സ്ഥിരമായി ജൽജീവൻ പൈപ്പ് പൊട്ടുന്നു; പൊറുതിമുട്ടി ജനങ്ങൾ
text_fieldsകുന്ദമംഗലം: വരിയട്ട്യാക്ക്-ചാത്തൻകാവ് റോഡിൽ സ്ഥിരമായി കുടിവെള്ള പൈപ്പ് പൊട്ടുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. ഏഴ് തവണയാണ് ഒരേ സ്ഥലത്ത് പൈപ്പ് പൊട്ടുന്നത്. വലിയ തോതിലാണ് വെള്ളം പുറത്തേക്ക് പോകുന്നത്. കുടിവെള്ള പൈപ്പിന്റെ പ്രധാന ലൈൻ ആയതിനാൽ പൈപ്പ് പൊട്ടുമ്പോൾ അധികൃതർ ലൈൻ ഓഫാക്കും.
ഇതോടെ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും വെള്ളം കിട്ടാതാവുന്നു എന്നാണ് ജനങ്ങളുടെ പരാതി. മഴക്കാലത്തും പൈപ്പ് വെള്ളത്തിനെ ആശ്രയിച്ചു മാത്രം കഴിയുന്ന നിരവധി കുടുംബങ്ങളുണ്ടിവിടെ. പുതുതായി ടാറിങ് കഴിഞ്ഞ പ്രദേശത്തെ റോഡ് സ്ഥിരമായി വെള്ളം ഒലിച്ച് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കാൽനടക്കാരും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെടാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ മുന്നറിയിപ്പ് ബോർഡ് വെച്ചിട്ടുണ്ട്.
ഇതിന് മുമ്പ് പൈപ്പ് പൊട്ടിയ സമയത്ത് ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ജൽജീവൻ പദ്ധതിയുടെ പ്രധാന ലൈൻ ആയതിനാൽ വെള്ളത്തിന്റെ പ്രഷർ കൂടുതൽ ആണെന്നും അതുകൊണ്ടാണ് ഇടക്കിടെ പൈപ്പ് പൊട്ടുന്നതെന്നുമാണ് അധികൃതർ പറയുന്നതെന്ന് വാർഡ് അംഗം പറയുന്നു. വാട്ടർ അതോറിറ്റി ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് എത്രയും വേഗത്തിൽ പരിഹരിക്കണമെന്നും വാർഡ് അംഗം സി.എം. ബൈജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.