഒമ്പതാം മൈൽ കുന്ദമംഗലം എന്നും അറിയപ്പെടാൻ തുടങ്ങിയത്. 1980ലാണ് പത്താം മൈൽ എന്ന സ്ഥലത്തിന് ഒരു പേരിടണമെന്ന ആലോചന വരുന്നത്. അക്കാലത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഖാലിദ് കിളിമുണ്ടയും പൊതുപ്രവർത്തകൻ കെ.സി. നായരുമാണ് പുതിയ പേരിനായി ചർച്ച തുടങ്ങിയത്.
ഇവരുടെ നേതൃത്വത്തിൽ പത്താംമൈലിൽ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പത്തോളം പേരുകൾ ഉയർന്നു വന്നു. ഈ പേരുകളിൽ നിന്ന് അനിയോജ്യമായ പേര് തിരഞ്ഞെടുക്കാൻ ഒമ്പതംഗ സബ്കമ്മിറ്റി ഉണ്ടാക്കുകയും അതിൽ നിന്ന് പന്തീർപ്പാടം എന്ന പേര് തിരഞ്ഞെടുക്കുകയുമായിരുന്നു.
തുടർന്ന് 1980 ഡിസംബർ 27ന് ചേർന്ന സർവകക്ഷി യോഗത്തിൽ പത്താംമൈലിന് പന്തീർപ്പാടം എന്ന പേരിടാൻ തീരുമാനമെടുത്തു. പിന്നീട് അത് നോട്ടീസ് അടിച്ച് പരസ്യപ്പെടുത്തുകയും ചെയ്തു. സർക്കാറിൽ നിന്ന് പേരിന് ഔദ്യോഗിക അംഗീകാരം കിട്ടുകയും ചെയ്തു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും മറ്റ് രേഖകളിലും പന്തീർപ്പാടം എന്ന് അംഗീകരിക്കപ്പെട്ടു.
പേരുമാറ്റുന്നതിന് അന്ന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഖാലിദ് കിളിമുണ്ട ഓർക്കുന്നു. പത്താംമൈൽ എന്ന പേര് മാറ്റേണ്ടെന്നും പന്തീർപ്പാടം എന്നല്ല മറ്റ് പേരുകളാണ് വേണ്ടതെന്നുമുള്ള രീതിയിൽ എതിർപ്പുകളും കൈയേറ്റം ചെയ്യാൻ വരെയുള്ള ശ്രമങ്ങും ഉണ്ടായെന്ന് ഖാലിദ് കിളിമുണ്ട പറഞ്ഞു.
പേരിടാൻ ഉണ്ടായിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല. തൊട്ടടുത്ത പതിനൊന്നാം മൈലിന് പതിമംഗലം എന്ന പേരിട്ടത് പന്തീർപ്പാടം എന്ന പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് ഇവർ പറയുന്നു. ജില്ലയിലും മറ്റും നിരവധി സ്ഥലങ്ങൾക്ക് മൈൽ അടിസ്ഥാനത്തിൽ പേരുകൾ ഇപ്പോഴുമുണ്ട്. പന്തീർപ്പാടം എന്ന പേരിടാൻ മുൻനിരയിൽ ഉണ്ടായിരുന്ന കെ.കെ. മുഹമ്മദ് എന്നയാൾ അന്ന് കുറിക്കല്യാണത്തിന് കത്തുകൾ എഴുതാറുണ്ടായിരുന്നു.
ഒരു കുറിക്കല്യാണത്തിന്റെ കത്തിൽ പന്തീർപ്പാടം എന്ന അഡ്രസ്സ് എഴുതിയതിനാൽ അതുമായി ബന്ധപ്പെട്ടവരുടെ എതിർപ്പ് മൂലം മൊത്തം കത്തുകളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഇദ്ദേഹത്തിന്റെ തന്നെ കുറിക്കല്യാണ കത്തിലാണ് ആദ്യമായി പന്തീർപ്പാടം എന്നെഴുതിയത്. എന്നാൽ, പത്താംമൈൽ എന്നു വിളിക്കുന്നവർ ഇപ്പോഴുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.