സ്ഥിരം അപകട മേഖല; മുക്കം റോഡിലെ കലുങ്ക് നിർമാണം ഇഴയുന്നു
text_fieldsകുന്ദമംഗലം: മുക്കം റോഡിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കലുങ്ക് നിർമാണം ഇഴയുന്നു. പണിയുടെ മുന്നോടിയായി റോഡിന്റെ ഇരു വശത്തും ബോർഡ് വെച്ച് ടാർ വീപ്പകൾ നിരത്തിയിട്ടിട്ട് മാസങ്ങളായി. ‘വർക് ഇൻ പ്രോഗ്രസ്’ ബോർഡ് ഇപ്പോഴും ഉണ്ടെങ്കിലും പ്രവൃത്തി നടന്നിട്ട് കാലങ്ങളായെന്ന് നാട്ടുകാർ പറയുന്നു. പഴയ തകർന്ന കലുങ്ക് പുനർനിർമാണത്തിനുള്ള പണിയാണ് ഇവിടെ നടക്കുന്നത്. സ്ഥിരം അപകട മേഖലയായ ഈ സ്ഥലത്തിനടുത്താണ് തിങ്കളാഴ്ച അപകടത്തിൽ സ്കൂട്ടർ യാത്രികനായ ഷാജി മരണപ്പെട്ടത്.
റോഡിന്റെ ഇരു ഭാഗത്തും ടാർ വീപ്പകൾ വെച്ചതിനാൽ വേഗത്തിൽ വരുന്ന വലിയ വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ റോഡിന്റെ നടുവിലേക്ക് എടുക്കുകയും എതിരെ വരുന്ന ചെറുവാഹനങ്ങൾക്ക് റോഡരികിലേക്ക് മാറ്റാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് അപകട സാധ്യത കൂട്ടുന്നു. ഇവിടെ റോഡരികിൽ കലുങ്കിന്റെ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇവിടേക്ക് വാഹനങ്ങളും കാൽനട യാത്രക്കാരും വീഴാതിരിക്കാൻ ടാർ വീപ്പകൾ നിരത്തി വെച്ചിട്ടുണ്ട്.
നടന്നു പോകുന്നവർക്ക് വാഹനങ്ങൾ വരുമ്പോൾ മാറി നിൽക്കാൻ പോലും സ്ഥലമില്ല. ഇരു ഭാഗത്തും ടാർ വീപ്പകൾ വെച്ചതിനാൽ റോഡ് ഇടുങ്ങിയ നിലയിലാണ്. വലിയ വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹനങ്ങൾക്കും അരികിലേക്ക് മാറാൻ കഴിയില്ല. രാത്രി കാലങ്ങളിൽ കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഇത് വഴിയുള്ള സഞ്ചാരം പ്രയാസമാണ്. ചെറിയ മഴ പെയ്താൽ പോലും ദിവസങ്ങളോളം ഇവിടെ വെള്ളക്കെട്ടാണ്. ഇതോടെ അപകട സാധ്യത കൂടുന്നു.
മഴ പെയ്യുമ്പോൾ കലുങ്കിന്റെ മുകളിലെ ഭാഗത്തുള്ള റോഡിൽ നിന്ന് വെള്ളവും ചളിയും കുത്തിയൊലിച്ചുവന്ന് പ്രധാന റോഡിൽ കെട്ടി നിൽക്കുന്നത് പതിവാണ്. നിരവധി തവണ പി.ഡബ്ല്യു.ഡി ഓഫിസിൽ നേരിട്ട് പോയി പറഞ്ഞിട്ടും അധികാരികളുമായി ബന്ധപ്പെട്ടിട്ടും കഴിഞ്ഞ ഒരു വർഷത്തോളമായി നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് അംഗം സി.എം. ബൈജു പറഞ്ഞു.
കലുങ്ക് നിർമാണം വേഗത്തിൽ പൂർത്തിയാക്കി അപകടസാധ്യത ഇല്ലാതാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.